Mathrubhumi Logo
  chithrakaran

ഹുസൈന്റെ ഓര്‍മകളില്‍ ദീപാഗോപാലന്‍ വാധ്വ

അഹമ്മദ് പാതിരിപ്പറ്റ Posted on: 11 Jun 2011

ദോഹ: വിശ്വപ്രസിദ്ധ ചിത്രകാരന്‍ എം.എഫ്. ഹുസൈന്റെ വിയോഗവാര്‍ത്തയില്‍ ദുഃഖം താങ്ങാനാവാതെ ഒരു നയതന്ത്ര പ്രതിനിധി. ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ദീപാ ഗോപാലന്‍ വാധ്വയാണ് ചിത്രകാരനുമായുള്ള സൗഹൃദം ഓര്‍ത്തെടുക്കുന്നത്.

കാല്‍നൂറ്റാണ്ടുകള്‍ക്കു മുമ്പ് ചൈനയില്‍ അംബാസഡറായിരിക്കെ ആരംഭിച്ച ബന്ധം. അത് ഖത്തറില്‍ നിന്നാണ് വളര്‍ന്നു പുഷ്പിച്ചത്. സഹോദരതുല്യമായ വാത്സല്യം പകര്‍ന്ന ആ ചിത്രകാരനെ ഓര്‍ക്കുമ്പോള്‍ ദീപാ ഗോപാലന്‍ വാധ്വയ്ക്ക് വാക്കുകളിടറുന്നു. പെട്ടെന്നുള്ള ഈ മരണവാര്‍ത്ത തനിക്ക് താങ്ങാന്‍ കഴിയുന്നില്ലെന്ന് അംബാസഡര്‍ 'മാതൃഭൂമി'യോട് വിശദീകരിച്ചു.

''ഇടയ്ക്കിടെ വീട്ടില്‍ വരും. കൂടുതലായി സംസാരിക്കും. ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കും. ഞാന്‍ അദ്ദേഹത്തിന്റെ വീട്ടിലും പോകാറുണ്ടായിരുന്നു. ഇന്ത്യയില്‍ നിന്ന് വിടപറഞ്ഞ് ഖത്തറിലെത്തിയവേളയില്‍ ഏകാന്തതയുടെ കൂട്ടുകാരനായി വര്‍ണങ്ങളുടെ രാജകുമാരന്‍ ജീവിതം നയിക്കുന്ന വേളയിലാണ് എന്നെ വിളിക്കാറും കാണാന്‍ വരാറും.''

എന്തൊരു വിജ്ഞാനമുള്ള മനുഷ്യനായിരുന്നു. ലോകത്തെക്കുറിച്ചദ്ദേഹത്തിന് അവഗാഢമായ പാണ്ഡിത്യമുണ്ടായിരുന്നു. റെക്കോഡിക്കലായി അദ്ദേഹത്തിന് 96 വയസ്സാണെങ്കില്‍ 100 വയസ്സ് ഇസ്‌ലാമിക കലണ്ടര്‍ പ്രകാരം പൂര്‍ത്തിയായതായി അദ്ദേഹംതന്നെ പറഞ്ഞ കാര്യം അംബാസഡര്‍ സൂചിപ്പിച്ചു. ആ സന്ദര്‍ഭം ആഘോഷിച്ചതിന്റെ ചിത്രം അദ്ദേഹം എനിക്ക് സമ്മാനിച്ചിരുന്നു.

ഇന്ത്യയെക്കുറിച്ചുള്ള ജ്ഞാനവും വളരെക്കൂടുതലായിരുന്നു. അദ്ദേഹത്തിന്റെ ഹൃദയത്തിലുടനീളം ഇന്ത്യയായിരുന്നു.ഇന്ത്യയെക്കുറിച്ചദ്ദേഹം അവസാന നാളുകളില്‍ വരച്ച 'ഹിസ്റ്ററി ഓഫ് ഇന്ത്യ' മനസ്സില്‍നിന്നെടുത്ത് ബ്രഷുകളിലൂടെ നിറം ചാര്‍ത്തുകയായിരുന്നു. ലണ്ടനിലേക്ക് പോകുമ്പോഴും എന്റെ വീട്ടില്‍വന്ന് ചായക്കുടിച്ചു വിട പറഞ്ഞാണ് പോയ്. പക്ഷേ എന്നന്നേയ്ക്കുമായുള്ള യാത്രയായിരുന്നു അതെന്ന് ഞാന്‍ സ്വപ്നത്തില്‍പ്പോലും കരുതിയില്ല''-ദീപാഗോപാലന്‍ വാധ്വ പറഞ്ഞു.

അമ്പാസിഡറെപ്പോലെ എം.എസ്. ഹുസൈന്റെ വിയോഗത്തില്‍ ദുഃഖിക്കുന്ന നൂറുകണക്കിനാളുകള്‍ ദോഹയിലുണ്ട്. അവരില്‍ ഇന്ത്യക്കാര്‍, ഖത്തറികള്‍, മറ്റു വിദേശരാജ്യക്കാര്‍ എല്ലാവരുമുള്‍പ്പെടും.

അദ്ദേഹത്തിന് ഭക്ഷണം വിളമ്പിയ ഹോട്ടല്‍ജീവനക്കാര്‍, ഉടമകള്‍... അവര്‍ക്കൊന്നും ഇനി ആ വലിയ മനുഷ്യന് രുചി പകരാനുള്ള സന്ദര്‍ഭങ്ങളുണ്ടാവില്ല.

ജീവിതകാലം മുഴുവന്‍ വരകളില്‍ വര്‍ണംതീര്‍ത്ത ആ ജീവിതം എന്നെന്നേക്കുമായി അസ്തമിച്ചു. കലയുടെ മാസ്മരികതയിലൂടെ ജനഹൃദയങ്ങളില്‍ കൂടുകെട്ടിയ വെളുത്ത ജുബ്ബയും ജുബ്ബയ്ക്കുമുകളില്‍ ജാക്കറ്റും ധരിച്ച് വടിയുമായി നടന്നുനീങ്ങിയ നരച്ച താടിക്കാരന്റെ സ്നേഹസ്പര്‍ശമേല്‍ക്കാന്‍ അവര്‍ക്കിനി അവസരം ലഭിക്കില്ല.

വലിയവനോ ചെറിയവനോ എന്ന വ്യത്യാസമില്ലാതെ ജനങ്ങളെ കണ്ടുമുട്ടുപ്പോള്‍ കടലാസ് തുണ്ടുകളില്‍ അവരുടെ നാമം കലാമഹിമയോടെ കുറിച്ചുകൊടുത്തിരുന്ന നഗ്‌നപാദനായ ആ വലിയ മനുഷ്യന്‍ ഇനി ദോഹയ്ക്ക് ഓര്‍മകള്‍മാത്രം




ganangal


മറ്റു വാര്‍ത്തകള്‍

   
mf hussain adaranjalikal

അഭിമുഖം

Discuss