Mathrubhumi Logo
  TM JCACOB

കൂടണയും മുമ്പേ

ആര്‍. കെ. കുമാര്‍ Posted on: 31 Oct 2011

തിരുവനന്തപുരം: ക്ലിഫ് ഹൗസ് വളപ്പിലെ 'നെസ്റ്റ്' എന്ന വീട്ടുമുറ്റത്തേക്ക് അഞ്ചാം നമ്പര്‍ സ്റ്റേറ്റ് കാറില്‍ ഇനി ടി. എം. ജേക്കബ് വരില്ല.
31 ന് തിരുവനന്തപുരത്ത് കാണാമെന്ന് ജേക്കബ് അടുത്ത ചില പാര്‍ട്ടി നേതാക്കളോട് പറഞ്ഞിരുന്നു.
നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ അതില്‍ പങ്കെടുക്കണമെന്ന ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. ഈ സമ്മേളനകാലത്ത് സപ്തംബര്‍ 26 ന് ഭക്ഷ്യവകുപ്പിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ടി. എം. ജേക്കബ് തന്നെയാണ് മറുപടി പറഞ്ഞിരുന്നത്. പിന്നീട് ജേക്കബിന് പകരം മന്ത്രി കെ. ബി. ഗണേഷ്‌കുമാറാണ് സഭയില്‍ ചോദ്യാത്തരവേള കൈകാര്യം ചെയ്തത്. ഇടയ്ക്ക് ടി. എം. ജേക്കബ് വിദേശത്ത് വിദഗ്ദ്ധപരിശോധനയ്ക്ക് പോയപ്പോഴും ഭക്ഷ്യ വകുപ്പിന്റെ ചുമതല വഹിച്ചതും ഗണേഷായിരുന്നു. ഏറ്റവും അവസാനത്തെ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോഴും ഗണേഷിന്റെ കരം പിടിച്ചാണ് യാത്രയായത്.

ഇക്കുറി മന്ത്രിയായപ്പോള്‍ തന്നെ സ്വന്തം ആരോഗ്യ സ്ഥിതിയില്‍ ജേക്കബിന് കുണ്ഠിതമുണ്ടായിരുന്നു. എന്നാലും അത് സാരമാക്കിയില്ല.
ഏത് വകുപ്പായാലും വിഷയം നന്നായി പഠിച്ച് ഭരണം സുഗമമാക്കുക എന്ന ജേക്കബിന്റെ ശൈലിയോട് ഉദ്യോഗസ്ഥര്‍ക്ക് വലിയ മതിപ്പായിരുന്നു.

ഭക്ഷ്യവകുപ്പിന്റെ ചുമതല ഏറ്റെടുത്തപ്പോള്‍തന്നെ വകുപ്പിനെ കൂടുതല്‍ ജനകീയമാക്കുന്നതിനെക്കുറിച്ചാണ് അദ്ദേഹം ചിന്തിച്ചതെന്ന് പ്രൈവറ്റ് സെക്രട്ടറി കെ. രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. 100 ദിവസത്തെ കര്‍മ്മപരിപാടിയില്‍പ്പെടുത്തി കുടിശ്ശികയുണ്ടായിരുന്ന രണ്ട് ലക്ഷം റേഷന്‍കാര്‍ഡുകള്‍ വിനിയോഗം ചെയ്യാന്‍ തീരുമാനിച്ചു. 100 ദിനകര്‍മ്മപരിപാടി പൂര്‍ത്തിയായപ്പോള്‍ അഞ്ച് ലക്ഷം കാര്‍ഡുകളാണ് നല്‍കിയത്. ഇപ്പോള്‍ എല്ലാ രേഖകളും കൃത്യമാണെങ്കില്‍ അപേക്ഷിച്ച് 24 മണിക്കൂറിനുള്ളില്‍ റേഷന്‍കാര്‍ഡ് ലഭ്യമാക്കാന്‍ ഭക്ഷ്യ-സിവില്‍സപ്ലൈസ് വകുപ്പിന് കഴിയുന്നു. ഒരു രൂപ അരി വിതരണം കാര്യക്ഷമമാക്കാനും മന്ത്രി ജേക്കബ് പ്രത്യേകം ശ്രദ്ധിച്ചു.

30 വര്‍ഷത്തില്‍ ടി.എം. ജേക്കബ് അംഗമായ നിയമസഭയില്‍ പാസ്സാക്കിയിട്ടുള്ള നിയമങ്ങളില്‍ ജേക്കബിന്റെ സ്പര്‍ശമേല്‍ക്കാത്തവ വളരെ വിരളമാണ്.

മറ്റ് മന്ത്രിമാരെ നിയമനിര്‍മാണ കാര്യങ്ങളില്‍ സഹായിക്കുന്നതും ജേക്കബിന് ഇഷ്ടമുള്ള കാര്യമായിരുന്നു. എ.കെ.ആന്‍റണി മന്ത്രിസഭയില്‍ ജല വിഭവ മന്ത്രിയായിരുന്നു ജേക്കബ്. എന്നാല്‍ വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട നിയമനിര്‍മാണങ്ങളില്‍ അന്നത്തെ മന്ത്രി നാലകത്ത് സൂപ്പിക്ക് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്ന കാര്യം അപ്പോള്‍ സഭയില്‍ അംഗമായിരുന്നവരുടെ ഓര്‍മ്മയില്‍ തെളിഞ്ഞുനില്‍ക്കുന്നുണ്ട്.

വിദേശത്ത് നിന്ന് വിദഗ്ദ്ധ പരിശോധന കഴിഞ്ഞ് തിരിച്ചെത്തിയ ജേക്കബ് രാത്രി 11 മണിവരെയും സെക്രട്ടേറിയറ്റിലെ ഓഫീസില്‍ ഫയല്‍ നോക്കുക പതിവായിരുന്നു. പൂജാ അവധിക്ക് അദ്ദേഹം മണ്ഡലത്തില്‍ പോയി വലുതും ചെറുതുമായ ഒട്ടേറെ പരിപാടികളില്‍ പങ്കെടുത്തു. ആരോഗ്യംപോലും മറന്നുള്ള യാത്രകള്‍ കുറയ്ക്കണമെന്ന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കള്‍ ആവശ്യപ്പെട്ടിരുന്നു.

നിയമസഭാ സമ്മേളനത്തിനിടയ്ക്ക് വൈദ്യ പരിശോധനയ്ക്ക് ഒരു സ്വകാര്യ ആസ്പത്രിയിലെത്തിയപ്പോഴാണ് സഭയില്‍ വോട്ടെടുപ്പിനുള്ള മണിമുഴങ്ങിയ വിവരം അറിഞ്ഞത്. ഉടനെ നിയമസഭയിലേക്ക് ഓടിയെത്തിയ രംഗം സഹമന്ത്രിമാരില്‍ ചിലരെങ്കിലും ഓര്‍ക്കുന്നുണ്ട്. ആസ്പത്രിയിലായിരിക്കുമ്പോഴും ഭക്ഷ്യവകുപ്പിനെക്കുറിച്ച് നിയമസഭയില്‍ നല്‍കേണ്ട കുറിപ്പുകള്‍ ജേക്കബ് സ്വയം തയ്യാറാക്കി നല്‍കിയിരുന്നുവെന്നതും ശ്രദ്ധേയമാണ്.

സ്വന്തം പാര്‍ട്ടിയുടെ അടിത്തറ ശക്തമാക്കാനും ഇതിനിടയില്‍ അദ്ദേഹം സമയം കണ്ടെത്തി. 14 ജില്ലാസമ്മേളനങ്ങളുടെയും തീയതി നിശ്ചയിച്ചു. യൂത്ത് ഫ്രണ്ട് സമ്മേളനം നടത്തേണ്ട തീയതിയും കുറിച്ചു. പക്ഷേ നിയോഗം മറ്റൊന്നായിരുന്നു.
വീണ്ടും ക്ലിഫ് ഹൗസ് വളപ്പിലെ 'കൂട'ണയും മുമ്പേ മികച്ച ഭരണാധികാരികളിലൊരാളെ കേരളത്തിന് നഷ്ടമായി.




ganangal TM JACOB ADARANJALI


മറ്റു വാര്‍ത്തകള്‍

  12 3 »
T.M JACOB PHOTOGALLERY T.M.JACOB PHOTOGALLERY2
Discuss