കോളടിച്ച് കോട്ടയം
Posted on: 08 Jul 2011

ബജറ്റ് പ്രസംഗം ആരംഭിച്ച് ഏതാനും മിനിറ്റുകള്‍ ആയപ്പോള്‍ത്തന്നെ കോട്ടയം കോളടിക്കുന്നതിന്റെ സൂചന ലഭിച്ചു തുടങ്ങിയിരുന്നു. കോട്ടയം മൊബിലിറ്റി ഹബ് ആയിരുന്നു ആദ്യ പ്രഖ്യാപനം. കോടിമത റെയില്‍വെ ടെര്‍മിനലിനോടനുബന്ധിച്ച് റോഡ്- ജല-റെയില്‍ സംവിധാനങ്ങള്‍ സംയോജിപ്പിക്കുന്നതാണ് ഹബ്. അടുത്തത് കോട്ടയം-കുമരകം-ചേര്‍ത്തല ടൂറിസ്റ്റ് ഹൈവെ. റിങ് റോഡുകളില്‍ കോട്ടയവും പാലായും സ്ഥാനം പിടിച്ചു. ബൈപ്പാസുകളില്‍ ഏഴില്‍ ആറും കോട്ടയം, ഇടുക്കി ജില്ലകള്‍ പങ്കിട്ടു. തുടര്‍ന്ന് മലയോര അതോറിറ്റി, ഹില്‍ ഹൈവെ എന്നീ പ്രഖ്യാപനങ്ങളെത്തി. ഇത്രയുമായപ്പോള്‍ പ്രതിപക്ഷത്തുനിന്ന് കോട്ടയം ബജറ്റ് എന്ന വിളി ചെറുതായി ഉയര്‍ന്നു. അടുത്തതായി ഭരണങ്ങാനം വികസന അതോറിറ്റി പ്രഖ്യാപിച്ചപ്പോള്‍ പ്രതിപക്ഷാംഗങ്ങള്‍ എതിര്‍പ്പുമായി എഴുന്നേറ്റു. വി ശിവന്‍കുട്ടി, ഇ. എസ്. ബിജിമോള്‍, ബാബു. എം പാലിശ്ശേരി എന്നിവര്‍ കേരളത്തില്‍ കോട്ടയമേയുള്ളോ എന്ന ചോദ്യം ഉന്നയിച്ചു. 48 അപ്‌ഗ്രേഡ് ചെയ്യുന്ന റോഡുകളുടെ പേര് വായിച്ചപ്പോള്‍ പകുതിയോളം മധ്യതിരുവിതാംകൂറിനായി. അതില്‍ 10 എണ്ണം കോട്ടയം ജില്ലയുടേതായിരുന്നു. ഇതോടെ പ്രതിപക്ഷം കൂടുതല്‍ ബഹളമുയര്‍ത്തി. പാണക്കാടിന് വികസന അതോറിറ്റിയില്ലേയെന്ന് അവര്‍ വിളിച്ചു ചോദിച്ചു.
തലപ്പാടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആസ്പപത്രി, ഇടുക്കി, പത്തനംതിട്ട, മലപ്പുറം മെഡിക്കല്‍ കോളജുകളുടെ പേരുകള്‍ വായിച്ചപ്പോള്‍ ഈ പട്ടികയില്‍ കാസര്‍കോട് ഉണ്ടെന്നത് അവരുടെ പ്രതിഷേധത്തിന്റെ തീവ്രത കുറച്ചില്ല. ഇതിനുപിന്നാലെ തിരുവിതാംകൂര്‍ ഫോക് ലോര്‍ ഗ്രാമം, കോട്ടയം പവര്‍ലൂം മില്‍ ആധുനികവത്കരണത്തിന് 22 കോടി എന്നീ പ്രഖ്യാപനങ്ങള്‍ വന്നപ്പോള്‍ പ്രതിപക്ഷ പിന്‍ നിര ഒന്നടങ്കം എഴുന്നേറ്റു. എന്നാല്‍ ഗൗരവം വിടാതെ മാണി വായന തുടര്‍ന്നു. മീനച്ചില്‍ നദീതട പദ്ധതി, കോട്ടയത്തെ വിവിധ റോഡുകള്‍ നാലു വരി പാതയാക്കല്‍, കോട്ടയം ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളെ ഏകോപിപ്പിച്ചുള്ള പദ്ധതി എന്നിവയും കടന്ന് പാലാ മുനിസിപ്പല്‍ സ്റ്റേഡിയം നവീകരിക്കലില്‍ എത്തിയപ്പോള്‍ പ്രതിഷേധം കൂടി.
ഇതിനുപിന്നാലെ പൂഞ്ഞാറില്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സും ഇടുക്കിയില്‍ വോളിബോള്‍ അക്കാദമിയും പ്രഖ്യാപിച്ചപ്പോള്‍ പ്രസംഗം തടസ്സപ്പെടുത്തുംവിധം പ്രതിപക്ഷം ബഹളം വെച്ചു. സ്പീക്കര്‍ ഇടപെട്ട് ധനമന്ത്രിയെ പ്രസംഗം വായിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടങ്കിലും ഒന്നുരണ്ടു തവണ പ്രസംഗം ബഹളത്തില്‍ മുങ്ങി. ഞങ്ങള്‍ക്കും എന്തെങ്കിലും തരണം, സ്പീക്കര്‍ ഇടപെടണം എന്നീ ആവശ്യങ്ങള്‍ പ്രതിപക്ഷാംഗങ്ങള്‍ ഉന്നയിച്ചുകൊണ്ടിരുന്നു.
രമേശ്‌ചെന്നിത്തല, പി.ജെ. ജോസഫ് എന്നിവരെയും ധനമന്ത്രി മറന്നില്ല. തൊടുപുഴയില്‍ പ്ലാസ്റ്റിക് കുപ്പിക്ക് പകരം ടെട്രാ പായ്ക്കുകള്‍ നിര്‍മിക്കുന്ന സ്ഥാപനം തുടങ്ങും. ഹരിപ്പാട്ട് റവന്യൂ ടവര്‍, ടി.ടി.ഐ. എന്നിവയും അനുവദിച്ചിട്ടുണ്ട്.
പ്രസംഗം അവസാനിച്ചപ്പോള്‍ ടി.എന്‍. പ്രതാപന്‍ തീരദേശമേഖലയെ അവഗണിച്ചതിനെതിരെ കെ.എം. മാണിയെ നേരിട്ട് പ്രതിഷേധമറിയിച്ചു. പ്രതിപക്ഷ നേതാക്കള്‍ നടത്തിയ പത്രസമ്മേളനത്തിലും ഈ വികാരം പ്രകടമായിരുന്നു. കോട്ടയത്തിനും മലപ്പുറത്തിനുമപ്പുറം കേരളമുണ്ടെന്ന കാര്യം സര്‍ക്കാര്‍ ഓര്‍ക്കണമെന്നായിരുന്നു മുന്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ കുറ്റപ്പെടുത്തല്‍.