കാന്‍വാസ് ശൂന്യമായി; ഹുസൈന്‍ വിടവാങ്ങി
Posted on: 10 Jun 2011

ലണ്ടന്‍: ലോകത്തിനു മുമ്പില്‍ സമകാലീന ഇന്ത്യന്‍ ചിത്രകലയുടെ മുഖമായി മാറിയ മഖ്ബൂല്‍ ഫിദാ ഹുസൈന്‍ (95) അന്തരിച്ചു. ലണ്ടനിലെ റോയല്‍ ബ്രോംടന്‍ ആസ്പത്രിയില്‍ ഇന്ത്യന്‍ സമയം വ്യാഴാഴ്ച രാവിലെ ഏഴിനായിരുന്നു എം.എഫ്. ഹുസൈന്റെ അന്ത്യം. ഒന്നര മാസമായി ഇവിടെ ചികിത്സയിലായിരുന്നു.സിനിമാപോസ്റ്റര്‍ രചയിതാവെന്ന നിലയില്‍ നിന്ന് ലോകത്തിലെ ഏറ്റവും വാണിജ്യമൂല്യമുള്ള ഇന്ത്യന്‍ ചിത്രകാരനായി വളര്‍ന്ന ഹുസൈന്‍ എക്കാലവും വിവാദങ്ങളുടെ തോഴനായിരുന്നു.
വിവാദങ്ങളും കേസുകളും വിടാതെ പിന്തുടര്‍ന്നപ്പോള്‍ 2006ല്‍ ഇന്ത്യ വിട്ട അദ്ദേഹം 2010ല്‍ ഖത്തര്‍ പൗരത്വം സ്വീകരിച്ചു. പൗരത്വമില്ലെങ്കിലും ഇന്ത്യയുടെ ചിത്രകാരനായിത്തുടര്‍ന്ന ഹുസൈന്റെ ശവസംസ്‌കാരം ഇസ്‌ലാമികാചാരപ്രകാരം വെള്ളിയാഴ്ച ലണ്ടനിലെ വസതിയില്‍ നടക്കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. മഹാരാഷ്ട്രയിലെ പന്ഥര്‍പുറില്‍ 1915 സപ്തംബര്‍ 17ന് ജനിച്ച ഹുസൈനെ പ്രശസ്തനാക്കിയത് 1952ല്‍ സൂറിച്ചില്‍ നടന്ന പ്രദര്‍ശനമായിരുന്നു.
ഏതാനും വര്‍ഷങ്ങള്‍കൊണ്ട് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്ക് യു.എസ്സിലും യൂറോപ്പിലും വന്‍ സ്വീകാര്യത ലഭിച്ചു. മദര്‍ തെരേസാ പരമ്പരയും ലോകത്തിലെ ഒമ്പത് മതങ്ങളെ അടിസ്ഥാനമാക്കിയും കുതിരകളെ അടിസ്ഥാനമാക്കിയുമുള്ള ചിത്രപരമ്പരകളും 40 അടി ഉയരമുള്ള ഇരുപതാം നൂറ്റാണ്ടിന്റെ ഛായാചിത്രമെന്ന ചുവര്‍ചിത്രവും ആസ്വാദകരുടെ മനംകവര്‍ന്നു. അടുത്തിടെ ബോണ്‍ഹാംസില്‍ നടന്ന ലേലത്തില്‍ ഹുസൈന്റെ ഒരു എണ്ണച്ചായാചിത്രത്തിന് ലഭിച്ചത് 1.23 കോടി രൂപയാണ്.
'55ല്‍ പദ്മശ്രീയും '67ല്‍ പദ്മഭൂഷണും '91ല്‍ പദ്മ വിഭൂഷണും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. '86ല്‍ രാജ്യസഭാംഗമായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. കേരള സര്‍ക്കാര്‍ രാജാരവിവര്‍മ പുരസ്‌കാരം പ്രഖ്യാപിച്ചെങ്കിലും എതിര്‍പ്പുമൂലം അതു സമ്മാനിക്കാനായില്ല. ജോര്‍ദാനിലെ അമ്മാനിലുള്ള റോയല്‍ ഇസ്‌ലാമിക് സ്ട്രാറ്റജിക് സ്റ്റഡീസ് സെന്റര്‍ ലോകത്തെ സ്വാധീനിച്ച 500 മുസ്‌ലിങ്ങളില്‍ ഒരാളായി അദ്ദേഹത്തെ തിരഞ്ഞെടുത്തിട്ടുണ്ട്.
ചിത്രത്തെപ്പോലെ ചലച്ചിത്രത്തെയും ഇഷ്ടപ്പെട്ട ഹുസൈന്‍ 1967ല്‍ നിര്‍മിച്ച ആദ്യ ചലച്ചിത്രം 'ത്രൂ ദ ഐസ് ഓഫ് എ പെയ്ന്ററി'ലൂടെ ബെര്‍ലിന്‍ ചലച്ചിത്രോത്സവത്തിലെ ഗോള്‍ഡന്‍ ബെയര്‍ പുരസ്‌കാരം നേടി. ബോളിവുഡ് നടി മാധുരി ദീക്ഷിതിന്റെ ആരാധകനായ ഹുസൈന്‍ അവരെ നായികയാക്കി 'ഗജഗാമിനി' എന്ന സിനിമ സംവിധാനം ചെയ്തു. മാധുരിയെ വിഷയമാക്കി ഒരു നിര ചിത്രങ്ങളും അദ്ദേഹം രചിച്ചു. തബുവിനെ നായികയാക്കി മീനാക്ഷി: ദ ടെയ്ല്‍ ഓഫ് ത്രീ സിറ്റീസ് എന്ന സിനിമ സംവിധാനം ചെയ്‌തെങ്കിലും മുസ്‌ലിം സംഘടനകളുടെ എതിര്‍പ്പുകാരണം പിന്‍വലിക്കേണ്ടിവന്നു. അദ്ദേഹത്തിന്റെ ആത്മകഥ 'ദ മെയ്ക്കിങ് ഓഫ് ദ പെയ്ന്റര്‍' എന്ന പേരില്‍ ചലച്ചിത്രമായിട്ടുണ്ട്.
പാശ്ചാത്യ മാധ്യമങ്ങള്‍ ഇന്ത്യയുടെ പിക്കാസോ എന്നു വിശേഷിപ്പിച്ച ഹുസൈന് 1971ല്‍ സാവോപോളോയില്‍ ചിത്രപ്രദര്‍ശനത്തില്‍ സാക്ഷാല്‍ പാബ്ലോ പിക്കാസോയ്‌ക്കൊപ്പം പ്രത്യേകക്ഷണിതാവായി പങ്കെടുക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ അദ്ദേഹത്തിന്റെ പേര് നിറഞ്ഞു നിന്നത് വിവാദങ്ങളുടെ പേരിലായിരുന്നു. ഹിന്ദുദേവതമാരുടെ നഗ്‌നചിത്രങ്ങള്‍ അദ്ദേഹത്തെ ഹിന്ദു സംഘടനകളുടെ കണ്ണിലെ കരടാക്കി.
സരസ്വതിയുടെയും ദുര്‍ഗയുടെയും നഗ്‌നചിത്രങ്ങളുടെ പേരില്‍ ബജ്‌റംഗ്ദള്‍ 1998ല്‍ അദ്ദേഹത്തിന്റെ വീട് ആക്രമിച്ചു. പ്രക്ഷോഭങ്ങള്‍ മൂലം ലണ്ടനിലെയും ഇംഗ്ലണ്ടിലെയും ഹുസൈന്റെ ചിത്രപ്രദര്‍ശനങ്ങള്‍ നിര്‍ത്തിവെക്കേണ്ടി വന്നു. ഹൈന്ദവവികാരങ്ങളെ വ്രണപ്പെടുത്തിയതിന്റെ പേരില്‍ 2006ല്‍ ഹുസൈനെതിരെ ഒട്ടേറെ കേസുകളുണ്ടായി; അറസ്റ്റ് വാറന്റും വസ്തുവകകള്‍ കണ്ടുകെട്ടാനുള്ള ഉത്തരവുമുണ്ടായി.
കേസുകളും പ്രതിഷേധങ്ങളും തുടര്‍ക്കഥയായപ്പോള്‍ ഹുസൈന്‍ 2006ല്‍ ഇന്ത്യവിട്ടു ലണ്ടനിലേക്ക് പോയി. സ്വയം പ്രഖ്യാപിതപ്രവാസത്തിലായിരുന്ന അദ്ദേഹം കുറച്ചുകാലം ദുബായിലും താമസിച്ചു. 2010ല്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപേക്ഷിച്ച് ഇനിയൊരിക്കലും ഇന്ത്യയിലേക്കില്ലെന്ന് പ്രഖ്യാപിച്ചു. എന്നാല്‍, അവസാനകാലം ഇന്ത്യയില്‍ ചെലവഴിക്കാന്‍ ഹുസൈന്‍ ആഗ്രഹിച്ചിരുന്നതായി മരണത്തിന് മൂന്നു ദിവസം മുമ്പ് ആസ്പത്രിയില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച പ്രസിദ്ധ ചിത്രകാരന്‍ ഗണേശ് പൈന്‍ പറഞ്ഞു. ഫാസിലയാണ് ഭാര്യ. മൂന്ന് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമുണ്ട്.