കര്‍ഷകര്‍ക്ക് പെന്‍ഷന്‍; ഇന്‍ഷുറന്‍സ്
Posted on: 08 Jul 2011

ഒരു ഹെക്ടറില്‍ താഴെ ഭൂമിയുള്ള 60 കഴിഞ്ഞ കര്‍ഷകര്‍ക്ക് പ്രതിമാസം 300 രൂപയാണ് പെന്‍ഷന്‍ നല്‍കുക. സര്‍ക്കാര്‍ ഉദ്യോഗമോ മറ്റു സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ പെന്‍ഷന്‍ പദ്ധതികളുടെ ആനുകൂല്യമോ ലഭിക്കാത്തവര്‍ക്കാണ് പദ്ധതിയുടെ സഹായം ലഭിക്കുക. പദ്ധതി നടത്തിപ്പിന് 25 കോടി രൂപ വകയിരുത്തി.
സര്‍ക്കാരിന്റെയോ സഹകരണ സ്ഥാപനങ്ങളുടെയോ ആഭിമുഖ്യത്തിലുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും കാര്‍ഷിക വായ്പയെടുക്കുന്ന ഏതൊരാള്‍ക്കും വായ്പത്തുക കൃത്യതീയതിയില്‍ തിരിച്ചടയ്ക്കുന്ന പക്ഷം അഞ്ചു ശതമാനം പലിശ ഇളവാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിലേക്ക് 10 കോടി രൂപ വകയിരുത്തി.
ഇടതു സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്ന വനം ഓര്‍ഡിനന്‍സിന്റെ കീഴില്‍ അനേകം ചെറുകിട കര്‍ഷകരുടെ ഭൂമി പരിസ്ഥിതി സംരക്ഷണത്തിന്റെ പേരില്‍ വനഭൂമിയായി പ്രഖ്യാപിക്കുകയുണ്ടായി. തേയില,കാപ്പി,റബ്ബര്‍,കുരുമുളക്,ഏലം,തെങ്ങ്,കമുക്,കശുമാവ് തുടങ്ങിയ ഏതെങ്കിലും കൃഷിയോ വാസഗൃഹമോ ഉണ്ടെങ്കില്‍ അതിന്റെ സൗകര്യപ്രദമായ ഉപയോഗത്തിന് നിയമതടസമുണ്ടാവില്ലെന്ന നിയമം മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു. ഇടതു സര്‍ക്കാര്‍ ഈ നിയമം നടപ്പാക്കിയില്ല. ഈ സാഹചര്യത്തില്‍ അര്‍ഹരായ കൃഷിക്കാര്‍ക്കെല്ലാം നിയമത്തിന്റെ പരിരക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. അതുപോലെ ജന്മിമാരാല്‍ കബളിപ്പിക്കപ്പെട്ട് മിച്ചഭൂമി വിലയ്ക്കുവാങ്ങിയ കര്‍ഷകര്‍ക്ക് താലൂക്ക് ലാന്‍ഡ് ബോര്‍ഡ് മുഖേന ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുമെന്നും വ്യക്തമാക്കി.
ഭൂമിയോ അതിന്റെ പ്രമാണമോ പണയപ്പെടുത്തുന്നതിനു പകരം കിസാന്‍ പാസ്ബുക്കിന്റെ ഉറപ്പിന്മേല്‍ ബാങ്കുകളില്‍ നിന്നും വായ്പ ലഭിക്കാന്‍ അവസരമൊരുക്കും. തുടക്കമെന്ന നിലയില്‍ ഇടുക്കി,വയനാട് ജില്ലകളിലാണ് ഇത് നടപ്പിലാക്കുക. ചട്ടങ്ങളുണ്ടാക്കി പദ്ധതി നടപ്പിലാക്കുന്നതിന് 10ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തി.
കുട്ടനാടിലെ കായല്‍ കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്ന പമ്പിങ് സബ്‌സിഡിക്കുവേണ്ടി 50 ലക്ഷം രൂപ വകയിരുത്തി. ക്ഷീര കര്‍ഷകര്‍ക്ക് കാലിത്തീറ്റ വാങ്ങാന്‍ നല്‍കിവരുന്ന സബ്‌സിഡി ഇരട്ടിയാക്കി. മൂന്നു കോടിരൂപ അതിനായി നീക്കിവെച്ചിട്ടുണ്ട്. നെല്‍കൃഷിക്ക് മാത്രമാണ് ഇപ്പോള്‍ പരിമിതമായ കാര്‍ഷിക ഇന്‍ഷുറന്‍സ് ഉള്ളത്. എല്ലാ കൃഷികളെയും ഉള്‍പ്പെടുത്തിക്കൊണ്ട് അപകട ഇന്‍ഷുറന്‍സും പെന്‍ഷന്‍ ആനുകൂല്യങ്ങളും കൂട്ടിച്ചേര്‍ത്ത് സമഗ്ര കാര്‍ഷിക ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുമെന്നും വ്യക്തമാക്കി. കശുമാവ് കൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ കശുമാവ് വെച്ചുപിടിപ്പിക്കുന്ന ഭൂമിയെ കേരള ഭൂപരിഷ്‌കരണനിയമത്തിന്റെ ഉയര്‍ന്ന ഭൂപരിധി സംബന്ധിച്ച വ്യവസ്ഥകളില്‍നിന്ന് ഒഴിവാക്കുന്നതിനു ഭേദഗതി കൊണ്ടു വരുമെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ പൊന്നും വിലയ്‌ക്കെടുത്ത ഭൂമിയില്‍ ആവശ്യം കഴിഞ്ഞ് മിച്ചം വന്നത് ഉപയോഗശൂന്യമായി കിടക്കുന്ന അവസ്ഥ ഒഴിവാക്കാന്‍ പബ്ലിക്-പ്രൈവറ്റ്-പഞ്ചായത്ത് (പി.പി.പി.) പങ്കാളിത്തത്തോടെ കൃഷി ആരംഭിക്കും. പഴം,പച്ചക്കറി മേഖലയില്‍ സ്വയം പര്യാപ്തത ലക്ഷ്യമിട്ടാണ് കരാര്‍കൃഷി പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. തരിശായി കിടക്കുന്ന ഭൂമികള്‍ കൃഷിഭവനുകള്‍ കണ്ടെത്തി ഭൂവുടമകളുമായി കരാറുണ്ടാക്കി കൃഷി ചെയ്യുകയാണ് പദ്ധതി. അതിനായി രണ്ടുകോടി രൂപ വകയിരുത്തി. കുടുംബശ്രീ,ജനശ്രീ,ഗൃഹശ്രീ പോലുള്ള സംഘടനകള്‍ക്കും പദ്ധതിയുമായി സഹകരിക്കാവുന്നതാണെന്നും വ്യക്തമാക്കി. കൃഷി സംബന്ധിച്ച വിവരങ്ങള്‍ കര്‍ഷകര്‍ക്ക് മൊബൈല്‍ ഫോണിലൂടെ നല്‍കുന്നതിന് സംവിധാനമുണ്ടാക്കും. അതിനു 10 ലക്ഷം രൂപയും വകയിരുത്തി. കാസര്‍കോട്ടെ കവുങ്ങ് കൃഷിക്കാര്‍ക്ക് പ്രത്യേക പാക്കേജ്,മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യയുടെ നവീകരണം,മീനച്ചില്‍ നദീതട പദ്ധതി എന്നിവയും നടപ്പാക്കും. വനം സംരക്ഷണ-പരിപാലന പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനു നിലവിലുള്ള കണ്‍വീനര്‍ സമ്പ്രദായത്തിന് കാലോചിതമായ മാറ്റം വരുത്തുമെന്നും അറിയിച്ചു.