Mathrubhumi Logo
  Budget by Mani

സമഗ്രവികസനം ലക്ഷ്യമിടുന്ന ബജറ്റ് -രമേശ് ചെന്നിത്തല

Posted on: 09 Jul 2011

തിരുവനന്തപുരം: കേരളത്തിന്റെ സമഗ്രവികസനം മുന്നില്‍ക്കണ്ടുള്ള ബജറ്റാണ് യു.ഡി.എഫ്. സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നതെന്ന് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.

യു.ഡി.എഫിന്റെ പ്രകടനപത്രികയുടെ ചുവടുപിടിച്ച് 'വികസനവും കരുതലും' മുന്‍നിര്‍ത്തിയുള്ള നയപരിപാടികള്‍ക്കാണ് ബജറ്റില്‍ മുന്‍തൂക്കം കൊടുത്തിട്ടുള്ളത്. എല്‍.ഡി.എഫ്. ഭരണത്തിന്റെ ഫലമായി തകര്‍ന്നുകിടക്കുന്ന സംസ്ഥാനത്തിന്റെ സാമ്പത്തികനില പുനരുദ്ധരിക്കുക എന്ന ലക്ഷ്യത്തിലൂന്നിക്കൊണ്ടുള്ള നടപടികള്‍ക്കാണ് ബജറ്റില്‍ പ്രാഥമിക പരിഗണന.

കാര്‍ഷിക, വ്യാവസായിക മേഖലകളിലെ അഭിവൃദ്ധിക്ക് പ്രത്യേക പ്രാധാന്യം നല്‍കിക്കൊണ്ട് സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ച ത്വരിതപ്പെടുത്താനും പാര്‍ശ്വവല്‍ക്കൃത ജനവിഭാഗങ്ങളുടെ ഉന്നമനം ഊര്‍ജിതമാക്കാനും തൊഴില്‍രാഹിത്യത്തിന് പരിഹാരം കാണാനുമുള്ള ആത്മാര്‍ഥശ്രമങ്ങള്‍ ഈ ബജറ്റ് മുന്നോട്ടുവെയ്ക്കുന്നതായി കാണാം.

വാഗ്ദാനങ്ങള്‍ വെറും ജലരേഖകളായി പരിണമിക്കാതിരിക്കാനായി തികച്ചും യാഥാര്‍ഥ്യബോധത്തോടുകൂടിയുള്ള പ്രഖ്യാപനങ്ങള്‍ മാത്രമാണ് ബജറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിച്ചിട്ടുള്ളതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

കമ്മി കുറച്ചുകൊണ്ടുവരുന്നതിനും സംസ്ഥാനത്തെ ഭീകരമായ കടക്കെണിയിലാക്കാതിരിക്കുന്നതിനും ഉതകുന്ന സമതുലിതമായ ഒരു സാമ്പത്തിക സമീപനമാണ് ബജറ്റില്‍ സ്വീകരിച്ചിരിക്കുന്നത്. യു.ഡി.എഫ്. സര്‍ക്കാരിന്റെ വികസനലക്ഷ്യത്തിലൂന്നിയ ഭാവിപ്രയാണത്തിന്റെ ദിശാസൂചകമായി ഈ ബജറ്റിനെ കാണാമെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.




ganangal


മറ്റു വാര്‍ത്തകള്‍

  12 »