Mathrubhumi Logo
  Budget by Mani

മുല്ലപ്പെരിയാറില്‍ പുതിയ ഡാമിനായി അതോറിറ്റി

Posted on: 08 Jul 2011

മുല്ലപ്പെരിയാറില്‍ നാലുവര്‍ഷത്തിനകം പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിനും അത് നിരീക്ഷിക്കുന്നതിനുമായി പ്രത്യേക അതോറിറ്റിയെ നിയോഗിക്കും. ഇതിനുള്ള ഈ വര്‍ഷത്തെ ചെലവിലേക്ക് അഞ്ച് കോടി സംസ്ഥാന ബജറ്റില്‍ വകയിരുത്തി. സുപ്രീം കോടതി നിശ്ചയിച്ചിട്ടുള്ള എംപവേഡ് കമ്മിറ്റി മുമ്പാകെ ഡാം കെട്ടുന്നതിനുള്ള പദ്ധതിരേഖ സമര്‍പ്പിക്കും.
മീനച്ചല്‍ ആറില്‍ എല്ലാ കാലാവസ്ഥയിലും വെള്ളം ലഭ്യമാക്കാനുള്ള മീനച്ചല്‍ നദീതട പദ്ധതിയും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അറക്കുളത്ത് തടയണ തീര്‍ത്ത് ഇടുക്കി ഡാമില്‍ നിന്ന് പുറത്തേക്ക് ഒഴുക്കുന്ന വെള്ളം തുരങ്കം വഴി നരിമറ്റത്ത് എത്തിച്ച് മീനച്ചലാറിന്റെ പോഷകനദിയായ കടപുഴ ആറ്റിലേക്ക് ഒഴുക്കി വിടുന്നതാണ് പദ്ധതി. ഇതിന്റെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 25 കോടി നീക്കിവെച്ചിട്ടുണ്ട്.

ജല നിധിപദ്ധതിയുടെ രണ്ടാം ഘട്ടം ഈ വര്‍ഷം തന്നെ ആരംഭിക്കും. ഡാമുകളില്‍ നിന്ന് യന്ത്ര സഹായത്തോടെ മണല്‍വാരി ശുദ്ധമായ മണല്‍ ലഭ്യമാക്കാനും പദ്ധതിയുണ്ട്. മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പദ്ധതി പ്രദേശത്ത് കാഡാ പദ്ധതി വ്യാപിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. കൊച്ചി നഗര പരിധിയിലെ തേവര -പേരണ്ടൂര്‍ കനാല്‍, മുല്ലശേരി കനാല്‍, മാര്‍ക്കറ്റ് കനാല്‍, ഇടപ്പള്ളി-തൃപ്പൂണിത്തുറ കനാല്‍ എന്നിവയുടേയും കോഴിക്കോട് നഗരസഭയില്‍ കനോലി കനാലിന്റേയും പുനഃരുദ്ധാരണ നടപടി ത്വരിതപ്പെടുത്തും.

കുട്ടനാട് പാക്കേജ് പ്രകാരമുള്ള ബണ്ടുകള്‍, പമ്പുതറ എന്നിവയുടെ നിര്‍മാണം, വാച്ചാലുകളുടെ പുനഃരുദ്ധാരണം എന്നിവയ്ക്ക് പ്രാധാന്യം നല്‍കും. 200 കോടി ഇതിനായി വകയിരുത്തിയിട്ടുണ്ട്. തിരുവനന്തപുരം - കാസര്‍കോട് ജലപാത ഗതാഗതയോഗ്യമാക്കാന്‍ നടപടി സ്വീകരിക്കും. മഴവെള്ള സംഭരണത്തിന് ആവശ്യമുള്ള സ്ഥലങ്ങളില്‍ തടയണ നിര്‍മിക്കും. കടലാക്രമണം തടയുന്നതിന് പുലിമുട്ടുകള്‍ സ്ഥാപിക്കാനായി 12.5 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.




ganangal


മറ്റു വാര്‍ത്തകള്‍

  12 »