Mathrubhumi Logo
  TM JCACOB

പിറവം ഉപതിരഞ്ഞെടുപ്പിലേക്ക്

Posted on: 31 Oct 2011

കൊച്ചി: തീപാറുന്ന പോരാട്ടങ്ങള്‍ക്ക് സ്ഥിരം വേദിയായിട്ടുള്ള പിറവം ഇനി ഉപ തിരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കും. നിയമസഭയില്‍ യു.ഡി.എഫിന്റെ ഭൂരിപക്ഷം മൂന്നിന്റെ ബലത്തില്‍ മാത്രമായിരിക്കെ, പിറവത്ത് നടക്കാന്‍ പോകുന്ന ഉപ തിരഞ്ഞെടുപ്പ് ഇരു മുന്നണികള്‍ക്കും അഗ്‌നിപരീക്ഷണമാകും. നിയമസഭയിലെ അംഗബലം തുലാസിലായതിനാല്‍ വേഗത്തില്‍ തന്നെ പിറവത്ത് ഉപ തിരഞ്ഞെടുപ്പ് നടത്തേണ്ടതായി വരും.

2006-ല്‍ യു.ഡി.എഫിന് കൈവിട്ടുപോയ മണ്ഡലം 2011-ല്‍ ടി.എം. ജേക്കബ് തിരിച്ചുപിടിച്ചപ്പോള്‍, ഭൂരിപക്ഷം 157 വോട്ടിന്റേതു മാത്രമായിരുന്നു. നേരിയ മാര്‍ജിനില്‍ എല്‍.ഡി.എഫിനേയും യു.ഡി.എഫിനേയും പുല്‍കിയിട്ടുള്ള മണ്ഡലത്തില്‍ ജയം നിശ്ചയിക്കുന്ന ഘടകം സ്ഥാനാര്‍ത്ഥിയുടെ വ്യക്തിപ്രഭാവം തന്നെയായിരിക്കും.

കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് ചെയര്‍മാന്‍ മുന്‍ എം.എല്‍.എ. ജോണി നെല്ലൂരിന്റേയും ടി.എം. ജേക്കബ്ബിന്റെ മകന്‍ യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ട് അഡ്വ. അനൂപ് ജേക്കബ്ബിന്റേയും പേരുകളായിരിക്കും യു.ഡി.എഫില്‍ നിന്ന് പ്രധാനമായും ഉയര്‍ന്നുവരിക. എങ്ങനെയും സീറ്റ് നിലനിര്‍ത്തേണ്ടത് യു.ഡി.എഫിന്റെ ആവശ്യമാണ്. പിറവത്തിന്റെ വികസന നായകന്‍ എന്ന നിലയില്‍ പേരെടുത്തിട്ടുള്ള ടി.എം. ജേക്കബ്ബിന്റെ കുടുംബത്തില്‍ നിന്നുള്ള ഒരാള്‍ക്കായിരിക്കും ജയ സാധ്യത കൂടുതല്‍ എന്നതിനാല്‍ യു.ഡി.എഫ്. അത്തരമൊരു തീരുമാനത്തിനായിരിക്കും മുന്‍തൂക്കം നല്‍കുക. ടി.എം. ജേക്കബ്ബിന്റെ ഭാര്യ, ഫെഡറല്‍ ബാങ്ക് സീനിയര്‍ മാനേജര്‍ ഡെയ്‌സി ജേക്കബ്ബിനെ മത്സരരംഗത്തിറക്കാനായാല്‍ വലിയ പ്രയാസം കൂടാതെ തന്നെ മണ്ഡലം നിലനിര്‍ത്താന്‍ കഴിയുമെന്ന് യു.ഡി.എഫ്. നേതാക്കള്‍ വിശ്വസിക്കുന്നുണ്ട്.

ഇടതുമുന്നണിക്ക് പിറവത്ത് മത്സരിപ്പിക്കാന്‍ കഴിയുന്ന ഏറ്റവും നല്ല സ്ഥാനാര്‍ത്ഥി എം.ജെ. ജേക്കബ് തന്നെയാണ്. 2006-ലെ തിരഞ്ഞെടുപ്പില്‍ മണ്ഡലം യു.ഡി.എഫില്‍ നിന്ന് പിടിച്ചെടുത്ത അദ്ദേഹം, അത് നിലനിര്‍ത്താനായി ദീര്‍ഘമായ നിയമ പോരാട്ടമാണ് നടത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അവസാന നിമിഷം വരെ യു.ഡി.എഫിനെ മുള്‍മുനയില്‍ നിര്‍ത്തിയാണ് നേരിയ ഭൂരിപക്ഷത്തിന് അദ്ദേഹം കീഴടങ്ങിയത്. തിരഞ്ഞെടുപ്പിനു ശേഷം സി.പി.എം. ജില്ലാ നേതൃത്വവുമായി ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടായെങ്കിലും പിന്നീടത് പരിഹരിക്കാന്‍ കഴിഞ്ഞതിനാല്‍ എം.ജെ. ജേക്കബ്ബിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പ്രശ്‌നങ്ങളൊന്നുംഉണ്ടായേക്കില്ല.



ganangal TM JACOB ADARANJALI


മറ്റു വാര്‍ത്തകള്‍

  12 3 »
T.M JACOB PHOTOGALLERY T.M.JACOB PHOTOGALLERY2
Discuss