ഹുസൈന്‍ - പാരമ്പര്യവും ആധുനികതയും
വിജയകുമാര്‍ മേനോന്‍ Posted on: 10 Jun 2011
ഉപജീവനത്തിനായി സിനിമാപോസ്റ്ററുകളും മറ്റും ഡിസൈന്‍ ചെയ്തിരുന്ന ഹുസൈന്‍ അന്നത്തെ നവീന ചിന്തയും ഭാരതത്തിന്റെ പാരമ്പര്യ ചിത്രകലാശൈലിയും സംയോജിപ്പിച്ചു. രാജസ്ഥാന്‍ ലഘുചിത്രങ്ങളുടെ പല സ്വഭാവങ്ങളും പാരമ്പര്യമായി ഭാരതീയ കലാകാരന്മാര്‍ക്ക് സ്വായത്തമായിരുന്നുവെങ്കിലും ഹുസൈന്‍ അതിന് ആധുനികമാനം നല്‍കി ഒരു പുതിയ പാത വെട്ടിത്തെളിയിച്ചു. അതുവരെ രവിവര്‍മ ശൈലിയും ബംഗാള്‍ സ്‌കൂള്‍ ശൈലിയും ഭാരതീയ ചിത്രകലയെ ഉന്നതിയില്‍ എത്തിച്ചിരുന്നു. എങ്കിലും എം.എഫ്. ഹുസൈന്‍ സമഗ്രമായൊരു വീക്ഷണത്തിലൂടെ ഭാരതീയ കലയ്ക്ക് പുതിയ മാനം നല്‍കി.
സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ നെഹ്രുവിയന്‍ സോഷ്യലിസത്തില്‍ അടിസ്ഥാനമായി ചിന്തിക്കുന്ന ഒരു യുവ കലാകാരസമൂഹം മുംബൈയില്‍ അന്നത്തെ ചെറുപ്പക്കാരായ കലാകാരന്മാരുടെ കൂട്ടത്തില്‍ ഹുസൈനെ അദ്ദേഹത്തിന്റെ ശൈലീസവിശേഷതകൊണ്ട് ശ്രദ്ധിക്കാന്‍ തുടങ്ങി. സിനിമയുമായുള്ള ഹുസൈന്റെ ബന്ധം കലാമേഖലയില്‍ ചിത്രകലയ്ക്ക് ഒരു പുതിയ മാനം നല്‍കിയത് ഹുസൈന്റെ ചിത്രങ്ങളുടെ സവിശേഷതയായിരുന്നു.
സിനിമയിലെ ദൃശ്യഭാഷാശൈലിയും ഭാരതീയ ചിത്രകലാപാരമ്പര്യവും ഒരുമിച്ചുചേര്‍ത്തപ്പോള്‍ ആധുനികതയെയും പാരമ്പര്യത്തെയും ഹുസൈന്‍ ഒരുമിപ്പിച്ചു. പിന്നീട് സിനിമയുമായി നേരിട്ടുതന്നെ ബന്ധപ്പെട്ട് ഹുസൈന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.സിനിമ, ചിത്രകല എന്നീ രണ്ട് മേഖലകളുടെ പാരസ്പര്യം ഭാരതീയകലാ ചരിത്രത്തില്‍ ഒരു പുതിയ പാഠം കുറിച്ചു. പിന്നീട് ഹുസൈന്റെ ശൈലി ഭാരതത്തില്‍ എവിടെയും പെട്ടെന്ന് തിരിച്ചറിയത്തക്കവിധത്തില്‍ അത്രയധികം ജനപ്രീതി നേടി. ആധുനിക കലയെ ദുര്‍ഗ്രാഹ്യം എന്ന് കരുതിയിരുന്ന ഒരു കാലഘട്ടത്തില്‍ ഹുസൈന്റെ രചനകള്‍ സാധാരണ ജനങ്ങളും ബുദ്ധിജീവികളും ഒരുപോലെ സ്വീകരിച്ചു.
പിന്നീട് സാമൂഹികമായ പല ഘടകങ്ങളും ഉള്‍ക്കൊള്ളുന്ന വിഷയങ്ങള്‍ ഹുസൈന്‍ ഉപയോഗിച്ചു. സാധാരണ ഗ്രാമീണരെപ്പോലെത്തന്നെ അവശര്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിച്ച മദര്‍ തെരേസയുടെ ചിത്രപരമ്പര അതിന്റെ ഉള്ളടക്കം കൊണ്ടും ശൈലീസവിശേഷത കൊണ്ടും ലോകപ്രശസ്തി നേടി. എന്നാല്‍ 1990കളില്‍ രാഷ്ട്രീയമായ പല മാറ്റങ്ങളും വന്നതിന്റെ ഫലമായി 1950 കളിലും 1960കളിലും ഹുസൈന്‍ രചിച്ച ചില ഡ്രോയിങ്ങുകളെ പുറത്തെടുത്ത് അദ്ദേഹത്തെ ആക്ഷേപിക്കുകയുണ്ടായി.
ദൃശ്യവും ശ്രാവ്യവും ചേര്‍ത്തുകൊണ്ട് ഭീംസേന്‍ ജോഷിയുടെ സംഗീതവും ഹുസൈന്റെ ചിത്രങ്ങളും ജുഗല്‍ബന്ദിയായി അവതരിപ്പിച്ചു. സിനിമയെയും ചിത്രരചനയെയും 195060 കളില്‍ ബന്ധപ്പെടുത്തിയപോലെ 1990 കളില്‍ അദ്ദേഹം സംഗീതത്തെയും ചിത്രത്തെയും ബന്ധപ്പെടുത്തി. അതോടെ ഭാരതത്തില്‍ എവിടെയും ഇത്തരം ശ്രാവ്യദൃശ്യ പാരസ്പര്യ പ്രദര്‍ശനം ഒരു ഫാഷന്‍പോലെ ആവുകയും ചെയ്തു.
ഭാരതത്തിന്റെ മാറിയ രാഷ്ട്രീയസാമൂഹികസാമ്പത്തിക പരിതഃസ്ഥിതിയില്‍ ഹുസൈനെപോലെ പുകഴ്ത്തലും ഇകഴ്ത്തലും ഒരുപോലെ അനുഭവിച്ച മറ്റൊരു ചിത്രകാരന്‍ ഭാരതത്തിലുണ്ടാവില്ല. കേരള സര്‍ക്കാര്‍ രാജാരവിവര്‍മ പുരസ്‌കാരം നല്‍കിയതുപോലും സ്വീകരിക്കാന്‍ ഹുസൈന് സാധിച്ചില്ല. സ്വാതന്ത്ര്യം കിട്ടിയ ഉടനെത്തന്നെ കലാകാരന്മാരുടെ സ്വാതന്ത്ര്യം എന്ന ആശയത്തിന്നുവേണ്ടി നിലനിന്നിരുന്ന അന്നത്തെ കലാകാരന്മാരുടെ സമൂഹത്തിലെ പ്രധാനിയായ ഹുസൈന് സ്വതന്ത്ര ഇന്ത്യയില്‍ അവസാനകാലത്ത് ഒരു പ്രവാസിയായി ജീവിക്കേണ്ടിവന്നു എന്നത് കലാചരിത്രത്തിലെ ഒരു സവിശേഷമായ അധ്യായമായി അടുത്ത തലമുറകള്‍ വിലയിരുത്തിക്കൊള്ളും.