Mathrubhumi Logo
  Budget by Mani

മലയാളം, ഓപ്പണ്‍ സര്‍വകലാശാലകള്‍

Posted on: 08 Jul 2011

തിരൂരില്‍ മലയാള സര്‍വകലാശാലയും വിദൂര വിദ്യാഭ്യാസത്തിനായി ഓപ്പണ്‍ സര്‍വകലാശാലയും ബജറ്റ് വിഭാവനം ചെയ്യുന്നു. മലയാളം സര്‍വകലാശാലയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി രൂപ വകയിരുത്തി.

ദുര്‍ബല വിഭാഗത്തില്‍പ്പെടുന്നവരും ഒരു ലക്ഷത്തില്‍ കുറഞ്ഞ വാര്‍ഷിക വരുമാനമുള്ളവരുമായ വിദ്യാര്‍ഥികള്‍ക്കായി കെ.എസ്.എഫ്.ഇ വഴി വിദ്യാഭ്യാസ വായ്പാ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നു. പ്രവേശന ഫീസ്, കരുതല്‍ നിക്ഷേപം, മറ്റു ഫീസിനങ്ങള്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് 50000 മുതല്‍ 10 ലക്ഷം വരെ 11 വര്‍ഷ കാലയളവിലേക്ക് ലഭിക്കും. ബാങ്ക് പലിശയായിരിക്കും ഇതിന് നല്‍കേണ്ടിവരിക. കോഴ്‌സ് കഴിഞ്ഞ് ഒരു വര്‍ഷമോ, ജോലി കിട്ടുകയോ ഏതാണോ ആദ്യം അതുമുതല്‍ അഞ്ച് വര്‍ഷം കൊണ്ട് വായ്പ തിരിച്ചടയ്ക്കണം. അഞ്ച് ലക്ഷം രൂപ വരെയുള്ള വായ്പകള്‍ ആള്‍ ജാമ്യത്തിലും അതിനുമുകളിലുള്ള വായ്പകള്‍ കൊളാറ്ററല്‍ സെക്യൂരിറ്റിയുടെ അടിസ്ഥാനത്തിലുമായിരിക്കും അനുവദിക്കുക. കുട്ടിയുടെ രക്ഷിതാവ് സഹബാദ്ധ്യതക്കാരന്‍ ആയിരിക്കും. കെ.എസ്.എഫ്.ഇ 30 കോടി രൂപ പ്രതിവര്‍ഷം ഇതിനായി നീക്കിവെയ്ക്കും. വര്‍ഷം തോറും ഏകദേശം 1500 വിദ്യാര്‍ഥികള്‍ക്ക് ഈ വായ്പ ലഭിക്കും. 12 ശതമാനം ഫ്ലോട്ടിങ് നിരക്കിനായിരിക്കും വായ്പ നല്‍കുക. പലിശ ബാദ്ധ്യതയുടെ നാലു ശതമാനം വാര്‍ഷിക സബ്‌സിഡിയായി സര്‍ക്കാര്‍ വഹിക്കും.

ഐ.ഐ.ടി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നിവ സംസ്ഥാനത്ത് ആരംഭിക്കാന്‍ നടപടി സ്വീകരിക്കും. ഇംഗ്ലീഷും മറ്റ് വിദേശ ഭാഷകളും പഠിക്കുന്നതിനും ഗവേഷണം നടത്തുന്നതിനും മറ്റുമായി ഒരു സെന്റര്‍ സ്ഥാപിക്കും. ഇതിനായി 10 ലക്ഷം രൂപ വകയിരുത്തി. കേന്ദ്രത്തിന്റെ സഹായത്തോടെ അഞ്ച് പോളിടെക്‌നിക്കുകള്‍ സ്ഥാപിക്കും. തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജിനോടനുബന്ധിച്ച് റിസര്‍ച്ച് പാര്‍ക്ക് സ്ഥാപിക്കും. ഇതിനായി 50 ലക്ഷം രൂപ വകയിരുത്തി. ഇവിടെ സിവില്‍ എന്‍ജിനീയറിങ് ഡിപ്പാര്‍ട്ടുമെന്റിനോടനുബന്ധിച്ച് ഒരു ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എന്‍ജിനീയറിങ് ഗവേഷണ കേന്ദ്രവും ആരംഭിക്കും.
കോഴിക്കോട് ഗവ. എന്‍ജിനീയറിങ് കോളേജില്‍ അക്കാദമിക്ക് ബ്ലോക്ക് നിര്‍മിക്കും. ഇതിനായി ഒരു കോടി വകയിരുത്തി. ഏഴ് സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളജിലും ഏഴ് സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ എന്‍ജിനീയറിങ് കോളജിലും ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാമിന്റെ രണ്ടാംഘട്ടം നടപ്പാക്കും. മലപ്പുറം ജില്ലയിലെ പാണക്കാട് എഡ്യൂക്കേഷണല്‍ ആന്റ് ഹെല്‍ത്ത് ഹബിന് ഒരു കോടി വകയിരുത്തി.

എട്ടാം ക്ലാസ് വരെ ഇപ്പോള്‍ നിലവിലുള്ള ഉച്ചഭക്ഷണ പദ്ധതി 9,10 ക്ലാസുകളിലേക്കും വ്യാപിപ്പിക്കും. ആറ് മുതല്‍ 14 വയസുവരെ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം സര്‍ക്കാര്‍ നല്‍കും. മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഇന്‍ഷുറന്‍സ്ഏര്‍പ്പെടുത്തും. ഇതിനായി ഒരു കോടി വകയിരുത്തി. എല്ലാ അന്ധ വിദ്യാലയങ്ങള്‍ക്കും ബ്രെയ്‌ലി പ്രിന്റര്‍ നല്‍കും. തളിപ്പറമ്പ് നടുവില്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പോളിടെക്‌നിക്കായി ഉയര്‍ത്തും. ഇതിനായി 50 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ, എപ്ലസ് ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി എന്‍ട്രന്‍സ് പരിശീലനം നല്‍കും. പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ വായ്പാ പരിധിയും ഉയര്‍ത്തും.




ganangal


മറ്റു വാര്‍ത്തകള്‍

  12 »