ഹുസൈന്‍ വരച്ചു; മലബാറിന്റെ മനസ്സില്‍
Posted on: 10 Jun 2011

അത്താഴം ആഴ്ചവട്ടത്തെ 'കേരളകല'യിലായിരുന്നു. പി.വി. ചന്ദ്രനും പി.വി. ഗംഗാധരനും കുടുംബാംഗങ്ങളും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ഹുസൈന്‍ എത്തുമ്പോള്‍ നടന്‍ േമാഹന്‍ലാല്‍ അവിെടയുണ്ട്. ചിത്രം ആവശ്യപ്പെട്ടവരെ ആരെയും അദ്ദേഹം നിരാശരാക്കിയില്ല. മോഹന്‍ലാലിന് പ്രത്യേകമായും ചിത്രം വരച്ചുനല്‍കി. മാതൃഭൂമി വായനക്കാര്‍ക്ക് വേണ്ടി മതസൗഹാര്‍ദ സന്ദേശമുള്ള ചിത്രമായിരുന്നു അദ്ദേഹത്തിന്റെ സമ്മാനം.
അന്ന് മാതൃഭൂമി സ്‌പെഷല്‍ കറസ്‌പോണ്ടന്റായിരുന്ന വി. രാജഗോപാല്‍ എഴുതിക്കൊടുത്തതുപോലെ ചിത്രത്തിന്റെ ചുവട്ടില്‍ മലയാളത്തില്‍ ഹുസൈന്‍ എന്നെഴുതി. ഭക്ഷണശേഷം ദീര്‍ഘനേരം കുശലാന്വേഷണം നടത്തിയ ശേഷമാണ് മടങ്ങിയത്. രാത്രി താമസം കളക്ടറോടൊപ്പം. അടുത്തദിവസം നൂറ് മീറ്റര്‍ ക്യാന്‍വാസില്‍ മതമൈത്രിയുടെ ചിത്രം പിറന്നു.
ഹുസൈനോടൊപ്പം പ്രശസ്ത ചിത്രകാരന്മാര്‍ പലരും വരച്ചു. പുണിഞ്ചിത്തായ, ഗോപി ചോഴമണ്ഡലം, ആര്‍ട്ടിസ്റ്റ് നമ്പൂതിരി എന്നിവര്‍ അവരില്‍ച്ചിലര്‍ മാത്രം. മാനാഞ്ചിറയിലായിരുന്നു ക്യാന്‍വാസ് സ്ഥാപിച്ചത്. ആളുകള്‍ക്ക് വല്ലാത്തൊരു പുതുമയായിരുന്നു അത്്. ഓരോ മീറ്ററിലും ഓരോ ചിത്രകാരന്‍ വരച്ചു. അവരില്‍ പ്രശസ്തരും അപ്രശസ്തരുമുണ്ടായിരുന്നു. ചിത്രം മാത്രം കണ്ടുപരിചയിച്ചവര്‍ ചിത്രകാരന്മാരെ കാണാന്‍ തടിച്ചുകൂടി. മാനാഞ്ചിറ നിറയെ ജനം. മതമൈത്രിചിത്രം വരയ്ക്കാന്‍ വേണ്ടി മാത്രമായി ഇവിെടയെത്തിയ ഹുസൈന്‍ എന്ന വലിയ ചിത്രകാരന്റെ സാമൂഹികപ്രതിബദ്ധതയ്ക്ക്് കൂടി അങ്ങനെ േകാഴിക്കോട് സാക്ഷിയായി.
അന്ന് സന്ധ്യക്ക് ഹുസൈന്‍ കടല്‍ത്തീരത്തെത്തി. 92ലെ അവസാനത്തെ പകലിനെയും പുതുവര്‍ഷപ്രതീക്ഷകളെയും സാക്ഷിയാക്കി അദ്ദേഹം വീണ്ടും വരച്ചു. 94-ല്‍ വീണ്ടും അദ്ദേഹം വന്നു; 'അര്‍പ്പണ' സംഗീത-നൃത്ത ജുഗല്‍ബന്ദിയുടെ വേദിയില്‍. അന്ന് കടപ്പുറത്ത് അള്ളാരാഖയും സക്കീര്‍ ഹുസൈനും തബലയില്‍ മഴപെയ്യിച്ചു. ഹുസൈന്‍ അത് ക്യാന്‍വാസില്‍ പകര്‍ത്തി. മാനാഞ്ചിറയ്ക്കടുത്തുള്ള പബ്ലിക് ലൈബ്രറി ഹാളില്‍ ഇപ്പോഴുമുണ്ട്് ആ ചിത്രം. തബലയില്‍നിന്നുയരുന്ന, തബലയിലേക്കായുന്ന രണ്ട് കൈകള്‍. വെളുത്ത പശ്ചാത്തലത്തില്‍ കറുപ്പിന്റെ സംഗീതമുള്ള വര. അതില്‍ ചുവന്ന അക്ഷരങ്ങളില്‍ ഹുസൈന്‍ എന്ന് വരച്ചിട്ടിട്ടുണ്ട്.
നൂറ് മീറ്റര്‍ കാന്‍വാസിന്റെ കഥ

ഹുസൈന്റെ കൈയൊപ്പുപതിഞ്ഞ അമൂല്യമായ ഈ ക്യാന്‍വാസ് പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ടുമെന്റ് സുരക്ഷിതമായി സൂക്ഷിച്ചുവെച്ചു. പിന്നീടൊരിക്കല്‍ മലബാര്‍ മഹോത്സവ വേദിയില്‍ ക്യാന്‍വാസ് പ്രദര്‍ശിപ്പിച്ചു. ഒരു മന്ത്രിസഭാ വാര്‍ഷിക വേളയില്‍ ടൗണ്‍ഹാളിലും ക്യാന്‍വാസ് സ്ഥാപിച്ചു. പിന്നീട് ചെന്നൈയില്‍വെച്ച് ക്യാന്‍വാസ് 300 മീറ്ററാക്കി പുനര്‍നിര്‍മിച്ചു. കെ.ആര്‍. നാരായണന്‍ രാഷ്ട്രപതിയായപ്പോള്‍ രാഷ്ട്രപതി ഭവനിലായി ക്യാന്‍വാസിന്റെ സ്ഥാനം. ഇപ്പോഴും ക്യാന്‍വാസ് ഡല്‍ഹിയിലാണുള്ളത്.