Mathrubhumi Logo
  TM JCACOB

സാര്‍ത്ഥകമായ രാഷ്ട്രീയ ജീവിതം വിടവാങ്ങല്‍ രണ്ടാമൂഴത്തില്‍

Posted on: 31 Oct 2011

തിരുവനന്തപുരം: മൂന്നു പതിറ്റാണ്ടിലേറെ കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന ടി. എം. ജേക്കബ് സാര്‍ത്ഥകമായ ഒരധ്യായം പൂര്‍ത്തിയാക്കിയാണ് വിട വാങ്ങുന്നത്. ആറുതവണ എം. എല്‍. എയും നാല് തവണ മന്ത്രിയുമായ ജേക്കബ് ഒരു തിരിച്ചുവരവിലൂടെ വീണ്ടും രാഷ്ട്രീയ- ഭരണ രംഗത്ത് സജീവമായപ്പോഴാണ് മരണം അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോകുന്നത്. കെ. എസ്. സിയിലൂടെയാണ് അദ്ദേഹത്തിന്റെ തുടക്കം. നിയമപഠനകാലത്ത് കെ. എസ്. സി യുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും പ്രസിഡന്‍റുമായി. 1971 ല്‍ കെ.എസ്. സിയുടെ സംസ്ഥാന വൈസ് പ്രസിഡന്‍റായി. 72- 75ല്‍ അതിന്റെ സംസ്ഥാന പ്രസിഡന്‍റുമായി. തുടര്‍ന്ന്‌യൂത്ത് ഫ്രണ്ട് ജനറല്‍ സെക്രട്ടറി. 77 -ല്‍ ആദ്യമായി നിയമസഭയിലെത്തി. പിറവം മണ്ഡലത്തെ പ്രതിനിധീകരിച്ച് സഭയില്‍ എത്തിയ ജേക്കബിന് അന്ന് 26 വയസേയുണ്ടായിരുന്നുള്ളൂ. സഭയിലെ ബേബിയും ജേക്കബായിരുന്നു.
അഞ്ചാം നിയമസഭയില്‍ ഏറ്റവും പ്രായം കുറഞ്ഞവനായി എത്തിയ ജേക്കബ് സ്വപ്രയത്‌നത്താല്‍ സഭയിലെ ഏറ്റവും സമര്‍ത്ഥനായ അംഗമായി വളരുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഒരേ മുന്നണിയില്‍ നിന്നു തന്നെ കാല്‍ നൂറ്റാണ്ട് തുടര്‍ച്ചയായി അദ്ദേഹം സഭയില്‍ എത്തി. 1980,82,87 വര്‍ഷങ്ങളില്‍ കോതമംഗലത്തുനിന്നും 91,96,2001,2011 വര്‍ഷങ്ങളില്‍ പിറവത്തെ പ്രതിനിധീകരിച്ചും അദ്ദേഹം സഭയില്‍ നിറസാന്നിധ്യമായി. ആകെ ഒരേയൊരു തിരഞ്ഞെടുപ്പുപരാജയം. 2006 ല്‍ പിറവത്തുനിന്ന് എം. ജെ. ജേക്കബിനോടായിരുന്നു ആ പരാജയം. 82,91,2001,2011 വര്‍ഷങ്ങളിലാണ് ജേക്കബ് മന്ത്രിയായത്.
2011 ലെ പിറവത്തെ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരുന്നതുവരെ യു.ഡി.എഫ് നേതാക്കള്‍ അങ്കലാപ്പിലായിരുന്നു. സംസ്ഥാനത്ത് അവസാനം വന്ന ഫലമായിരുന്നു പിറവത്തേത്. 157 വോട്ടുകള്‍ക്കായിരുന്നു ജേക്കബ് ഇപ്രാവശ്യം ജയിച്ചുകയറിയത്. അത് നേരിയ ഭൂരിപക്ഷം മാത്രമുള്ള യു.ഡി.എഫിന് ഒരു കച്ചിത്തുരുമ്പായി.
എക്കാലവും യു.ഡി.എഫിനൊപ്പമായിരുന്നു ജേക്കബിന്റെ യാത്ര. കെ. എം. മാണിയും പി. ജെ. ജോസഫും യു.ഡി.എഫ് വിട്ട് ഇടക്കാലങ്ങളില്‍ ഇടതുപക്ഷത്ത് ചേക്കേറിയെങ്കിലും ജേക്കബ് ആ പരീക്ഷണത്തിന് മുതിര്‍ന്നിട്ടില്ല. അദ്ദേഹം സംയുക്ത കേരളാ കോണ്‍ഗ്രസിലും പിന്നീട് ജോസഫിനൊപ്പവും മാണി ഗ്രൂപ്പിലും നിലകൊണ്ടു. ഇടയ്ക്ക് കേരളാ കോണ്‍ഗ്രസുകളുടെ പതിവുരീതിയില്‍ സ്വന്തമായ കക്ഷിക്ക് രൂപം നല്‍കുകയും ചെയ്തു. അന്ന് പി. എം. മാത്യു, ജോണി നെല്ലൂര്‍, മാത്യു സ്റ്റീഫന്‍ എന്നിവര്‍ അദ്ദേഹത്തോടൊപ്പം നിന്നു.

2004 ല്‍ എ.കെ. ആന്‍റണി രാജിവെച്ച് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ ജേക്കബിന് മന്ത്രിസ്ഥാനം നിഷേധിച്ചു. തുടര്‍ന്ന് യു.ഡി.എഫുമായി അദ്ദേഹം അകന്നു. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കെ. കരുണാകരന് പിന്തുണ നല്‍കിയെന്നും കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരെ നിലകൊണ്ടെന്നുമായിരുന്നു അന്ന് അദ്ദേഹത്തിനെതിരെ ഉയര്‍ന്ന പരാതി. അതിന്റെ പരിണതഫലമായിരുന്നു മന്ത്രിസ്ഥാനം നിഷേധിക്കല്‍.
തുടര്‍ന്ന് നിയമസഭയില്‍ മിത്രങ്ങളായിരുന്നവര്‍ ശത്രുക്കളെപ്പോലെ ഏറ്റുമുട്ടി. ക്രമേണ യു.ഡി.എഫില്‍ നിന്ന് പുറത്തുകടന്ന ജേക്കബ് 2005 ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കെ.കരുണാകരന്‍ ഡി.ഐ.സി. രൂപവത്കരിച്ചപ്പോള്‍ അതില്‍ ചേര്‍ന്ന് പുതിയ രാഷ്ട്രീയ പരീക്ഷണത്തിന് തുടക്കമിട്ടു. യു.ഡി.എഫിനെതിരെ സ്ഥാനാര്‍ഥികളെ നിര്‍ത്തി മത്സരിപ്പിച്ചെങ്കിലും ആ പരീക്ഷണം വിജയമായിരുന്നില്ല. ഡി.ഐ.സി ക്കുമുമ്പില്‍ ഇടതുമുന്നണി വാതിലുകള്‍ അടച്ചപ്പോള്‍ 2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും യു.ഡി.എഫ് പാനലിലായിരുന്നു ഡി.ഐ.സിയുടെ മത്സരം.
പാളിയ രാഷ്ട്രീയ നീക്കങ്ങള്‍ അപ്രാവശ്യം ജേക്കബിന് തിരിച്ചടിയായി. അദ്ദേഹം ആദ്യമായി തിരഞ്ഞെടുപ്പ് ഗോദയില്‍ വീണു. കരുണാകരന്‍ എന്‍.സി.പിയിലൂടെ അടുത്തഘട്ട പരീക്ഷണത്തിലേക്ക് കടന്നെങ്കിലും ജേക്കബ് വഴിമാറി. പഴയ പാര്‍ട്ടി പുനരുജ്ജീവിപ്പിച്ചു. മെല്ലെ യു.ഡി.എഫിലേക്ക് മടങ്ങുകയും ചെയ്തു. ഒടുവില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരിക്കല്‍ കൂടി അദ്ദേഹം യു.ഡി.എഫിനായി രംഗത്തിറങ്ങുകയും കോട്ട കാക്കുകയും ചെയ്തു.
ജനാധിപത്യചേരിയില്‍ എന്നും നിലയുറപ്പിച്ച ജേക്കബ് കേരള കോണ്‍ഗ്രസില്‍ നിലനില്‍ക്കുമ്പോഴും അവരുടെ പല വഴക്കങ്ങളില്‍ നിന്നും അകന്നുനിന്നയാളായിരുന്നു. നന്നായി വിഷയങ്ങള്‍ പഠിക്കുക, അഭിഭാഷകന്റെ മികവോടെ അത് അവതരിപ്പിക്കുക, മികച്ച കരുനീക്കങ്ങള്‍ നടത്തുക എന്നീ കാര്യങ്ങളില്‍ അദ്ദേഹം മികവ് കാട്ടി. കരുണാകരന്‍ മന്ത്രിസഭയില്‍ പല കോണ്‍ഗ്രസ് മന്ത്രിമാരെക്കാളും മുഖ്യമന്ത്രിയില്‍ സ്വാധീനം ജേക്കബിനായിരുന്നുവെന്നത് ഭരണകക്ഷിയില്‍ അസ്വാരസ്യത്തിനുപോലും കാരണമായിരുന്നു. എന്നാല്‍ കരുണാകരന്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന വികാരം യു.ഡി.എഫില്‍ ശക്തമായപ്പോള്‍ അദ്ദേഹം ആ നീക്കത്തിനൊപ്പം അവസാനം നിന്നു.
2001 കാലത്ത് കരുണാകരന്‍ സ്വന്തം രാജ്യസഭാ സ്ഥാനാര്‍ഥിയെ നിര്‍ത്തി നേതൃത്വത്തെ വെല്ലുവിളിച്ചപ്പോള്‍ ജേക്കബ് അദ്ദേഹത്തോടൊപ്പം നിന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. വിമത സ്ഥാനാര്‍ഥി കോടോത്ത് ഗോവിന്ദന്‍ നായര്‍ക്ക് ലഭിച്ച വോട്ടിനൊപ്പം ജേക്കബിന്റെ വോട്ടുമുണ്ടെന്ന് ആരോപണം ഉയര്‍ന്നെങ്കിലും ജേക്കബ് അക്കാര്യങ്ങളില്‍ പരസ്യമായി പ്രതികരിക്കാന്‍ നിന്നില്ല.



ganangal TM JACOB ADARANJALI


മറ്റു വാര്‍ത്തകള്‍

  12 3 »
T.M JACOB PHOTOGALLERY T.M.JACOB PHOTOGALLERY2
Discuss