Mathrubhumi Logo
  TM JCACOB

ഭാവനാസമ്പന്നനായ രാഷ്ട്രീയ പോരാളി

ആര്‍.ഹരികുമാര്‍ Posted on: 31 Oct 2011

പ്രഗത്ഭനായ മന്ത്രി, മികച്ച സഭാസാമാജികന്‍, ജനകീയ നേതാവ് ..... മായാത്ത സ്മൃതി ചിത്രങ്ങള്‍ ബാക്കിയാക്കി മറയുകയാണ് ടി.എം.ജേക്കബ്

തിരുവനന്തപുരം: ജലസേചനം, വിദ്യാഭ്യാസം, സാംസ്‌കാരികം, ഭക്ഷ്യസിവില്‍ സപ്ലൈസ്, രജിസ്‌ട്രേഷന്‍ എന്നീ വകുപ്പുകളുടെ ഭരണച്ചുമതല വഹിച്ചിരുന്നുവെങ്കിലും ഒരു ഭരണാധികാരി എന്ന നിലയില്‍ ടി.എം.ജേക്കബിന്റെ മുദ്രപതിഞ്ഞുകിടക്കുന്നത് വിദ്യാഭ്യാസവകുപ്പില്‍തന്നെയാണ്. ചില ഭരണപദ്ധതികള്‍ അവയുടെ ഉപജ്ഞാതാക്കളുടെ പേരില്‍ അറിയപ്പെടുകയെന്നത് ഭരണതലത്തില്‍ പുതുമയുള്ള കാര്യമല്ല. അടിയന്തരാവസ്ഥയും ഇരുപതിന പരിപാടിയുമെല്ലാം പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേരുമായി ബന്ധപ്പെട്ടും ലക്ഷംവീട് പദ്ധതി എം.എന്‍.ഗോവിന്ദന്‍നായരുടെ പേരുമായി ബന്ധപ്പെട്ടുമാണ് നമ്മുടെ ഓര്‍മയിലെത്തുക. അതുപോലെതന്നെ പ്രീഡിഗ്രിബോര്‍ഡ് സംവിധാനത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ടി.എം.ജേക്കബ് എന്ന വിദ്യാഭ്യാസമന്ത്രിയായിരിക്കും ആദ്യം നമ്മുടെ മനസ്സിലെത്തുക.
ശക്തമായ വിദ്യാര്‍ഥി പ്രക്ഷോഭവും പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പും പ്രീഡിഗ്രിബോര്‍ഡിനെ വിവാദ ബിന്ദുവാക്കി മാറ്റിയെങ്കിലും ഭരണാധികാരിയെന്ന നിലയില്‍ ടി.എം.ജേക്കബിനെ അത് ശ്രദ്ധേയനാക്കുകയാണ്‌ചെയ്തത്.
മുമ്പ് പ്രീഡിഗ്രിബോര്‍ഡിനെ എതിര്‍ത്ത എല്‍.ഡി.എഫ്.തന്നെ തുടര്‍ന്നുവന്ന തങ്ങളുടെ ഭരണകാലത്ത് പ്രീഡിഗ്രിബോര്‍ഡ് 'പ്ലസ്ടു' എന്ന് പേരുമാറ്റി വീണ്ടും കൊണ്ടുവന്നപ്പോള്‍, വീണ്ടും ശ്രദ്ധേയനായത് ടി.എം.ജേക്കബ് അല്ലാതെ മറ്റാരുമായിരുന്നില്ല.പ്രീഡിഗ്രിബോര്‍ഡില്‍ മാത്രം ഒതുങ്ങുന്നതല്ല വിദ്യാഭ്യാസവകുപ്പിലെ ടി.എം.ജേക്കബിന്റെ സംഭാവനകള്‍. കോട്ടയം ആസ്ഥാനമായ എം.ജി. സര്‍വകലാശാല, സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തെ ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയാക്കിമാറ്റിയത്, യൂത്ത്‌വെല്‍ഫെയര്‍ ബോര്‍ഡ്, ഫോക്‌ലോര്‍ അക്കാദമി, തിരുവനന്തപുരത്തെ പ്ലാനറ്റോറിയം തുടങ്ങിയവയിലെല്ലാം ടി.എം.ജേക്കബിന്റെ വിരല്‍പ്പാടുകള്‍ പതിഞ്ഞിട്ടുണ്ട്. നെടുമ്പാശ്ശേരി വിമാനത്താവളം യാഥാര്‍ഥ്യമാക്കുന്നതിന് അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരന്റെ പിന്നില്‍ ശക്തമായ പിന്തുണ നല്‍കിയതും ടി.എം. ജേക്കബ് ആയിരുന്നു.
വിദ്യാഭ്യാസവകുപ്പില്‍ മാത്രമല്ല സാംസ്‌കാരികവകുപ്പിലും ടി.എം.ജേക്കബ് തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. എഴുത്തച്ഛന്‍ പുരസ്‌കാരം, സ്വാതി പുരസ്‌കാരം, ഫാല്‍ക്കെ അവാര്‍ഡ് മാതൃകയില്‍ ജെ.സി.ഡാനിയല്‍ അവാര്‍ഡ് എന്നിവ ഏര്‍പ്പെടുത്തിയത് ടി.എം.ജേക്കബ് സാംസ്‌കാരികവകുപ്പിന്റെ ചുമതല വഹിച്ചിരുന്ന കാലത്തായിരുന്നു. ഇതിനുപുറമെ കേരളത്തില്‍ ആദ്യമായി ഒരു ജലനയം കൊണ്ടുവന്നതും അദ്ദേഹം ജലസേചനമന്ത്രിയായ കാലത്തുതന്നെ.
1977, 80, 82, 87, 91, 96, 2001, 2011 എന്നീ വര്‍ഷങ്ങളില്‍ നിയമസഭയിലെത്തിയ ടി.എം. ജേക്കബ് 2006-ല്‍ പരാജയപ്പെട്ടു. ഏറ്റവും ഒടുവില്‍ 2011-ല്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ടി.എം.ജേക്കബിന് ലഭിച്ചത് ഭക്ഷ്യം, രജിസ്‌ട്രേഷന്‍ എന്നീ വകുപ്പുകളാണ്. ഭക്ഷ്യമന്ത്രിയായി ചുമതലയേറ്റശേഷം 100 ദിവസങ്ങള്‍ക്കുള്ളില്‍ കെട്ടിക്കിടന്ന റേഷന്‍കാര്‍ഡിനുള്ള മൂന്നുലക്ഷം അപേക്ഷകളില്‍ തീര്‍പ്പാക്കിയത് ഉള്‍പ്പെടെ മൊത്തം അഞ്ചു ലക്ഷം റേഷന്‍കാര്‍ഡുകള്‍ നല്‍കാന്‍ കഴിഞ്ഞത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനുപുറമെ അപേക്ഷ നല്‍കി 24 മണിക്കൂറുകള്‍ക്കകം റേഷന്‍കാര്‍ഡ് ലഭ്യമാക്കുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നു. പുതിയ സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മപരിപാടിയില്‍ ശ്രദ്ധിക്കപ്പെട്ട പ്രധാന ഭരണനടപടിയും ഇതായിരുന്നു.
ഭരണാധികാരി എന്ന നിലയില്‍ മാത്രമല്ല നിയമസഭാ സാമാജികനെന്ന നിലയിലും ഇതര നേതാക്കള്‍ക്കിടയില്‍ മിന്നിയ താരമായിരുന്നു ടി.എം.ജേക്കബ്. കേരളം കണ്ട 'മികച്ച' നിയമസഭാ സാമാജികനാണ് ടി.എം.ജേക്കബെന്ന് മുന്‍ മുഖ്യമന്ത്രി സി.അച്യുതമേനോന്റെ പ്രശംസമാത്രം മതി അദ്ദേഹത്തിന്റെ നിയമസഭാപ്രവര്‍ത്തനത്തിന്റെ മഹത്വം മനസ്സിലാക്കാന്‍. പൊതുവെ മിതഭാഷിയും പ്രശംസിക്കുന്നതില്‍ അങ്ങേയറ്റം ലുബ്ധനുമായിരുന്ന അച്യുതമേനോന്റെ പ്രശംസ ടി.എം.ജേക്കബ് പിടിച്ചുപറ്റിയത് എതിര്‍ രാഷ്ട്രീയചേരിയില്‍ നിലയുറപ്പിച്ചുകൊണ്ടാണെന്നതാണ് മറ്റൊരു ശ്രദ്ധേയമായ വസ്തുത.
മൂന്നു പതിറ്റാണ്ടുകാലം നിയമസഭാംഗവും ഒന്നര ദശാബ്ദത്തോളം മന്ത്രിയുമായിരുന്ന ടി.എം.ജേക്കബിന്റെ രാഷ്ട്രീയജീവിതം എന്നും വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. കേരള കോണ്‍ഗ്രസ്സുകളുടെ ആഭ്യന്തര രാഷ്ട്രീയത്തിലും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും എതിരാളികളോട് പോരാടിയാണ് ടി.എം.ജേക്കബ് തന്റെ രാഷ്ട്രീയ ഭൂമിക ഉറപ്പിച്ചത്.





ganangal TM JACOB ADARANJALI


മറ്റു വാര്‍ത്തകള്‍

  12 3 »
T.M JACOB PHOTOGALLERY T.M.JACOB PHOTOGALLERY2
Discuss