Mathrubhumi Logo
  Budget by Mani

കടക്കെണിയില്‍ -ധനമന്ത്രി

Posted on: 08 Jul 2011

കടങ്ങള്‍ തിരിച്ചടയ്ക്കാന്‍ വീണ്ടും കടം വാങ്ങേണ്ടിവരുന്ന കേരളം കടക്കെണിയിലാണെന്ന് ധനമന്ത്രി കെ. എം. മാണി. കഴിഞ്ഞ സര്‍ക്കാര്‍ തകിടം മറിച്ച സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള ശ്രമമാണ് താന്‍ ഈ തിരുത്തല്‍ ബജറ്റിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ തിരുത്തലിന്റെ ഭാഗമായി എല്‍. ഡി. എഫ്. സര്‍ക്കാരിന്റെ ബജറ്റിനെക്കാളും ചെലവു കൂട്ടിയും കമ്മി കുറച്ചുമാണ് മാണി ബജറ്റ് അവതരിപ്പിച്ചത്. മുന്‍സര്‍ക്കാര്‍ അധികാരമൊഴിഞ്ഞപ്പോള്‍ വന്‍തുക ട്രഷറി മിച്ചമുണ്ടെന്ന പ്രചാരണം നടത്തിയിരുന്നു. എന്നാലിത് യാഥാര്‍ത്ഥ്യമല്ല. ബാധ്യതകള്‍ മറച്ചുവെയ്ക്കുകയായിരുന്നു മുന്‍സര്‍ക്കാര്‍. ഈ സര്‍ക്കാര്‍ സത്യപ്രതിജ്ഞചെയ്ത ദിവസം 1963.47 കോടിയാണ് ട്രഷറിയിലുണ്ടായിരുന്നത്. എന്നാല്‍ ഉടന്‍ കൊടുത്തു തീര്‍ക്കേണ്ട 2154 കോടിയുടെ ബാധ്യതകളുണ്ടായിരുന്നു. ഇതിന് പുറമേ മാന്ദ്യവിരുദ്ധ പാക്കേജില്‍ കൊടുത്തുതീര്‍ക്കേണ്ടതുള്‍പ്പെടെ 2030 കോടിയുടെ അധിക ബാദ്ധ്യതകളും. ഈ വിഷമവൃത്തത്തില്‍ നിന്ന് സംസ്ഥാനത്തെ കരകയറ്റാന്‍ തിരുത്തല്‍ ബജറ്റ് മാത്രം കൊണ്ട് കഴിയില്ല. എന്നാല്‍ മൂന്നുമാസം പിന്നിട്ട സ്ഥിതിക്ക് ബജറ്റ് പൊളിച്ചുപണിയുന്നത് പ്രായോഗികമല്ല. അതിനാല്‍ ഐസക്കിന്റെ ബജറ്റിന്റെ അടിത്തറ നിലനിര്‍ത്തിക്കൊണ്ട് പുതിയ സാമ്പത്തിക സൗധം പണിയാനുള്ള ശ്രമമാണ് താന്‍ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

തിരുത്തലുകള്‍ ഇങ്ങനെ: റവന്യൂവരുമാനം ആദ്യബജറ്റില്‍ 38,547 കോടിയായിരുന്നത് പുതുക്കിയ ബജറ്റില്‍ 39,248 കോടിയായി. റവന്യൂകമ്മി 6019 കോടിയില്‍ നിന്ന് 5534 കോടിയായി കുറഞ്ഞു. ആഭ്യന്തര ഉദ്പാദനത്തിന്റെ 1.97 ശതമാനമായിരുന്ന റവന്യൂകമ്മി 1.81 ശതമാനമായി കുറഞ്ഞു. ധനക്കമ്മി 10,641 കോടിയില്‍ നിന്ന് 10,507 കോടിയായി. 3.48 ശതമാനത്തില്‍ നിന്ന് 3.43 ശതമാനമാണ് ഇതിലെ കുറവ്. മൂലധനച്ചെലവ് 4712 കോടിയില്‍ നിന്ന് 5064 കോടിയായി. വികസനച്ചെലവുകള്‍ 28,646 കോടിയില്‍ നിന്ന് 29,872 കോടിയായും ഉയര്‍ന്നു.

എല്‍. ഡി. എഫ്. സര്‍ക്കാര്‍ അവതരിപ്പിച്ച ചില പദ്ധതികള്‍ ഒഴിവാക്കുകയും ചിലവ നിലനിര്‍ത്തുകയും ചെയ്തു. കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ച ജനിക്കുന്ന ഓരോ കുട്ടിക്കും പതിനായിരം രൂപ സ്ഥിരനിക്ഷേപം, സ്ത്രീതൊഴിലാളികള്‍ക്ക് പ്രസവാനുകൂല്യം തുടങ്ങിയ പദ്ധതികളെക്കുറിച്ച് ഈ ബജറ്റ് മൗനം പാലിക്കുന്നു. എന്നാല്‍ ഇസ്‌ലാമിക ബാങ്കിങ് മാതൃകയിലുള്ള ധനകാര്യസ്ഥാപനത്തില്‍ നിന്നുള്ള സഹായം ചേര്‍ത്തുകൊണ്ടുള്ള 40,000 കോടിയുടെ റോഡുവികസന പാക്കേജ് മന്ത്രി കെ. എം. മാണി പൂര്‍ണമായി തള്ളിക്കളഞ്ഞില്ല. പ്രായോഗിക കാരണങ്ങളാല്‍ ഈ വര്‍ഷം ഇത് നടപ്പാക്കാനാവില്ലെന്നേയുള്ളൂ. ഇസ്‌ലാമിക ബാങ്ക് പ്രവര്‍ത്തനക്ഷമമാകുന്ന മുറയ്ക്ക് ഇതില്‍ നിന്നുള്ള ധനസഹായം ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കുന്നു. ഈ റോഡ് പാക്കേജിന്റെ പ്രായോഗികതയെ കെ. എം. മാണി ശക്തമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം ഈ ബാങ്ക് സ്ഥാപിക്കാന്‍ യു. ഡി. എഫ്. സര്‍ക്കാര്‍ പിന്തുണ പ്രഖ്യാപിച്ചു. അണക്കെട്ടുകളില്‍ നിന്നുള്ള മണല്‍വാരലും തുടരും. പക്ഷേ യന്ത്രസഹായത്തോടെയായിരിക്കുമെന്നും പുതുക്കിയ ബജറ്റ് വ്യക്തമാക്കുന്നു.

നികുതിപിരിവ് വര്‍ദ്ധിച്ചുവെന്ന മുന്‍സര്‍ക്കാരിന്റെ അവകാശവാദത്തെയും മാണി ചോദ്യം ചെയ്തു. മൂല്യവര്‍ദ്ധിത നികുതി നടപ്പാക്കിയതിലൂടെയുള്ള സ്വാഭാവിക വര്‍ധന മാത്രമാണിതെന്നും മാണി പറഞ്ഞു.




ganangal


മറ്റു വാര്‍ത്തകള്‍

  12 »