Mathrubhumi Logo
  TM JCACOB

ഇല്ല, നമ്മള്‍ പിരിയേണ്ടവരല്ല Posted on: 31 Oct 2011

നാല് പതിറ്റാണ്ട് നീണ്ട ആത്മബന്ധത്തിന്റെ നിമിഷങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് മന്ത്രി കെ.എം. മാണി
ടൗണ്‍ഹാളിലെ നിശ്ശബ്ദതയില്‍ വെച്ച് ടി.എം.ജേക്കബ്ബിനെ കണ്ടപ്പോള്‍ ഞാന്‍ ഓര്‍ത്തത് പതിറ്റാണ്ടുകള്‍ മുമ്പുള്ള ഒരു പകലാണ്. അന്ന് മാര്‍ ഇവാനിയോസിലെ കാമ്പസ് കാലത്തിന്റെ മധ്യാഹ്നത്തിലായിരുന്നു ആ ചെറുപ്പക്കാരന്‍. യുവത്വം മുഖത്തുമാത്രമായിരുന്നില്ല, നാക്കിലും നോട്ടത്തിലും നടപ്പിലും ചിന്തയിലുമെല്ലാം തിളച്ചുനിന്നു. കണ്ടമാത്രയില്‍ ആ യൗവനതീക്ഷ്ണതയാണ് എന്നെ ആകര്‍ഷിച്ചത്. കെ.എസ്.സി.യുടെ യൂണിറ്റ് പ്രസിഡന്റായിരുന്നു ജേക്കബ്ബ് അന്ന്. നേതൃവാസനകൊണ്ട് ശ്രദ്ധേയന്‍. സംഘാടനശേഷിയില്‍ കേമന്‍. പ്രവര്‍ത്തനത്തിലെ ചുറുചുറുക്കിനാല്‍ ജേക്കബ്ബ് തന്റെ ഭാവി എങ്ങനെയായിരിക്കുമെന്ന് മറ്റുള്ളവര്‍ക്ക് കാട്ടിക്കൊടുത്തു.
അംഗീകരിക്കപ്പെടേണ്ടതായിരുന്നു ആ കര്‍മ്മശേഷി. അതുകൊണ്ടുതന്നെ ജേക്കബ്ബിനു നേര്‍ക്ക് കൈനീട്ടാന്‍ മടിയുണ്ടായില്ല. യഥാര്‍ഥത്തില്‍ ഉയരങ്ങളിലേക്കുള്ള ക്ഷണം കൂടിയായിരുന്നു അത്. പിന്തുണയുടെ ഒരു കൈത്തലം, അതു മതിയായിരുന്നു ജേക്കബ്ബിന്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ എനിക്ക് അതില്‍ സന്തോഷമേയുണ്ടായിരുന്നുള്ളൂ. പാര്‍ട്ടി പ്രസിഡന്റിന്റെ ചുമതലയിലേക്ക് ആ ചെറുപ്പക്കാരന്‍ ചുവടുവെയ്ക്കുമ്പോള്‍ പിന്നില്‍ വാത്സല്യത്തോടെ കണ്ടുനില്‍ക്കുകയായിരുന്നു ഞാന്‍. അതേ വികാരമായിരുന്നു എന്നും എനിക്ക് ജേക്കബ്ബിനോട്. ജേക്കബ്ബിന്റെ പിതാവിന്റെ കാലംതൊട്ടേ അദ്ദേഹത്തിന്റെ കുടുംബവുമായി എനിക്ക് അടുത്ത ആത്മബന്ധമുണ്ടായിരുന്നു. ജേക്കബ്ബിന്റെ ഭാര്യ ഡെയ്‌സിയുടെ കുടുംബത്തോടും അതേ തീവ്രതയിലുള്ള ഹൃദയബന്ധം സൂക്ഷിച്ചിരുന്നു. ജേക്കബ്ബ് ഡെയ്‌സിയെ വിവാഹം ചെയ്തതോടെ കേരളകോണ്‍ഗ്രസ് എന്ന വലിയ വൃക്ഷം രണ്ടു വീടുകള്‍ക്കു മീതേ സ്‌നേഹത്തിന്റെ തണല്‍ വിരിക്കുന്നതിന് ഞാന്‍ സന്തോഷത്തോടെ സാക്ഷിയായി.
കെ.എസ്.സി.യില്‍നിന്ന് യൂത്ത് ഫ്രണ്ടിന്റെ നേതൃസ്ഥാനത്തേക്ക് ജേക്കബ്ബ് വളരെ പെട്ടെന്ന് വളര്‍ന്നു. ചിട്ടയായ പ്രവര്‍ത്തനം കൊണ്ട് സംഘടനയ്ക്കാകെ മാതൃകയാവുകയായിരുന്നു അദ്ദേഹം. യൂത്ത്ഫ്രണ്ടിന് ജേക്കബ്ബിന്റെ യുവത്വവും നേതൃപാടവവും വളര്‍ച്ചയുടെ ഊടും പാവുമായി. 1977ല്‍ പിറവത്തുനിന്ന് നിയമസഭയിലേക്ക് ജേക്കബ്ബിനെ രംഗത്തിറക്കുമ്പോള്‍ ആ കഴിവിന് അംഗീകാരത്തിന്റെ ടിക്കറ്റ് കൊടുക്കുകയായിരുന്നു പാര്‍ട്ടി. ചോരയിലെ പോരാട്ടവീര്യത്തില്‍ ആദ്യ മത്സരം തന്നെ സ്വന്തം പേരിലെഴുതിയ ജേക്കബ്ബ് പിന്നെ മൂന്നു പതിറ്റാണ്ടുകാലം നിയമസഭയില്‍ തിളങ്ങുന്ന നക്ഷത്രങ്ങളിലൊരാളായി. കാര്യങ്ങള്‍ പഠിച്ച് അവതരിപ്പിക്കുന്നതായിരുന്നു ജേക്കബ്ബിന്റെ ശൈലി. എന്തും തനിക്കുമാത്രം സ്വന്തമായ രീതിയിലാണ് അദ്ദേഹം നിയമസഭയ്ക്ക് പരിചയപ്പെടുത്തിയിരുന്നത്. ബില്ലുകളുടെ കാര്യത്തില്‍ പ്രത്യേക താത്പര്യമുണ്ടായിരുന്നു ജേക്കബ്ബിന്. വിരസമായ ബില്‍ചര്‍ച്ചകളെപ്പോലും ജേക്കബ്ബിലെ സാമാജികന്‍ വാക്കുകള്‍കൊണ്ടുണര്‍ത്തി. പ്രതിപക്ഷത്തിരിക്കുമ്പോഴായിരുന്നു അദ്ദേഹം കൂടുതല്‍ ആക്രമണോത്സുകനായത്. തെളിമയാര്‍ന്ന തെളിവുകളും വജ്രമൂര്‍ച്ചയുള്ള വാദമുഖങ്ങളും കൊണ്ട് താന്‍ പറയുന്നതിനെ സ്ഥാപിച്ചെടുക്കാന്‍ ജേക്കബ്ബിന് കഴിഞ്ഞു.
മന്ത്രിയെന്ന നിലയില്‍ കൈകാര്യം ചെയ്ത വകുപ്പുകളിലെല്ലാം ജേക്കബ്ബ് അതുല്യമായ വിരല്‍പ്പാട് പതിപ്പിച്ചു. പ്രഗത്ഭന്‍ എന്ന വാക്കുകൊണ്ടല്ലാതെ ജേക്കബ്ബിലെ മന്ത്രിയെ വിശേഷിപ്പിക്കാനാകില്ല. ജലസേചനമന്ത്രിയായിരുന്നപ്പോള്‍ മൂവാറ്റുപുഴ റിവര്‍വാലി പ്രോജക്ട് വേഗത്തിലാക്കിയതിലൂടെ ജനങ്ങളുടെ സ്വപ്നങ്ങളെയാണ് ജേക്കബ്ബ് നട്ടുനനച്ചത്. വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോള്‍ പ്രീഡിഗ്രിബോര്‍ഡ് എന്ന വിപ്ലവകരമായ മാറ്റത്തിന് ആദ്യക്ഷരം കുറിച്ചു. പ്രതിപക്ഷം അതിനെ കണ്ണുമടച്ച് എതിര്‍ത്തു, ആക്രമിച്ചു. പക്ഷേ, അവര്‍ ഭരണത്തിലെത്തിയപ്പോള്‍ പ്രീഡിഗ്രി ബോര്‍ഡിന്റെ വീര്യത്തെപ്ലസ്ടു എന്ന പുതിയ കുപ്പിയില്‍ അവതരിപ്പിക്കുകയാണുണ്ടായത്.
നാലുപതിറ്റാണ്ടുനീണ്ട ആത്മബന്ധത്തിനിടയില്‍ ജേക്കബ്ബിന്റെ പാര്‍ട്ടിമാത്രമാണ് വേര്‍പെട്ടുപോയത്. ഞങ്ങള്‍ക്കിടയിലെ സ്‌നേഹം ഒരിക്കലും പിളര്‍ന്നില്ല. ഇടക്കാലത്ത് അകന്നുപോയ ശേഷം വീണ്ടും ഞങ്ങള്‍ ഒരുമിച്ചു. പിന്നെയും പിരിഞ്ഞു. പക്ഷേ, എപ്പോള്‍ പിരിഞ്ഞാലും ഐക്യത്തിനുവേണ്ടിയുള്ള ആത്മാര്‍ഥമായ ആഗ്രഹം ഞങ്ങള്‍ക്കിടയില്‍ ബാക്കിനില്‍ക്കും.
നിയമസഭയില്‍ ജേക്കബ് എഴുന്നേല്‍ക്കുമ്പോള്‍ എതിരാളികള്‍ നിശ്ശബ്ദരാകുന്നത് എത്രയോ തവണ കണ്ടിരിക്കുന്നു. രാഷ്ട്രീയ എതിരാളികള്‍ വര്‍ഷങ്ങളോളം വേട്ടയാടിയ ഒരാരോപണത്തില്‍ യാതൊരു കഴമ്പുമില്ലെന്ന സുപ്രീംകോടതിയുടെ ഉത്തരവ് അറിഞ്ഞിട്ടാണ് അഗ്‌നിശുദ്ധി വരുത്തി ജേക്കബ് യാത്രയായത്.
എന്‍.സി.സി. കേഡറ്റായിരുന്ന ടി.എം.ജേക്കബ് അച്ചടക്കം ജീവിതത്തിലുടനീളം സൂക്ഷിച്ചിരുന്നു. സിനിമ കാണാനും ഡയറി എഴുതാനും കമ്പം കാണിച്ചിരുന്ന ജേക്കബിന്റെ വ്യക്തിജീവിതത്തിന് ഒരുപാട് പ്രത്യേകതകളുണ്ടായിരുന്നു.
20 ലക്ഷം പേര്‍ക്ക് ഒരു രൂപയ്ക്ക് അരിയും നൂറുദിവസം കൊണ്ട് അഞ്ചേമുക്കാല്‍ ലക്ഷം റേഷന്‍ കാര്‍ഡുകളും വിതരണം ചെയ്ത് ചരിത്രത്തില്‍ മായാത്ത കൈയൊപ്പ് ചാര്‍ത്തിയാണ് എന്റെ പ്രിയപ്പെട്ട അനിയന്‍ യാത്രയായത്. ജേക്കബിന് പകരം വെയ്ക്കാന്‍ നമുക്കിനിയാരാണുള്ളത്?
ഞായറാഴ്ച എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങുന്നതിനായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നില്‍ക്കുമ്പോഴാണ് ജേക്കബ്ബിന്റെ വിയോഗവാര്‍ത്തയറിഞ്ഞത്. ഉടന്‍ ആസ്പത്രിയിലേക്ക് തിരിച്ചു. അവിടെ ശാന്തനായി ഉറങ്ങുകയായിരുന്നു എന്റെ പ്രിയ സുഹൃത്ത്. ആസ്പത്രിയില്‍ നിന്ന് ടൗണ്‍ഹാളിലേക്കും പിറവത്തേക്കും ഒപ്പം യാത്രചെയ്യുമ്പോള്‍ ഞാന്‍ ഓര്‍ത്തത് പലപ്പോഴും ജേക്കബ്ബ് പറഞ്ഞിരുന്ന വാചകങ്ങളാണ്. ''നമ്മള്‍ ഒരിക്കലും പിരിയേണ്ടവരല്ല, എന്നും ഒന്നിച്ചുനില്‍ക്കേണ്ടവരാണ് '' - അത് ഒരു ആത്മഗതംപോലെ എപ്പോഴും ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നു. ഇപ്പോള്‍ ജേക്കബ്ബ് പിരിയുകയാണ്, എന്നേക്കുമായി. എങ്കിലും പ്രിയ സ്‌നേഹിതാ... ആ ആത്മഗതം എന്നില്‍ ബാക്കിയാകുന്നു. ഹൃദയത്തില്‍ നമ്മള്‍ എന്നും ഒന്നിച്ചുതന്നെ...
-തയ്യാറാക്കിയത് ശരത്കൃഷ്ണ





ganangal TM JACOB ADARANJALI


മറ്റു വാര്‍ത്തകള്‍

  12 3 »
T.M JACOB PHOTOGALLERY T.M.JACOB PHOTOGALLERY2
Discuss