പുരസ്‌കാരം വാങ്ങാന്‍ സാധിച്ചില്ല; ദൈവത്തിന്റെ നാട്ടിലും നിഷ്‌കാസിതന്‍
സി. ശ്രീകാന്ത് Posted on: 10 Jun 2011

2007-ല്‍ സംസ്ഥാന സര്‍ക്കാര്‍ ഹുസൈന് സമഗ്ര സംഭാവനയ്ക്കുള്ള രവിവര്‍മ്മ പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചിരുന്നു. ''രവിവര്‍മ്മയുടെ പേരിലുള്ള ഈ പുരസ്‌കാരം എനിക്ക് കിട്ടിയ പുരസ്‌കാരങ്ങളില്‍ ഏറ്റവും വിലപ്പെട്ടതാണ്'' എന്നായിരുന്നു അവാര്‍ഡ് വിവരമറിയിച്ച അന്നത്തെ മന്ത്രി എം.എ.ബേബിയോട് ഹുസൈന്‍ പ്രതികരിച്ചത്. അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെതന്നെ വിവാദങ്ങളും എത്തി. നഗ്‌നചിത്രങ്ങളുടെ പേരില്‍ രാജ്യംതന്നെ വിട്ടുപോകേണ്ടിവന്ന ഹുസൈനെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കുന്നതിനെതിരെയുള്ള പ്രതിഷേധങ്ങളായിരുന്നു പിന്നീട് കേരളത്തില്‍. ഒരു ഹൈന്ദവ സംഘടന പരാതിയുമായി കോടതിയിലെത്തിയതോടെ പുരസ്‌കാരദാനം അനിശ്ചിതാവസ്ഥയിലായി. ഒന്നര ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങിയതായിരുന്നു പുരസ്‌കാരം. ഈ പ്രതിഭയെ ആദരിക്കാനുള്ള സാംസ്‌കാരിക കേരളത്തിന്റെ അവസരം അങ്ങനെ വിവാദങ്ങളില്‍പെട്ട് നഷ്ടമാവുകയായിരുന്നു.
പലതവണ കേരളത്തില്‍ വന്നിട്ടുള്ള ഹുസൈന്‍ സംസ്ഥാനമൊട്ടാകെ സഞ്ചരിച്ച് കേരളത്തെ അടുത്തറിയാനും ശ്രമിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ചിത്രപ്രദര്‍ശനങ്ങളുടെ നിറമുള്ള ഓര്‍മ്മകള്‍ കനകക്കുന്ന് കൊട്ടാരത്തിലും എറണാകുളം ഡര്‍ബാര്‍ഹാളിലും മങ്ങാതെ നില്‍പ്പുണ്ട്. ടൂറിസം വകുപ്പിന്റെ അതിഥിയായെത്തിയ ഹുസൈന്‍ കേരളമൊട്ടുക്ക് സഞ്ചരിച്ച് 'കല്യാണിക്കുട്ടി'യെന്ന സാങ്കല്‍പ്പിക പെണ്‍കൊടിയിലൂടെയാണ് തന്റെ ചിത്രങ്ങള്‍ സൃഷ്ടിച്ചത്. ഗ്രാമസൗന്ദര്യം തുടിച്ചുനിന്ന ആ ചിത്രങ്ങള്‍ 'ദൈവത്തിന്റെ സ്വന്തം നാടി'നായി പിന്നീട് ടൂറിസം വകുപ്പും പ്രചരിപ്പിച്ചു. പക്ഷേ ഈ നാടിന്റെ ആദരം മനസുകൊണ്ട് ഏറ്റുവാങ്ങാന്‍ മാത്രമേ സാംസ്‌കാരിക കേരളം അദ്ദേഹത്തെ അനുവദിച്ചുള്ളൂ.