Mathrubhumi Logo
  chithrakaran

ഇന്ത്യയുടെ പിക്കാസോ

എം.പി. സുരേന്ദ്രന്‍ Posted on: 09 Jun 2011

വരകളുടെയും നിറങ്ങളുടെയും പിന്നാലെപോയ ഒരു സഞ്ചാരിയുടെ യാത്രയാണ് മക്ബൂല്‍ ഫിദ ഹുസൈന്റെ ജീവിതം. ജീവിതം മുഴുവന്‍ ഒരു ശബ്ദമുഖരിതമായ ചെണ്ടയെപ്പോലെ ജീവിച്ചുവെന്ന് നിരൂപകരുടെ വായ്ത്താരി. ഒഴുക്കും എതിരൊഴുക്കും ചുഴികളും നിറഞ്ഞ ഒരു ജീവിതത്തെയും എം.എഫ്. ഹുസൈന്‍ എന്നു വിളക്കാം. നീണ്ട നരച്ച മുടിയും താടിയുമുള്ള ഹുസൈന്റെ മുഖം ഏഴ് ദശകങ്ങളിലായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നു. ആ കലാജീവിതം എപ്പോഴും പ്രക്ഷുബ്ധമായിരുന്നു. ഒരുഗ്രാം സ്വര്‍ണത്തിന് ആയിരം രൂപയുണ്ടായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ചിത്രത്തിലെ ഒരു മില്ലിമീറ്റര്‍ സ്‌പേസിന് അയ്യായിരം രൂപയായിരുന്നു വിലയെന്ന് വിസ്മയഭരിതനായ ഒരു എഴുത്തുകാരനും കണ്ടെത്തിയിട്ടുണ്ട്. പക്ഷെ യഥാര്‍ത്ഥത്തില്‍ ഹുസൈന്‍ ഇതൊന്നുമല്ല. ജീവിതം മുഴുവന്‍ നഗ്‌നപാദനായ അയാള്‍ ഇന്ത്യയുടെ ഗ്രാമജീവിതം കണ്ട ഗ്രാമീണനായിരുന്നു.

മഹാരാഷ്ട്രയിലെ ഷോലാപ്പൂരിലുള്ള പന്തള്‍പ്പൂരില്‍ 1915 സപ്തംബര്‍ 17ന് ജനിച്ച ഹുസൈന്റെ ജീവിതം തന്നെ യാത്രയായിരുന്നു. പിതാവ് ഫിദാ ഹുസൈന്‍, മാതാവ് സൈനാബ് ഹുസൈന്‍. ചെറുപ്പത്തില്‍ത്തന്നെ അമ്മ മരിച്ചു. മുഖമില്ലാത്ത സ്ത്രീരൂപങ്ങള്‍ വരച്ചുകൊണ്ട് അമ്മയുടെ ശൂന്യത അദ്ദേഹം പില്‍ക്കാലത്ത് നികത്തി. അമ്മ ഹുസൈന് മഹത്തായ രൂപകമായിരുന്നു. മദര്‍തെരേസയുടെ മുഖമില്ലാത്ത ചിത്രം വരക്കുമ്പോഴും കാരുണ്യവും വാത്സല്യവുമായിരുന്നു ഹുസൈന്റെ അമ്മ. പ്രാഥമിക പഠനം പല സ്‌കൂളുകളിലായതു കൊണ്ട് ഒരിടത്തും കൊച്ചുഹുസൈന് ഉറച്ചുനില്‍ക്കാനാവുമായിരുന്നില്ല. പക്ഷെ വിരലുകളായിരുന്നു അന്ന് ഹുസൈന്റെ ബ്രഷുകള്‍. ഗ്രാമീണജീവിതം ആ ചിത്രങ്ങളില്‍ തെളിഞ്ഞുനിന്നു.പതിനഞ്ചാം വയസ്സില്‍ തനൊരു ചിത്രകാരനാകുമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അദ്യത്തെ ചിത്രം വിറ്റുപോയത് 10 രൂപയ്ക്കാണ്.

1936ല്‍ ഹുസൈന്‍ പഴയ ബോംബെ നഗരത്തിലെത്തി. ആദ്യം ബോര്‍ഡ് എഴുതല്‍, പിന്നെ ഫര്‍ണിച്ചറുകള്‍ ഡിസൈന്‍ ചെയ്യല്‍, പിന്നാലെ കളിപ്പാട്ടങ്ങളുണ്ടാക്കല്‍ - ജീവിതം സമരതുല്യമായ നാളുകള്‍ തെരുവിലായിരുന്നു ജീവിതവും. പിന്നെ കുറേക്കൂടി മെച്ചമായ സിനിമാ പോസ്റ്ററിലേക്ക് കടന്നു. ന്യൂ തീയേറ്ററിനുള്ളിലെ ലോകങ്ങള്‍ പ്രകാശമാനമായിരുന്നു. രാജ്കുമാറും ദിലീപ്കുമാറും വരുന്നു പോകുന്നു. സുരയ്യ വന്നു, നൗഷാദും റോഷനും വന്നു, വഹീദ വന്നു എല്ലാം പ്രകാശമാനമായ ലോകം. തന്റെ പ്രിയപ്പെട്ട വര്‍ണക്കൂട്ടുകളുടെ വിനീതമായ ലോകം അങ്ങനെയാണ് ഹുസൈന്‍ കണ്ടെത്തിയത്. അതിനിടയ്ക്ക് കളിക്കുതിരകളെ ഉണ്ടാക്കുന്ന ഒരു സ്ഥാപനത്തിനുവേണ്ടി ഡിസൈന്‍ തയ്യാറാക്കുമ്പോള്‍ കുതിച്ചുചാടുന്ന കുതിരകളുടെ ലോകം അദ്ദേഹം സ്വന്തമാക്കുകയും ചെയ്തു. കുതിരകളെ ഹുസൈന്‍ കൈവിട്ടില്ല. അത് ഭ്രാന്തന്‍ ഭാവനകളുടെയും അനിയന്ത്രിതമായ മോഹങ്ങളുടെയും ലോകമായിരുന്നു. ഇതിനിടയ്ക്ക് ബോംബെയിലെ ജെ.ജെ. സ്‌കൂളില്‍നിന്ന് അദ്ദേഹം ചിത്രകലാ പരിശീലനവും പൂര്‍ത്തിയിക്കിയിരുന്നു.

സ്വാതന്ത്ര്യത്തിന് തൊട്ടുമ്പാണ് ഹുസൈന്‍ ചിത്രകല മുഴുവന്‍സമയ പ്രവര്‍ത്തനമായി തിരഞ്ഞെടുത്തത്. അപ്പോഴേയ്ക്കും വിവാഹിതനായ ഹുസൈന് ഭാര്യ ഫസീല നിശ്ശബ്ദമായ പിന്തുണ നല്‍കി. 1951ല്‍ ആദ്യത്തെ പ്രദര്‍ശനം. അമ്പതുകളില്‍ റാസയുടെയും ന്യൂട്ടണ്‍സൂസയുടെയും ഒപ്പം പ്രോഗ്രസീവ് ആര്‍ട്ടിസ്റ്റ്‌സ് സംഘത്തില്‍ ചേര്‍ന്ന ഹുസൈന്‍ തന്റെ കലയുടെ സൈദ്ധാന്തികലോകങ്ങള്‍ പതുക്കെ കണ്ടെത്തിക്കൊണ്ടിരുന്നു. അഞ്ചുമക്കളും ഭാര്യയുമായുള്ള ചെറു ലോകത്തില്‍നിന്ന് ഹുസൈന്‍ ലോകത്തിന്റെ വിശാലതയിലേയ്ക്ക് കടന്നുവരികയും ചെയ്തു. 1951ല്‍ ആദ്യത്തെ പ്രദര്‍ശനം മുംബൈയില്‍ നടത്തിയപ്പോള്‍ പ്രതികരണം നിരാശാജനകമായിരുന്നു. ഗ്രാമീണജീവിതത്തിന്റെ പകര്‍പ്പുകളായിരുന്ന ആ ചിത്രങ്ങളെ ജാമിനി റോയിയുടെ സ്റ്റെനോഗ്രാഫര്‍ എന്ന പരിഹാസത്തിന് ഇടയാക്കി. ബ്രിട്ടീഷ് ശൈലിയില്‍ നിന്നും ബംഗാളിന്റെ നവോത്ഥാനശൈലയില്‍നിന്നും വേറിട്ടുനില്‍ക്കുന്ന കാഴ്ചയുടെ ലോകം സൃഷ്ടിക്കാനായിരുന്നു ആ ശ്രമം.ദേശീയ ചിത്രകലാ മ്യൂസിയത്തിലുള്ള 'സമീന്‍' എന്ന ചിത്രത്തിനുതന്നെ അദ്ദേഹത്തിന് 6000 രൂപ ലഭിച്ചിരുന്നു.

1952ല്‍ സൂറിച്ചില്‍ നടത്തിയ ചിത്രപ്രദര്‍ശനമാണ് ഹുസൈനിനെ പ്രസിദ്ധനാക്കിയത്. പതിനഞ്ചുവര്‍ഷത്തിനുശേഷം ബ്രസീലിലെ സാവോപോളയില്‍ പാബ്ലോ പിക്കാസോയോടൊപ്പം ചിത്രപ്രദര്‍ശനം നടത്തിയതോടെ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്ക് വിലയുയര്‍ന്നു. ഇതേകാലത്തുതന്നെ ന്യൂയോര്‍ക്കിലും അദ്ദേഹം ചിത്രപ്രദര്‍ശനം നടത്തി. അദ്ദേഹത്തിന്റെ മികച്ച ചിത്രമായ 'ചിലന്തിയും വിളക്കും' എണ്ണൂറു രൂപയ്ക്ക് എടുക്കണമെന്ന് നാഷണല്‍ മ്യൂസിയം അധികൃതരോട് ഒരിക്കല്‍ആവശ്യപ്പെട്ടിരുന്നു. അവരത് നിരസിക്കുകയാണ് ചെയ്തത്. പിന്നീട് ഈ ചിത്രം ബെര്‍ലിന്‍ മ്യൂസിയം വാങ്ങി. ഇന്നതിന്റെ വില 25 ലക്ഷം രൂപയാണ്.
95 വയസ്സിനുള്ളില്‍ ഒരുലക്ഷം ചിത്രങ്ങള്‍ വരച്ചുവെന്ന അപൂര്‍വതയും അദ്ദേഹത്തിനുണ്ട്. ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ പ്രചോദനം പിക്കാസോയാണ്. 1967ല്‍ ഇന്റര്‍നാഷണല്‍ ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ ഹുസൈന്റെ 'ഒരു ചിത്രകാരന്റെ വീക്ഷണത്തിലൂടെ' എന്ന ചിത്രം ബഹുമതി നേടുകയുണ്ടായി.

ഫോര്‍ബ്‌സ് മാസിക അദ്ദേഹത്തെ 'ഇന്ത്യയിലെ പിക്കാസോ' എന്നാണ് വിശേഷിപ്പിച്ചത്. 1990ല്‍ ഹുസൈന്‍ ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച ചിത്രകാരനായി മാറി. ക്രിസ്റ്റിലേലത്തില്‍ അദ്ദേഹത്തിന്റെ ഒരു ചിത്രം എട്ടുകോടി രൂപയ്ക്കാണ് വിറ്റുപോയത്.
ഇന്ത്യാ ഗവണ്മെന്റ് അദ്ദേഹത്തിന് പത്മഭൂഷണും പത്മവിഭൂഷണും നല്‍കി ആദരിക്കുകയുണ്ടായി. 2007 മുതല്‍ ഖത്തര്‍, ലണ്ടന്‍ എന്നിവ ഇടത്താവളമാക്കിയ ഹുസൈന് രണ്ടുകൊല്ലം മുമ്പാണ് ഖത്തര്‍ പൗരത്വം ലഭിച്ചത്. അതോടെ അദ്ദേഹം 'തത്ത്വത്തില്‍ ഇന്ത്യക്കാരനല്ലാതായി'.

ഹുസൈന് ഏറ്റവും പ്രിയം യാത്രകളായിരുന്നു. ഗ്രാമീണഭാരതത്തില്‍ സഞ്ചരിച്ചാണ് താന്‍ നിറങ്ങള്‍ കണ്ടെത്തിയതെന്ന് അദ്ദേഹം എപ്പോഴും പറയും. അതുപോലെ കാറുകളോടും ഭ്രമമായിരുന്നു. ലണ്ടനിലെ കെന്‍സിങ്ടണ്‍ അപ്പാര്‍ട്ട്‌മെന്റില്‍ എപ്പോഴും റോള്‍സ്‌റോയ്‌സ് ഉണ്ടാകും. ജഗ്വാര്‍, വെയ്‌റന്‍, ഫെറാറി, മെഴ്‌സിഡസ് തുടങ്ങിയ കാറുകളും അദ്ദേഹത്തിനുണ്ടായിരുന്നു.
കേരളത്തെക്കുറിച്ച് 20 ചിത്രങ്ങള്‍ അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. 2004 ലാണ് അദ്ദേഹം അവസാനമായി കേരളയാത്ര നടത്തിയത്. അന്ന് അദ്ദേഹം ലോകസഞ്ചാരത്തിനിടയ്ക്ക് മാന്യമായി പെരുമാറുന്ന മലയാളികളെക്കുറിച്ച് അഭിമാനപൂര്‍വം പറയുകയുണ്ടായി. ചന്ദ്രനില്‍വരെ മലയാളിയെ കാണാമെന്നു പറഞ്ഞപ്പോള്‍, എങ്കില്‍ അവിടെയെത്തി ചന്ദ്രന്റെ ചുമരുകളില്‍ പെയിന്റ് ചെയ്യുമെന്നും ഹുസൈന്‍ പ്രഖ്യാപിച്ചു. അതാണ് ഫിദ മക്ബൂല്‍ ഹുസൈന്‍.




ganangal


മറ്റു വാര്‍ത്തകള്‍

   
mf hussain adaranjalikal

അഭിമുഖം

Discuss