Mathrubhumi Logo
  Budget by Mani

അസന്തുലിത ബജറ്റ് - വി. എസ്

Posted on: 09 Jul 2011

തിരുവനന്തപുരം: വികസന കാര്യത്തില്‍ അസന്തുലിതാവസ്ഥ തീര്‍ക്കുന്ന ബജറ്റാണ് ധനമന്ത്രി കെ. എം.മാണി അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ ആരോപിച്ചു. ആസൂത്രണ വീക്ഷണമില്ലാത്തതും ആത്മനിഷ്ഠമായി തയ്യാറാക്കിയിട്ടുള്ളതുമായ ബജറ്റ് കടുത്ത അതൃപ്തി ഉളവാക്കുന്നു. വികസനത്തിന്റെ കാര്യത്തില്‍ മേഖലകളും പ്രദേശങ്ങളും തമ്മിലുള്ള സന്തുലനം തകര്‍ത്തിരിക്കുകയാണ്. മുന്‍ സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റിലെ നിര്‍ദേശങ്ങള്‍ പുതിയതെന്ന രൂപത്തില്‍ അവതരിപ്പിക്കുകയാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ മറച്ചുവെയ്ക്കാന്‍ ഗവര്‍ണറുടെ നയപ്രഖ്യാപനത്തില്‍ നടത്തിയ ശ്രമം ബജറ്റ് പ്രസംഗത്തിലും തുടരുകയാണ്. വിലകുറഞ്ഞ രാഷ്ട്രീയ പ്രസംഗം ഗവര്‍ണറെക്കൊണ്ട് നടത്തിച്ചത് ഇക്കുറി മാണി സ്വയം ചെയ്തു. കഴിഞ്ഞ സര്‍ക്കാര്‍ അധികാരം ഒഴിയുമ്പോള്‍ ട്രഷറി കാലിയല്ലെന്ന് സമ്മതിച്ചത് നല്ല കാര്യം. ബജറ്റിന്റെ ആമുഖം മുഴുവന്‍ മുന്‍ സര്‍ക്കാരിനെതിരായ അവാസ്തവങ്ങളും അസംബന്ധങ്ങളുമാണ്.

ഭൂപരിഷ്‌കരണ നിയമത്തില്‍ കൈവെയ്ക്കാന്‍ യു.ഡി.എഫ്. സര്‍ക്കാര്‍ നീക്കം ആരംഭിച്ചുവെന്നതിന്റെ സൂചന ബജറ്റിലുണ്ടെന്ന് വി.എസ്. പറഞ്ഞു. തോട്ടങ്ങള്‍ എന്ന നിലയില്‍ ഭൂപരിധിയില്‍ നിന്ന് ഇളവു ലഭിച്ചത് ദുരുപയോഗം ചെയ്യാനാണ് ഈ നിര്‍ദേശം. ഭൂപരിധി നിയമം ലംഘിച്ച് ഭൂപരിഷ്‌കരണം അട്ടിമറിക്കാനുള്ള ശ്രമം അംഗീകരിച്ചുകൊടുക്കില്ല. ഒരു രൂപ നിരക്കില്‍ ഇരുപത് ലക്ഷം ബി.പി.എല്‍. കുടുംബങ്ങള്‍ക്ക് അരി നല്‍കുമെന്നാണ് ബജറ്റ് പറയുന്നത്. അതേസമയം ശേഷിച്ച ബി.പി.എല്ലുകാര്‍ക്ക് രണ്ട് രൂപ നിരക്കില്‍ അരി നല്‍കുമോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. ഏപ്രില്‍ ഒന്നിനു ശേഷം ജനിക്കുന്ന കുട്ടികളുടെ പേരില്‍ പതിനായിരം രൂപ സ്ഥിര നിക്ഷേപം നടത്തുമെന്ന കഴിഞ്ഞ സര്‍ക്കാരിന്റെ നിര്‍ദേശം ഒഴിവാക്കുക വഴി സാമൂഹ്യ സുരക്ഷാ രംഗത്തുനിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.




ganangal


മറ്റു വാര്‍ത്തകള്‍

  12 »