Mathrubhumi Logo
  Budget by Mani

വികസനവും ക്ഷേമവും ചേര്‍ന്ന ബജറ്റ് - വീരേന്ദ്രകുമാര്‍

Posted on: 09 Jul 2011

കല്പറ്റ: സുസ്ഥിര സാമ്പത്തിക വികസനവും, ഹൃസ്വകാല പ്രശ്‌നപരിഹാരവും സമന്വയിപ്പിച്ചുകൊണ്ടുള്ള സമഗ്രമായൊരു ബജറ്റാണ് ധനകാര്യമന്ത്രി കെ.എം. മാണി അവതരിപ്പിച്ചതെന്ന് സോഷ്യലിസ്റ്റ് ജനത സംസ്ഥാന പ്രസിഡണ്ട് എം.പി. വീരേന്ദ്രകുമാര്‍ പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ സാമ്പത്തിക കെടുകാര്യസ്ഥതയും, പല കാര്യങ്ങളിലുമുള്ള അവിദഗ്ദ്ധസമീപനവും സൃഷ്ടിച്ച വന്‍ കടക്കെണിയുടെ പരിമിതിയിലാണ് ധനമന്ത്രിയ്ക്ക് ബജറ്റ് അവതരിപ്പിക്കേണ്ടിവന്നത്. ഉടന്‍ തീര്‍ത്തുകൊടുക്കേണ്ട 2000 കോടിയുടെ ബാധ്യതയും, ഏതാണ്ട് 5000 കോടിയുടെ അധികബാധ്യതയും ഏറ്റെടുത്തപ്പോഴും, വികസനലക്ഷ്യങ്ങള്‍ കൃത്യമായി ബജറ്റ് നിര്‍ദ്ദേശങ്ങളില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിഞ്ഞുവെന്നത് നേട്ടമാണ്. വികസനക്ഷേമ നിര്‍ദ്ദേശങ്ങള്‍ സമന്വയിപ്പിച്ചത് ബജറ്റിന്റെ സവിശേഷതയാണ്.

ഏതാണ്ടെല്ലാ മേഖലകളെയും ബജറ്റ് വേണ്ടവിധം സ്പര്‍ശിച്ചിട്ടുണ്ട്. സമയബന്ധിത ബൈപാസ് നിര്‍മ്മാണം, വിഴിഞ്ഞം പദ്ധതിവിഹിതം, കൊച്ചിന്‍ മെട്രോ, സ്മാര്‍ട്ട് സിറ്റി പദ്ധതി തുടങ്ങിയ പശ്ചാത്തല വികസനപദ്ധതികള്‍, ദീര്‍ഘകാല കാഴ്ചപ്പാടുള്ളവയാണ്. റോഡുകള്‍, പാലങ്ങള്‍ എന്നിവയ്ക്കും വിലുപമായ നിര്‍ദ്ദേശങ്ങള്‍ ഉണ്ട്.

കാര്‍ഷികമേഖലയില്‍ ഇന്‍ഷ്വറന്‍സ്, പെന്‍ഷന്‍ തുടങ്ങിയവ സമന്വയിപ്പിച്ച സമഗ്രപദ്ധതി
ശ്രദ്ധേയമാണ്. ഭക്ഷ്യ-നാണ്യ വിളകള്‍ക്കെല്ലാം നീക്കിയിരിപ്പുകള്‍ ഇതിലുണ്ട്. ഉല്പാദനവികസനത്തില്‍ തരിശുഭൂമി വികസനത്തിന് മാണി ഊന്നല്‍ നല്‍കിയിട്ടുണ്ട്.

മത്സ്യമേഖല, ഭവനനിര്‍മ്മാണ പദ്ധതി എന്നിവയ്ക്കും, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയ്ക്കും ബജറ്റില്‍ പ്രാമുഖ്യമുണ്ട്. ആരോഗ്യമേഖലയില്‍ സാധാരണക്കാരനുതകുന്ന പദ്ധതികള്‍ ശ്രദ്ധേയമാണ്. ദരിദ്രര്‍ക്ക് രണ്ടുലക്ഷം രൂപക്കുള്ള ചികിത്സ സൗജന്യമാക്കിയത് പ്രധാനപ്പെട്ട നിര്‍ദ്ദേശമാണ്.

കഴിഞ്ഞ ബജറ്റ് തൊഴിലവസര സൃഷ്ടിയുടെ കാര്യത്തില്‍ തികഞ്ഞ അനാസ്ഥയാണ് പുലര്‍ത്തിയത്. ഈ ബജറ്റില്‍ അവയെല്ലാം പരിഹരിക്കാനുള്ള നിര്‍ദ്ദേശങ്ങളുണ്ട്. തൊഴില്‍ സൃഷ്ടിക്കായി 500 കോടി നീക്കി വെച്ച് ഒരുലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതാണ് അവയില്‍ പ്രധാനം. പരമ്പരാഗത ഖാദി, മത്സ്യമേഖലയുടെ വികസനത്തിലും ശ്രദ്ധിച്ചിട്ടുണ്ട്.
അത്യാവശ്യത്തിന് അധികവിഭവനടപടികളുണ്ടെങ്കിലും, സാധാരണ ജനത്തെ കാര്യമായി
ബാധിക്കുന്നില്ല. വികസനവും, ക്ഷേമപരിപാടികളും സമന്വയിപ്പിക്കാനും, അതേസമയം തന്നെ ഇടതുസര്‍ക്കാരിന്റെ സൃഷ്ടിയായ രൂക്ഷമായ ധനകമ്മിയെ കാര്യമായി നിയന്ത്രിക്കാനും സാധിച്ചത് ധനമന്ത്രിയുടെ നേട്ടമാണ്.
പ്രാദേശികാടിസ്ഥാനത്തിലെ വികസന പദ്ധതികള്‍, എല്ലാ ജില്ലകള്‍ക്കും ഏതാണ്ട് സമമാക്കി ഒരു സന്തുലിതാവസ്ഥ നേടാമായിരുന്നു എന്ന ഒരു നിര്‍ദ്ദേശമുണ്ട്. വടക്കന്‍ ജില്ലകളില്‍ പലതിനെയും വേണ്ടപോലെ പരിഗണിച്ചില്ലെന്ന പരാതി അവഗണിക്കാവുന്നതല്ല. പൊതുവെ യു.ഡി.എഫ്. സര്‍ക്കാരിന്റെ ഭരണ ലക്ഷ്യങ്ങള്‍ക്കനുസൃതമായ കാഴ്ചപ്പാടിലുള്ള ബജറ്റാണിത്.




ganangal


മറ്റു വാര്‍ത്തകള്‍

  12 »