Mathrubhumi Logo
  TM JCACOB

മകളുടെ രോഗത്തില്‍ ദുഃഖിച്ച്‌

Posted on: 31 Oct 2011

കോട്ടയം: 'അങ്കിളേ, അച്ചാച്ചന്‍ രക്ഷപ്പെടും'- രണ്ടുദിവസം മുമ്പ് ടി.എം.ജേക്കബിന്റെ മകള്‍ അമ്പിളി എറണാകുളം ലേക്ക്‌ഷോര്‍ ആസ്പത്രിയില്‍നിന്ന് ഫോണില്‍ പി.സി.ജോര്‍ജിനോട് പറഞ്ഞ വാക്കുകള്‍. ഇതു പറഞ്ഞുകൊണ്ട് അമ്പിളി ഫോണ്‍ ജേക്കബിന് കൊടുക്കുകയും ചെയ്തു.
'ഇപ്പോള്‍ കുഴപ്പമില്ല, നല്ല സുഖമുണ്ട്. രണ്ടുദിവസത്തിനകം ഞാന്‍ തിരുവനന്തപുരത്തെത്തും. നീ പേടിക്കേണ്ട' എന്നുപറഞ്ഞ് ജേക്കബ് ചിരിക്കുകയും ചെയ്തു.
ഈ വാക്കുകള്‍ ഓര്‍ത്ത് പി.സി.ജോര്‍ജ് സങ്കടംകൊണ്ടു. അമ്പിളി അസുഖബാധിതയായി ലേക്ക്‌ഷോറില്‍ ചികിത്സയിലായിട്ട് കുറച്ചുദിവസമായി. പ്രാണനെപ്പോലെ സ്‌നേഹിച്ച മകളുടെ അസുഖം ജേക്കബിനെ വല്ലാതെ തളര്‍ത്തിയിരുന്നു. മകളുടെകൂടെ ആസ്പത്രിയില്‍ നില്‍ക്കുന്നതിനിടെയാണ് ജേക്കബിന് അസുഖം കൂടിയത്.
'തിരക്കുകാരണം ആസ്പത്രിയില്‍ പോകാനൊത്തില്ല. ഇടയ്ക്കിടെ വിളിച്ചിരുന്നു. എന്റെ ഭാര്യ ഉഷയും മകന്‍ ചാക്കോച്ചനും ആസ്പത്രിയില്‍ ചെന്നപ്പോഴാണ് അമ്പിളി തിരിച്ചുവിളിച്ച് കുഴപ്പമില്ലെന്ന് പറഞ്ഞത്. അമ്പിളി മകളെപ്പോലെയായിരുന്നു എനിക്കും. 1982-ല്‍ എം.എല്‍.എ. ആയിരുന്നപ്പോള്‍ ജേക്കബ് മന്ത്രിയായിരുന്നു. അന്ന് അവള്‍ കൊച്ചുകുട്ടിയാണ്. എപ്പോഴും എം.എല്‍.എ. ഹോസ്റ്റലില്‍ എന്റെ മുറിയില്‍ വരും. കൂടപ്പിറപ്പുകളെ പോലെയായിരുന്നു ഞങ്ങള്‍. കുടുംബവുമായും അത്രയ്ക്ക് ബന്ധമായിരുന്നു. നാല് പതിറ്റാണ്ടോളം നീണ്ട ഓര്‍മകളാണ് ജേക്കബിനെക്കുറിച്ച് എന്റെ മനസ്സില്‍. 70കളില്‍ ഇരുവരും കെ.എസ്.സി. ഭാരവാഹികളായിരുന്നപ്പോള്‍ മുതലുള്ള ഗാഢബന്ധം. ഒരുമിച്ച് പോസ്റ്ററൊട്ടിച്ചും മരത്തില്‍ക്കയറി ബാനര്‍ കെട്ടിയുമൊക്കെ നടന്ന കാലം. അന്ന് ജേക്കബ് മാര്‍ ഈവാനിയോസില്‍ പഠിക്കുന്നു, ഞാന്‍ തേവര എസ്.എച്ചിലും. നാലുരൂപയുടെ ജപ്പാന്‍ ബ്ലാക്ക് വാങ്ങി ചുവരെഴുത്തൊക്കെ തന്നത്താന്‍ നടത്തും. ജേക്കബിന്റേത് ഉഗ്രന്‍ കൈയക്ഷരമായിരുന്നു.
പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ജേക്കബും ഞാനും ജോസഫിനോടൊപ്പമായിരുന്നു. 87-ല്‍ ജേക്കബ് മാണിസാറിനോടൊപ്പം പോയി. അന്ന് ഓഫീസില്‍ നേരിട്ടുപോയി മുഖത്തുനോക്കി ചീത്തപറഞ്ഞു. പക്ഷേ, തിരിച്ചൊരക്ഷരവും ജേക്കബ് പറഞ്ഞില്ല. അല്ലെങ്കിലും ജേക്കബ് ഒരിക്കലും തിരിച്ചൊന്നും പറയാറില്ല.
ഞാന്‍ മാണിയോടൊപ്പം ചേര്‍ന്നപ്പോള്‍ ജേക്കബിന് ഇഷ്ടമായില്ല. പക്ഷേ, എന്തൊക്കെയായാലും ഞങ്ങളുടെ പിണക്കം ഒരാഴ്ചയിലധികം നീണ്ടിട്ടില്ല.
കുരിയാര്‍കുട്ടി- കാരപ്പാറ കേസില്‍ നിരപരാധിയാണെന്ന് സുപ്രിംകോടതി വിധി വന്നതുമുതല്‍ ജേക്കബ് വളരെ വളരെ സന്തോഷത്തിലായിരുന്നു. ആ വിഷയത്തില്‍ ജേക്കബിന്റെ നിരപരാധിത്വത്തെക്കുറിച്ച് എനിക്ക് ഉത്തമവിശ്വാസമുണ്ട്. കെ. കൃഷ്ണന്‍കുട്ടി എം.എല്‍.എ. സബ്ജക്ട് കമ്മിറ്റിയില്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ആ പദ്ധതി തുടങ്ങാന്‍ ജേക്കബ് മുന്‍കൈയെടുത്തത്.
ബില്ലുകള്‍ തയ്യാറാക്കുന്നതിലും നിയമസഭാ സമാജികനെന്ന നിലയിലുള്ള പ്രവര്‍ത്തനത്തിലും ജേക്കബിനെപ്പോലെ മികവുകാട്ടിയ അധികമാരും കേരളത്തിലുണ്ടായിട്ടില്ല. ഭരണാധികാരിയെന്ന നിലയിലുള്ള ദീര്‍ഘവീക്ഷണവും അനുപമമായിരുന്നു. പ്രീഡിഗ്രി ബോര്‍ഡ് തന്നെ ഏറ്റവും നല്ല ഉദാഹരണം. അന്നത് യാഥാര്‍ത്ഥ്യമായെങ്കില്‍ എന്തെല്ലാം പ്രശ്‌നങ്ങള്‍ ഒഴിവാകുമായിരുന്നു.
ഏത് വകുപ്പായാലും ജേക്കബിന് കരതലാമലകമായിരുന്നു. ഏറ്റവും ഒടുവില്‍ സിവില്‍ സപ്ലൈസ് മന്ത്രിയായി ഒരു രൂപയ്ക്ക് അരി 100 ദിവസം കൊണ്ട് 20 ലക്ഷം കുടുംബങ്ങള്‍ക്ക് നല്‍കി. 18 ലക്ഷം കുടുംബങ്ങള്‍ക്ക് രണ്ടു രൂപയ്ക്ക് അരിയും നല്‍കി. ജേക്കബിന് മാത്രം കഴിയുന്ന കാര്യങ്ങളാണതൊക്കെ.
എം.ജി. സര്‍വകലാശാലയും ജേക്കബിന്റെ സംഭാവനയാണ്. എന്റെ മണ്ഡലത്തിലും സ്‌കൂളുകള്‍ തന്നു. ജേക്കബിന്റെ വേര്‍പാട് സംസ്ഥാനത്തിനും പാര്‍ലമെന്ററി ജനാധിപത്യത്തിനും കനത്ത നഷ്ടമാണ്. പകരംവയ്ക്കാന്‍ കഴിയാത്ത വ്യക്തിത്വം'.



ganangal TM JACOB ADARANJALI


മറ്റു വാര്‍ത്തകള്‍

  12 3 »
T.M JACOB PHOTOGALLERY T.M.JACOB PHOTOGALLERY2
Discuss