Mathrubhumi Logo
  chithrakaran

ചിത്രകലയിലെ മേരുതുല്യന്‍ Posted on: 10 Jun 2011

എം.വി. ദേവന്‍
ഇന്ത്യയിലെ പര്‍വതതുല്യനായ ഒരു കലാകാരനായിരുന്നു എം.എസ്. ഹുസൈന്‍. അദ്ദേഹം ഇന്ത്യന്‍ ചിത്രകലയിലേക്ക് വന്ന വഴിയും പഠിക്കപ്പെടേണ്ടതാണ്. ഇന്ത്യന്‍ ഗ്രാമീണതകളിലൂടെ സഞ്ചരിച്ച് സ്വപ്രയത്‌നം കൊണ്ട് കലാശിക്ഷണം നേടുകയായിരുന്നു അദ്ദേഹം. ദേശത്തിന്റെ അടയാളമെന്നത് സംസ്‌കാരമാണെന്ന് അദ്ദേഹം ഇക്കാലത്ത് പഠിച്ചു. ആദിമ ഇന്ത്യന്‍ നാഗരികത അപാരമായൊരു മഹാഗ്രന്ഥമാണെന്നും അദ്ദേഹം മനസ്സിലാക്കി.

മുംബൈയില്‍ സൂസ, റാസ തുടങ്ങിയ കലാകാരന്മാരോടൊപ്പം പ്രോഗ്രസീവ് ഗ്രൂപ്പില്‍ ഉള്‍പ്പെട്ടപ്പോഴാണ് ഹുസൈന്റെ ചിത്രകല ശ്രദ്ധിക്കപ്പെട്ടത്. സൂസയെപ്പോലെയോ റാസയെപ്പോലെയോ കലാശിക്ഷണം കിട്ടാതിരുന്നിട്ടും ഹുസൈന്‍ അവരെക്കാള്‍ മികവുറ്റ ചിത്രങ്ങള്‍ രചിച്ചു.

നിരന്തരമായ സര്‍ഗപ്രക്രിയ ഹുസൈന്റെ സവിശേഷതയായിരുന്നു. ചിത്രങ്ങള്‍ നിരന്തരം വരയ്ക്കുന്നതിലൂടെ അദ്ദേഹം നിരന്തരം പരീക്ഷണവ്യഗ്രനായി. ഈ വ്യഗ്രത വലിയ വര്‍ണസംസ്‌കാരത്തിലേക്കും ഇതിവൃത്തങ്ങളിലേക്കും അദ്ദേഹത്തെ പ്രത്യാനയിച്ചു. എഴുപതുകള്‍വരെ ഹുസൈന്‍ വരച്ച ചിത്രങ്ങള്‍ കാണുമ്പോള്‍ വര്‍ണസങ്കലനത്തിലും ആവിഷ്‌കാരത്തിലും അദ്ദേഹം കണ്ടെത്തിയരീതികള്‍ ബോധ്യപ്പെടും.

പിന്നീട് ഇന്ത്യന്‍ ചിത്രവിപണിയില്‍വന്ന മാറ്റങ്ങള്‍ അദ്ദേഹത്തെയും മാറ്റിമറിച്ചതായി കാണാം. വിപണനത്തിന്റെ രീതിയിലേക്കുംഅദ്ദേഹത്തിന്റെ മനസ്സ് മാറി. കുറെയോക്കെ അങ്ങേരും കുറെയൊക്കെ മറ്റുള്ളവരും ചെയ്തതിന്റെ ഫലമായിട്ടാണ് അവസാനം മറ്റൊരു രാജ്യത്ത് പോയി കഴിയേണ്ടിവന്നത്.

കലാകാരനെന്ന നിലയില്‍ പറയുകയാണെങ്കില്‍ അദ്ദേഹത്തിന് നിയന്ത്രണം ഉണ്ടാകേണ്ടിയിരുന്നു. മതവിദ്വേഷം ആളിക്കത്തിക്കാന്‍ ഒരു സര്‍ക്കാറും ശ്രമിക്കില്ല. അതുകൊണ്ടുതന്നെ തിരികെ ഇന്ത്യയിലേക്ക് അദ്ദേഹത്തെ കൊണ്ടുവരാനും കഴിഞ്ഞില്ല. ചെയ്യാന്‍ പാടില്ലാത്തത് അദ്ദേഹം ചെയ്തു. ഇന്ത്യന്‍ പാരമ്പര്യം ശ്രദ്ധയോടെ വീക്ഷിച്ചിരുന്നെങ്കില്‍ അദ്ദേഹം ആ വിവാദത്തില്‍നിന്ന് പിന്മാറേണ്ടതായിരുന്നു അദ്ദേഹത്തോട് ചെയ്യാന്‍ പാടില്ലാത്തത് ഇവിടെയുള്ളവരും ചെയ്തു . അതില്‍ ആരെയാണ് കൂടുതല്‍ ശല്യം ചെയ്തതെന്ന് ചിന്തിച്ചാല്‍ മതി. എന്തായാലും സംഭവങ്ങളെല്ലാം കഴിയുന്നത്ര മറക്കുന്നതാണ് നല്ലത്. നാം വിലമതിക്കേണ്ടത് ഹുസൈന്റെ ചിത്രങ്ങളാണ്. അവ ഒരു കാലഘട്ടത്തെ സൂക്ഷ്മമായി പിന്തുടരുന്നുണ്ട്. ആ വിയോഗം ഇന്ത്യന്‍ ചിത്രകലയ്ക്ക് വലിയ നഷ്ടമാണ്.



ganangal


മറ്റു വാര്‍ത്തകള്‍

   
mf hussain adaranjalikal

അഭിമുഖം

Discuss