മലയാളിയെ സ്നേഹിച്ച് അവരിലൊരാളായി ഹുസൈന്‍
അഹമ്മദ് പാതിരിപ്പറ്റ Posted on: 09 Jun 2011

മരണവാര്‍ത്തയറിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ഡ്രൈവറായിരുന്ന മലയാളിയായ സൈതലവിയെ വിളിച്ചു. അദ്ദേഹത്തിന്റെ വാക്കുകളില്‍ ഗദ്ഗദം. സംസാരിക്കാന്‍ കഴിയുന്നില്ല. മലയാളികളെ ഇത്രയധികം സ്നേഹിച്ച മലയാളിയായ ചിത്രകാരന്റെ വിയോഗവാര്‍ത്തയറിഞ്ഞ നടുക്കത്തിലാണദ്ദേഹം.
എം.എഫ്. ഹുസൈന്‍ ഖത്തറിലെത്തിയിരുന്ന വേളയില്‍ അദ്ദേഹത്തിന് ആതിഥേയത്വം നല്‍കിയ ഖത്തര്‍ ഫൗണ്ടേഷന്‍ അധികൃതരോടദ്ദേഹം അഭ്യര്‍ഥിച്ചത് തനിക്ക് മലയാളിയായ ഡ്രൈവര്‍ മതിയെന്നായിരുന്നു. വര്‍ഷങ്ങളായി ഹുസൈന്റെ ഡ്രൈവറായി ഒരു നിഴല്‍ പോലെ അദ്ദേഹത്തെ പിന്തുടര്‍ന്നിരുന്ന സൈതലവി മെയ് അവസാനത്തിലാണ് അദ്ദേഹത്തെ ദുബായിലേക്കുള്ള യാത്രയ്ക്കായി വിമാനത്താവളത്തിലിറക്കി തിരിച്ചുപോന്നത്. ദുബായിയില്‍ നിന്നാണ് അദ്ദേഹം ലണ്ടനിലേക്ക് പോയത്.
ഖത്തറിലും ദുബായിലും ലണ്ടനിലുമായി മാറിമാറി പറന്നിരുന്ന അദ്ദേഹത്തിന് വാര്‍ധക്യം എന്നത് അജന്‍ഡയിലില്ലായിരുന്നു. സദാ കര്‍മധീരന്‍ നരച്ചതാടി വാര്‍ധക്യത്തിന്റെ സൂചന നല്‍കിയിരുന്നെങ്കിലും സദാകര്‍മരംഗത്ത് സജീവം. ഒന്നുകില്‍ യാത്ര... അല്ലെങ്കില്‍ പെയിന്‍റിങ് -ഇതായിരുന്നു രീതി. അല്‍സര്‍ക്കാ, ഗള്‍ഫ് ഗാര്‍ഡന്‍ തുടങ്ങിയ മലയാളി ഹോട്ടലുകളിലെ നിത്യ സന്ദര്‍ശകന്‍. ഉച്ചയ്ക്കും രാത്രിയിലും കൃത്യമായി ഈ മലയാളി ഹോട്ടലുകളിലെത്തും. റൊട്ടിയും പച്ചക്കറിയുമാണ് ഉച്ചഭക്ഷണം. ചിലപ്പോള്‍ മട്ടന്‍ ബിരിയാണിയും കഴിക്കും. മലയാളികളോടൊപ്പം വര്‍ത്തമാനങ്ങള്‍ പറഞ്ഞിരിക്കും. താടിക്കിടയിലൂടെ സദാവിരിയുന്ന പുഞ്ചിരി. ''രാത്രിയില്‍ കൃത്യം എട്ടുമണിക്കുതന്നെ ഭക്ഷണം വേണം. റൊട്ടിയും പച്ചക്കറിയും തന്നെ. ചിലപ്പോള്‍ പാകിസ്താന്‍ ഹോട്ടലായ ലാഹോറില്‍ പോകും. അല്ലാത്ത സമയങ്ങളിലൊക്കെ മലയാളി ഹോട്ടലുകളില്‍ തന്നെ'' -പെരിന്തല്‍മണ്ണ സ്വദേശിയായ ഡ്രൈവര്‍ സൈതലവി പറയുന്നു.
കൃത്യനിഷ്ഠയായിരുന്നു അദ്ദേഹത്തിന്റെ സവിശേഷത. ആവശ്യത്തിനുമാത്രം ഭക്ഷണം. ഇടയ്ക്കിടെ പാല്‍ച്ചായയും കുടിക്കും. മലയാളികളോട് വല്ലാത്ത സ്നേഹമായിരുന്നു. ആ സ്നേഹവാത്സല്യങ്ങള്‍ തനിക്കും അനുഭവിക്കാന്‍ സൗഭാഗ്യം സിദ്ധിച്ചതായി സൈതലവി പറയുന്നു.
മമ്മുട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമ വന്നാല്‍ കാണണമെന്ന് ഹുസൈന് നിര്‍ബന്ധമാണ്. തിയേറ്ററില്‍ സൈതലവിയെയും കൂട്ടി പോകും. മമ്മുട്ടിയുടെയും ലാലിന്റെയും സിനിമ വന്നോ എന്ന് ഇടയ്ക്കിടെ അന്വേഷിക്കും.
മലയാള മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ താത്പര്യമാണ്. പത്രപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരുമെല്ലാം എന്റെ കൂടെ കൂടിക്കാഴ്ചയ്ക്ക് വേണ്ടി ചെന്നപ്പോഴൊന്നും തടസ്സം പറയാതെ സംസാരിക്കാന്‍ തയ്യാറായിരുന്നു.
കേന്ദ്രമന്ത്രി ഇ. അഹമ്മദ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ കര്‍മപദ്ധതികളടങ്ങുന്ന 'വിഷന്‍ ട്വന്‍റി ട്വന്‍റി'യുടെ പ്രകാശനത്തിനായി കെ.എം.സി.സി. സംഘടിപ്പിച്ച പരിപാടിയില്‍ ഹുസൈന്‍ പങ്കെടുത്തിരുന്നു. ഹോട്ടല്‍ മുകളില്‍ കയറാന്‍ പ്രയാസപ്പെട്ട ഹുസൈന്‍ താഴത്തെ നിലയില്‍ നിന്നും പുസ്തകപ്രകാശനം കഴിഞ്ഞ് തിരിച്ചുപോകുമ്പോള്‍ മലയാളികളോടെല്ലാം കുശലം പറഞ്ഞിരുന്നു.
മലയാളികളെ സ്നേഹിച്ച ഒരു മഹാനുഭാവന്റെ വേര്‍പാടിന്റെ വേദനയിലാണദ്ദേഹത്തെ അടുത്തറിഞ്ഞിരുന്ന മലയാളികള്‍.
ഖത്തറിലെ വെസ്റ്റ് ബെയില്‍ ചുറ്റും തടാകങ്ങള്‍ വലയം വെക്കുന്ന കൊച്ചു കരയില്‍ രൂപം കൊണ്ട വെസ്റ്റ് ഭെലഗൂണിലെ ആഡംബരഭവനത്തിന്റെ വാതായനങ്ങള്‍ ഇനി ഹുസൈന് വേണ്ടി തുറക്കില്ല.
മുറികളില്‍ ചിതറിവീണ ചായക്കൂട്ടങ്ങളും അവിടെവിടെയായിക്കിടക്കുന്ന ബ്രഷുകളും അവസാനനാളുകളില്‍ വിരിഞ്ഞ ഛായാചിത്രങ്ങളും ഇനി അനാഥാവസ്ഥയില്‍. ആ നല്ല ഓര്‍മകള്‍ക്ക് വസന്തം വിരിച്ചവിടം ചരിത്രസ്മാരകങ്ങള്‍ മാത്രമാകും.