അരങ്ങൊഴിയുന്നത് അഴിമതിക്കേസില്‍ അഗ്‌നിശുദ്ധി വരുത്തി
Posted on: 31 Oct 2011

1998 മുതല്‍ തന്നെ വേട്ടയാടിക്കൊണ്ടിരുന്ന കുരിയാര്‍കുറ്റി - കാരപ്പാറ ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ സുപ്രീംകോടതിയില്‍ നിന്നും ടി. എം. ജേക്കബ് കുറ്റവിമുക്തനാക്കപ്പെട്ടത് രണ്ടുമാസം മുമ്പാണ്. ടി. എം. ജേക്കബടക്കം എട്ടുപേരെ കേസില്‍ നിന്നും ഒഴിവാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെയ്ക്കുകയായിരുന്നു. ജേക്കബിനും മറ്റു പ്രതികള്‍ക്കുമെതിരെ തെളിവുകള്‍ ഹാജരാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി വിധി പ്രസ്താവിച്ചത്.
കുരിയാര്‍കുറ്റി-കാരപ്പാറ കേസ്, പ്രഗത്ഭനായ ഭരണാധികാരിയെന്ന് പേരെടുത്ത ടി.എം. ജേക്കബിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരുന്നത്. തനിക്കെതിരെ രാഷ്ട്രീയ പ്രതിയോഗികള്‍ ഗൂഢലക്ഷ്യത്തോടെ കെട്ടിച്ചമച്ചതായിരുന്നു ഈ കേസ്സെന്ന നിലപാടാണ് ആദ്യം മുതല്‍ ടി.എം. ജേക്കബ് സ്വീകരിച്ചിരുന്നത്. എന്നാല്‍ അഴിമതിക്കേസ് തനിക്കെതിരായ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കപ്പെട്ടത് അദ്ദേഹത്തിന് വലിയ തലവേദനയായിരുന്നു. ഒടുവില്‍ ഒരു വ്യാഴവട്ടത്തിലേറെ നീണ്ട നിയമയുദ്ധത്തിനുശേഷമാണ് കോടതിയില്‍ നിന്നുതന്നെ അദ്ദേഹം കുറ്റവിമുക്തനാക്കപ്പെട്ടത്.