Mathrubhumi Logo
  TM JCACOB

രാഷ്ട്രീയ താരകം

ആര്‍. ഹരികുമാര്‍ Posted on: 31 Oct 2011

കേരളം കണ്ട ഏറ്റവും മികച്ച നിയമസഭാ സാാജികനെന്ന് ടി.എം. ജേക്കബിനെ വിശേഷിപ്പിച്ചത് മറ്റാരുമല്ല-സാക്ഷാല്‍ സി. അച്യുതമേനോന്‍ തന്നെ. 1957-ല്‍ നിലവില്‍ വന്ന ഒന്നാം കേരള നിയമസഭ മുതല്‍ ഇങ്ങോട്ടുള്ള എല്ലാ നിയമസഭകളിലും പ്രവേശിച്ച സാമാജികരുടെ സഭയിലെ പ്രകടനം വിലയിരുത്തിയശേഷമായിരുന്നു സി. അച്യുതമേനോന്റെ ഈ നിരീക്ഷണം.

പൊതുവേ മിതഭാഷിയായിരുന്ന അച്യുതമേനോന്‍ മറ്റുള്ളവരെ പ്രശംസിക്കുന്നതില്‍ അത്ര ധാരാളിയായിരുന്നില്ല. എന്നാല്‍ ആ അച്യുതമേനോനില്‍ നിന്നും ഏത് യുവസാമാജികനും കൊതിക്കുന്ന പ്രശംസ ടി.എം.ജേക്കബിനെ തേടിയെത്തിയതിന് പിന്നിലെ രഹസ്യം മറ്റൊന്നുമല്ല, ടി.എം. ജേക്കബിന്റെ കഠിനാധ്വാനവും ബുദ്ധിവൈഭവവും തന്നെ.

വളരുംതോറും പിളരുകയും പിളരുംതോറും വളരുകയും ചെയ്യുന്ന അപൂര്‍വ പ്രതിഭാസമായ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്രതിനിധിയായാണ് ഈ അപൂര്‍വ നേട്ടം ടി.എം. ജേക്കബ് കൈവശപ്പെടുത്തിയതെന്നതാണ് മറ്റൊരു പ്രത്യേകത.

പിറവത്തുനിന്നും 1977-ല്‍ നിയമസഭയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെടുമ്പോള്‍ ജേക്കബിന് പ്രായം 26. അന്ന് സഭയിലെ ബേബി. എന്നാല്‍ ഈ പരിചയക്കുറവ് സഭാനടപടികളില്‍ സജീവമായി പങ്കെടുക്കുന്നതിന് ജേക്കബിന് വിലങ്ങുതടിയായി മാറിയില്ല. നിയമനിര്‍മ്മാണമടക്കമുള്ള സഭാ നടപടികളില്‍ ജേക്കബ് നിഷ്ണാതനായതിന് പിന്നില്‍ നിരന്തരമായ കഠിനാധ്വാനം തന്നെ. നിയമസഭാ ലൈബ്രറിയില്‍ നിന്നും എടുത്ത പുസ്തകങ്ങള്‍, വായിച്ച പഴയ രേഖകള്‍, സഭാനടപടിചട്ടങ്ങള്‍ എല്ലാം പരതിയുമാണ് ഇന്നത്തെ നിലയിലേക്കുള്ള വളര്‍ച്ച ജേക്കബ് സാധ്യമാക്കിയത്.

നിയമസഭാംഗമായി മൂന്ന് പതിറ്റാണ്ട് പിന്നിട്ടശേഷവും ഈ പതിവിന് മാറ്റമില്ല. പി.എ.മാരെക്കൊണ്ടും സഹായികളെക്കൊണ്ടും ചോദ്യങ്ങളും ബില്ലുകള്‍ക്കുള്ള ഭേദഗതികളും തയ്യാറാക്കുന്ന ശീലം അന്നും ഇന്നും ജേക്കബനില്ല. ഉദ്യോഗസ്ഥര്‍ തയ്യാറാക്കുന്ന ഉത്തരം അതേപടി സഭയില്‍ ഉരുവിട്ട് സഭയില്‍ തടിതപ്പുന്ന രീതിയും അദ്ദേഹത്തിനില്ല. ചോദ്യങ്ങള്‍ ലഭിച്ചാല്‍ അവയുടെ ഉത്തരങ്ങള്‍ മാത്രമല്ല വീണ്ടും ഉന്നയിക്കപ്പെടാന്‍ സാധ്യതയുള്ള ഉപചോദ്യങ്ങളുടെ ഉത്തരങ്ങള്‍ കൂടി നല്‍കാന്‍ അദ്ദേഹം ഉദ്യോഗസ്ഥരോട് നിര്‍ദേശിക്കും. ഈ രീതിയില്‍ ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും സര്‍വസജ്ജനായി എത്തുന്ന ടി. എം. ജേക്കബിന്റെ അടിതെറ്റിക്കാന്‍ ആര്‍ക്കുമായിട്ടില്ല.

കേരള നിയമസഭയില്‍ ഏതാണ്ട് മൂന്ന് പതിറ്റാണ്ട് അംഗമായിരുന്ന ഇദ്ദേഹം ഒട്ടേറെ റിക്കാര്‍ഡുകള്‍ തന്റെ പേരില്‍ സ്വന്തമാക്കിയാണ് അരങ്ങൊഴിയുന്നത്. ഇതില്‍ ചില റിക്കാര്‍ഡുകള്‍ ആര്‍ക്കും തകര്‍ക്കാനായിട്ടില്ല. ഒരേ വിഷയത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ് ഒരു ദിവസത്തെ ചോദ്യാത്തരവേള മുഴുവന്‍ വിനിയോഗിച്ച ഏക മന്ത്രി ടി.എം. ജേക്കബാണ്. 1986 ജൂണ്‍ 29 എന്നത് സഭാചരിത്രത്തില്‍ ടി.എം. ജേക്കബിന്റെ മാത്രം ദിവസമാണ്. പ്രീഡിഗ്രി ബോര്‍ഡിനെക്കുറിച്ചുള്ള 36 ചോദ്യങ്ങള്‍ക്കാണ് അന്ന് ജേക്കബ് മറുപടി നല്‍കിയത്.

ഇതിന് പുറമെ ഇതേ വിഷയത്തിലുള്ള അടിയന്തര പ്രമേയത്തിനും ശ്രദ്ധക്ഷണിക്കലിനും ഉപക്ഷേപത്തിനുമെല്ലാം മറുപടി നല്‍കിയതും ടി.എം. ജേക്കബ് തന്നെ.

നിയമസഭയില്‍ ജേക്കബ് സ്ഥാപിച്ച റിക്കാര്‍ഡുകള്‍ ഇനിയുമുണ്ട്. ജില്ലാ ഭരണകൂടബില്‍ ചര്‍ച്ചയുടെ ഭേദഗതികള്‍ അവതരിപ്പിച്ച് അദ്ദേഹം സംസാരിച്ചത് രണ്ടര മണിക്കൂറാണ്.

നാലുതവണ മന്ത്രിയായ അദ്ദേഹം വിദ്യാഭ്യാസം, സാംസ്‌കാരികം, ജലചേനം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തു. 1977, 80, 82, 87, 91, 96, 2001, 2011 എന്നീ വര്‍ഷങ്ങളില്‍ നിയമസഭയിലെത്തിയ അദ്ദേഹം 2006-ല്‍ പരാജയപ്പെട്ടു. ഒടുവില്‍ ഉമ്മന്‍ചാണ്ടിമന്ത്രിസഭയില്‍ ഭക്ഷ്യം, രജിസ്‌ട്രേഷന്‍ എന്നീ വകുപ്പുകളുടെ ചുമതലയാണ് വഹിച്ചിരുന്നത്.

മികച്ച നിയമസഭാ സാമാജികനുള്ള അവാര്‍ഡ്, മികച്ച ഭരണാധികാരിക്കുള്ള പൊന്നറ ഫൗണ്ടേഷന്‍ പുരസ്‌കാരം, മികച്ച പൊതുപ്രവര്‍ത്തകനുള്ള ദേശീയ ശ്രമവീര്‍ അവാര്‍ഡ് തുടങ്ങിയവ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.



ganangal TM JACOB ADARANJALI


മറ്റു വാര്‍ത്തകള്‍

  12 3 »
T.M JACOB PHOTOGALLERY T.M.JACOB PHOTOGALLERY2
Discuss