Mathrubhumi Logo
  TM JCACOB

ജനനായകന് ഇന്ന് അന്ത്യയാത്ര...

Posted on: 31 Oct 2011



കൊച്ചി: മന്ത്രിയും മികച്ച സാമാജികനുമെല്ലാമായി നാല് ദശാബ്ദത്തിലധികം, രാഷ്ട്രീയമണ്ഡലത്തില്‍ നിറസാന്നിധ്യമായിരുന്ന അന്തരിച്ച ടി.എം. ജേക്കബിന് ചൊവ്വാഴ്ച കേരളം യാത്രാമൊഴിയേകും. രാവിലെ പത്തിന് മന്ത്രി ടി.എം. ജേക്കബിന്റെ തറവാടായ കൂത്താട്ടുകുളം വാളിയപ്പാടം താണികുന്നേല്‍ വീട്ടില്‍ ശവസംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന ചടങ്ങുകള്‍ക്ക് സഭയിലെ മുഴുവന്‍ മെത്രാപ്പോലീത്തമാരും സഹകാര്‍മികരാവും.

തുടര്‍ന്ന് ഇടവക പള്ളിയായ ആട്ടിന്‍കുന്ന് സെന്‍റ് മേരീസ് പള്ളിയിലേക്ക് മൃതദേഹം വിലാപയാത്രയായി കൊണ്ടുപോകും. ദേവാലയത്തില്‍ നടക്കുന്ന ശുശ്രൂഷകള്‍ക്ക് വൈദികശ്രേഷ്ഠര്‍ നേതൃത്വം നല്‍കും. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് ശവസംസ്‌കാരച്ചടങ്ങ് നടക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ മുഴുവന്‍ മന്ത്രിമാരും വിവിധ വകുപ്പ് മേധാവികളും ചടങ്ങിനെത്തും.

പള്ളിയങ്കണത്തില്‍ സേനാ വിഭാഗത്തിന്റെ ഔദ്യോഗിക ആചാരങ്ങള്‍ ഉണ്ടാകും.

നിരവധി വിവിഐപികള്‍ ശവസംസ്‌കാര ച്ചടങ്ങിനെത്തുന്നതിനാല്‍ പൂര്‍ണമായ സുരക്ഷാക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. താണികുന്നേല്‍ തറവാട്ട് വീട്, വീട് മുതല്‍ ആട്ടിന്‍കുന്ന് സെന്‍റ് മേരീസ് പള്ളിവരെയുള്ള ഒരു കി.മീ. ദൂരം റോഡ്, ദേവാലായാങ്കണം എന്നീ സ്ഥലങ്ങള്‍ കനത്തസുരക്ഷാ വലയത്തിലാണ്.

തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് ടി.എം. ജേക്കബിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ലേക്‌ഷോര്‍ ആസ്പത്രിയില്‍ നിന്ന് ടൗണ്‍ഹാളിലേക്ക് പുറപ്പെട്ടത്. മൃതദേഹം ആംബുലന്‍സിലേക്ക് കയറ്റുംമുമ്പ് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അന്ത്യശുശ്രൂഷയുടെ ആദ്യഘട്ടം നല്‍കി. തുടര്‍ന്ന് പതിനൊന്ന് മണിയോടെ മൃതദേഹം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിനുവച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ അവിടെ അദ്ദേഹത്തിന് അന്തിമോപചാരമര്‍പ്പിച്ചു. മന്ത്രിമാരും എംഎല്‍എമാരും ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തി. അനുശോചനമര്‍പ്പിച്ച് സഭ പിരിഞ്ഞതിനെ തുടര്‍ന്ന് തിരുവനന്തപുരത്തുനിന്നുള്ള എംഎല്‍എമാരുടെ സംഘം പ്രത്യേക വാഹനത്തില്‍ കൊച്ചിയിലെത്തി പ്രണാമം അര്‍പ്പിച്ചു. ഉച്ചയ്ക്ക് രണ്ടരയോടെ പ്രത്യേകം തയ്യാറാക്കിയ വാഹനത്തില്‍ ടി.എം. ജേക്കബിന്റെ മൃതദേഹം ജന്മനാടായ പിറവത്തേക്ക് കൊണ്ടുപോയി. സ്വന്തം മണ്ഡലത്തിലേക്കുള്ള അന്ത്യയാത്രയില്‍ പാതയോരങ്ങളില്‍ കാത്തുനിന്നവര്‍ പ്രിയനേതാവിന് കണ്ണീര്‍പ്പൂക്കള്‍ അര്‍പ്പിച്ചു.

രാത്രി എട്ട് മണിയോടെയാണ് വിലാപയാത്ര പിറവത്തെത്തിയത്. സെന്‍റ് ജോസഫ്‌സ് ഹൈസ്‌കൂളില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹം അവസാനമായി കാണാന്‍ നാട്ടുകാര്‍ ഒഴുകിയെത്തി. ഇടയ്ക്കിടെ പെയ്ത മഴയിലും ടി.എം. ജേക്കബിനോടുള്ള നാടിന്റെ സ്‌നേഹം തണുത്തില്ല. രാത്രി ഏറെ വൈകിയാണ് ജേക്കബിന്റെ മൃതദേഹം വാളിയപ്പാടത്തേക്കുള്ള തറവാട്ട് വീട്ടിലേക്ക് കൊണ്ടുപോയത്. അവിടേയും വന്‍ജനാവലി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.



ganangal TM JACOB ADARANJALI


മറ്റു വാര്‍ത്തകള്‍

  12 3 »
T.M JACOB PHOTOGALLERY T.M.JACOB PHOTOGALLERY2
Discuss