Mathrubhumi Logo
  Budget by Mani

മദ്യത്തിന് വില കൂടും

Posted on: 08 Jul 2011

കേരളത്തില്‍ മദ്യത്തിനും പാന്‍പരാഗ് പോലുള്ള ഉത്പന്നങ്ങള്‍ക്കും വിലകൂടും. ആഡംബര കാര്‍ സ്വന്തമാക്കാനും ചെലവേറും. ആഡംബര വീടുകളുടെ നികുതിയും ഉയരും. ജൈവവളങ്ങള്‍, ജൈവകീടനാശിനികള്‍, പാല്‍കറക്കല്‍ യന്ത്രം, തെങ്ങുകയറല്‍ യന്ത്രം എന്നിവയുടെ നികുതി ഒഴിവാക്കിയതിനാല്‍ ഇവയ്ക്ക് വില കുറയും.

മദ്യത്തിന്റെ ആദ്യ വില്‍പ്പനയിന്‍മേലുള്ള സാമൂഹ്യസുരക്ഷാ സെസ് ഒരുശതമാനത്തില്‍നിന്ന് ആറ് ശതമാനമായാണ് ഉയര്‍ത്തിയത്. ഇത് മദ്യത്തിന്റെ വില ഉയര്‍ത്തും. വര്‍ധിച്ചുവരുന്ന മദ്യഉപഭോഗം നിരുത്സാഹപ്പെടുത്താനാണ് ഈ നീക്കം. ഇതോടൊപ്പം വിദേശമദ്യത്തിന് ഇനി സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്‍ 10 ശതമാനം സര്‍ചാര്‍ജും നല്‍കണം. സര്‍ചാര്‍ജ് കോര്‍പ്പറേഷന്റെ ലാഭത്തില്‍ നിന്നായതിനാല്‍ മദ്യത്തിന്റെ വിലയെ നേരിട്ട് ബാധിക്കില്ലെന്ന് വിലയിരുത്തപ്പെടുന്നു. ബിവറേജസ് കോര്‍പ്പറേഷന്‍ ലാഭത്തിലായിരുന്നപ്പോള്‍ നല്‍കിയ അഞ്ച് ശതമാനം ഇളവാണ് പിന്‍വലിച്ചത്.

20 ലക്ഷം രൂപയില്‍ കൂടുതല്‍ വിലയുള്ള ആഡംബര കാറിന് നികുതിയിന്മേല്‍ രണ്ടുശതമാനം ആഡംബര സെസ് ചുമത്തും. 4000 ചതുരശ്ര അടിയോ അതില്‍ കൂടുതലോ വിസ്തീര്‍ണമുള്ള വീടുകള്‍ക്ക് കെട്ടിടനികുതിക്ക് പുറമേ രണ്ടു ശതമാനം സെസും നല്‍കണം.
പാന്‍പരാഗ് പോലുള്ള ചവയ്ക്കുന്ന പുകയില ഉത്പന്നങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്താന്‍ ഇവയുടെ നികുതി 20 ശതമാനമാക്കി.

സ്വര്‍ണ വ്യാപാരമേഖലയില്‍നിന്നുള്ള നികുതിനഷ്ടം കുറയ്ക്കാന്‍ കോമ്പൗണ്ടിങ് രീതിയില്‍ മാറ്റം നിര്‍ദേശിച്ചിട്ടുണ്ട്. ഇപ്പോള്‍ ഒരുകോടിക്കുന്മേല്‍ വാര്‍ഷിക വിറ്റുവരവുള്ളവര്‍ തലേവര്‍ഷത്തെ നികുതിയുടെ 125 ശതമാനമാണ്അടയ്‌ക്കേണ്ടത്. വരുമാനം കൂടിയാല്‍ അതിനനുസരിച്ച് നികുതി കൂടാത്തതുകൊണ്ടാണ് ഇതില്‍ മാറ്റം വരുത്തിയത്. ഇനിമുതല്‍ നിലവിലുള്ള നികുതിനിരക്കോ വിറ്റുവരവിന്റെ 1.25 ശതമാനമോ കോമ്പൗണ്ട് നികുതിയായി അടയ്ക്കണം. കോമ്പൗണ്ട് സമ്പ്രദായം സ്വീകരിച്ച വ്യാപാരികളെ നികുതി പിരിക്കാന്‍ അനുവദിക്കില്ല. സ്വര്‍ണക്കട്ടിയുടെ വിറ്റുവരവും കോമ്പൗണ്ടിങ് വിറ്റുവരവില്‍ ഉള്‍പ്പെടും. ഒരു വര്‍ഷം പൂര്‍ണമായി കച്ചവടം നടത്താത്തവരെ കോമ്പൗണ്ടിങ് പദ്ധതിയില്‍ അംഗമാക്കില്ല. സ്റ്റോക്ക് ഇരട്ടിയായാല്‍ കോമ്പൗണ്ടിങ് അനുമതി പിന്‍വലിക്കില്ല.
വ്യാപാരികളില്‍നിന്ന് നികുതി സംബന്ധമായ നിയമലംഘനത്തിന് ഒരുവര്‍ഷം ഈടാക്കുന്ന പരമാവധി കോമ്പൗണ്ടിങ് തുക നാലില്‍നിന്ന് എട്ടുലക്ഷമാക്കി. 20 ലക്ഷത്തില്‍ താഴെ വാര്‍ഷിക വിറ്റുവരവുള്ള ചെറുകിട വ്യാപാരികള്‍ നല്‍കേണ്ട നികുതി മൂവായിരത്തില്‍ നിന്ന് രണ്ടായിരമാക്കി കുറച്ചു. അനുമാന നികുതിദായകരുടെ വിറ്റുവരവ് പരിധി 60 ലക്ഷം രൂപയാക്കി. നികുതി അസസ്‌മെന്റുകളില്‍ തീര്‍പ്പാക്കാനുള്ള സമയപരിധി ഒരുവര്‍ഷംകൂടി നീട്ടി. ആംനസ്റ്റി സ്‌കീമിന്റെ കാലാവധി സപ്തംബര്‍ 30 വരെയും നീട്ടി.

നികുതിപിരിവ് നടപടികള്‍ നിരീക്ഷിക്കാന്‍ ധനമന്ത്രി അധ്യക്ഷനായി വിദഗ്ദ്ധരുടെ മേല്‍നോട്ടസമിതി രൂപവത്കരിക്കും. വിദഗ്ദ്ധരെ പങ്കെടുപ്പിച്ച് വിഭവസമാഹരണം കാര്യക്ഷമമാക്കാന്‍ പദ്ധതികള്‍ക്ക് രൂപംനല്‍കും. ഉത്പന്നങ്ങള്‍ക്ക് മൂല്യവര്‍ധനയുടെ വിവിധ ഘട്ടങ്ങളിലെ വിലകള്‍ സംബന്ധിച്ച വിവരശേഖരണത്തിനും പ്രത്യേക സമിതിയുണ്ടാക്കും.
നികുതിസംബന്ധിച്ച പരാതികള്‍ പരിഹരിക്കാന്‍ നന്രന്ര.്രക്ഷവിമാമ.ശൗ.ഷ്്വ.ഹൃ എന്ന വെബ്‌സൈറ്റും കോള്‍സെന്ററും സ്ഥാപിക്കും. വ്യാപാര വാണിജ്യ പ്രശ്‌നപരിഹാര ബ്യൂറോയും രൂപവത്കരിക്കും. സെല്‍ഫ് അസസ്‌മെന്റ് സത്യസന്ധമായി നിര്‍വഹിക്കുന്ന വ്യാപാരികള്‍ക്ക് 'വിശ്വസ്തതാരം' ബഹുമതി നല്‍കും. മൂല്യവര്‍ധിത നികുതിയില്‍ നിന്നൊഴിവായവരെ നികുതിവലയില്‍ ഉള്‍പ്പെടുത്താന്‍ രജിസ്‌ട്രേഷന്‍ യജ്ഞം നടത്തും. മൂല്യവര്‍ധിത നികുതി സമ്പ്രദായത്തില്‍ വ്യാപാരികളുടെ രജിസ്‌ട്രേഷന്‍ ഉറപ്പാക്കാന്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും കെ.എം. മാണി ആരോപിച്ചു.
നികുതി വെട്ടിപ്പ് തടയാന്‍ നടപടികളെടുക്കും. ചരക്കുകളുടെ വരവും പോക്കും വ്യാപാരികളെ എസ്.എം.എസ്. ആയി അറിയിക്കാന്‍ സംവിധാനമൊരുക്കും. വ്യാപാരികള്‍ക്ക് ചരക്ക് നീക്കം സംബന്ധിച്ച വിവരം സമര്‍പ്പിക്കാന്‍ വിമാനത്താവളങ്ങളിലും പ്രധാന റെയില്‍വേ സ്റ്റേഷനുകളിലും തുറമുഖങ്ങളിലും ഫെസിലിറ്റേഷന്‍ സെന്ററുകള്‍ സ്ഥാപിക്കും.




ganangal


മറ്റു വാര്‍ത്തകള്‍

  12 »