Mathrubhumi Logo
  chithrakaran

നിറങ്ങളുടെ നഷ്ടം

ആര്‍ട്ടിസ്റ്റ് നമ്പൂതിരി Posted on: 09 Jun 2011

ചിത്രകലയുടെ ഇന്ത്യന്‍മുഖം
നിറങ്ങളെ ഹുസൈന്‍ സമീപിക്കുന്നത് വളരെ ചടുലതയോടെയാണ്. അമൂര്‍ത്ത കലയായിരുന്നില്ല അദ്ദേഹത്തിന്റേത് ആര്‍ട്ടിസ്റ്റ് നമ്പൂതിരി എഴുതുന്നു


ലോക ചിത്രകലയിലെ ഏറ്റവും പ്രശസ്തമായ ഇന്ത്യന്‍ മുഖം ഏതെന്നു ചോദിച്ചാല്‍ അത് എം.എഫ്. ഹുസൈനാണ്. ആള്‍ക്കൂട്ടത്തില്‍ വേറിട്ടുനില്‍ക്കുന്ന വ്യക്തിത്വത്തിന്റെ ഉടമ. അത്രതന്നെ ശക്തമായ ചിത്രങ്ങളുമായിരുന്നു അദ്ദേഹത്തിന്റേത്. ഇന്ത്യയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ വിപണിമൂല്യമുള്ള ചിത്രകാരനുമാണ് ഹുസൈന്‍.



ഒറ്റയൊരിക്കലേ ഞാന്‍ ഹുസൈനെ നേരില്‍ കണ്ടിട്ടുള്ളൂ. കോഴിക്കോട്ടുവെച്ചായിരുന്നു ആ കൂടിക്കാഴ്ച. ദശാബ്ദങ്ങള്‍ കഴിഞ്ഞു, എന്നിട്ടും ഇപ്പോഴും ഒട്ടും മറക്കാത്ത മുഹൂര്‍ത്തമായി ഓര്‍മയിലുണ്ട് അത്. കോഴിക്കോട്ട് ഒരു ചിത്രകാരസംഗമം സംഘടിപ്പിച്ചിരുന്നു. മാനാഞ്ചിറയില്‍ നീളത്തിലുള്ള കൂറ്റന്‍ കാന്‍വാസിലായിരുന്നു ചിത്രവര ഒരുക്കിയത്. അന്നത്തെ മറുനാട്ടുകാരനായ കളക്ടര്‍ അമിതാഭ്കാന്തിന്റെ വ്യക്തിപരമായ ശ്രമഫലമായാണ് ഹുസൈന്‍ ആ പരിപാടിയില്‍ പങ്കെടുത്തത്. ഹുസൈന്‍ വരുന്നെന്നു കേട്ടപ്പോള്‍ കാണാനെത്തിയവര്‍പോലും ചിത്രകാരന്മാരായി! ഒടുവില്‍ കാന്‍വാസില്‍ ഒരിടം ഹുസൈനായി ഒഴിച്ചിടേണ്ടിവന്നു. ഇങ്ങനെ റിസര്‍വുചെയ്തുവെച്ച ഭാഗത്താണ് അദ്ദേഹം വരച്ചത്. നല്ലൊരു ചിത്രമായിരുന്നു. അന്ന് നടത്തിയ കുശലാന്വേഷണം മധുരതരമായിരുന്നു. അന്നുതന്നെ ലോകപ്രശസ്തനായിക്കഴിഞ്ഞിരുന്നു ഹുസൈന്‍.

വ്യക്തിപരമായി എനിക്കേറെ ഇഷ്ടമാണ് ഹുസൈനെ. മികച്ച ചിത്രങ്ങളാണ് ആ തൂലികയില്‍നിന്ന് നമുക്ക് ലഭിച്ചത്. വളരെ ചടുലമായ, ശക്തിയുള്ള രചനകളാണ് അദ്ദേഹത്തിന്റേത്. ഒരു 'ഫോഴ്‌സ് എലിമെന്റ്' ഉണ്ടതില്‍. ചിത്രങ്ങള്‍ നോക്കിനില്‍ക്കുമ്പോള്‍ നമുക്കത് അനുഭവപ്പെടും.

മറ്റൊരു പ്രധാന കാര്യം, വളരെ 'ബോള്‍ഡ്' ആണ് ഹുസൈന്‍ രചനകള്‍. നിറങ്ങള്‍, വെളിച്ചം, മിശ്രണം ഇവയൊക്കെ ഹൃദയാകര്‍ഷകമാണ്. നിറങ്ങളെ ഹുസൈന്‍ സമീപിക്കുന്നത് വളരെ ചടുലതയോടെയാണ്. അമൂര്‍ത്ത കലയായിരുന്നില്ല അദ്ദേഹത്തിന്റേത് എന്നത് വേറൊരു വ്യക്തിത്വം. ചിത്രങ്ങളില്‍ മനുഷ്യരും കുതിരകളും ദേവീദേവന്മാരും - ഇങ്ങനെ 'ഫിഗറേറ്റീവ്' ഘടകങ്ങള്‍ ധാരാളം കാണാം.

ചിത്രങ്ങളിലെ നഗ്‌നത ഹുസൈനെ വിവാദപുരുഷനാക്കിയിരുന്നു. 'നൂഡിറ്റി' ചിത്രകലയുടെ ഭാഗമാണ്. ലോകത്തെവിടെയും വിമര്‍ശിക്കപ്പെട്ടത് പക്ഷേ, മറ്റുചില വശങ്ങള്‍ കാരണമാവാം.

എനിക്ക് കൗതുകം തോന്നിയിട്ടുള്ള ഒരു കാര്യം ഹുസൈന്‍ രേഖാചിത്രകാരനുമാണ് എന്നതാണ്. നിറങ്ങള്‍ മാത്രമല്ല, ഹുസൈന്‍ ചിത്രത്തിന്റെ രൂപനിര്‍മിതിയുടെ ഉപാധി; വരകളും സമൃദ്ധമാണ്.

ഹുസൈന്‍ ചിത്രങ്ങള്‍ കാണാതെതന്നെ ഹുസൈനെ വിശിഷ്ട വ്യക്തിത്വമായി കാണുന്ന ധാരാളം പേരുണ്ടിവിടെ. കല ഏറ്റവും നന്നായി മാര്‍ക്കറ്റ് ചെയ്യാന്‍ അദ്ദേഹം മിടുമിടുക്കനായിരുന്നു. അത് മോശമെന്നു പറയാനും പറ്റില്ല. ലോകത്തിനു മുന്നില്‍ ഇന്നത്തെ ഇന്ത്യന്‍ ചിത്രകാരന്മാരുടെ അംബാസഡര്‍ തന്നെയായിരുന്നു എം.എഫ്.ഹുസൈന്‍. ഒരു പ്രത്യേകതരം വ്യക്തിപ്രഭാവം അദ്ദേഹത്തില്‍ ഒളിമിന്നിയിരുന്നു. മാര്‍ക്കറ്റ്മൂല്യത്തിനും അപ്പുറത്ത് ചില മൂല്യങ്ങളുണ്ട്. കാലത്തിനെ അതിജീവിക്കാന്‍ സാധ്യതയുള്ള ചിലത്. അത് ഹുസൈനില്‍ ഉണ്ടായിരുന്നു.

പ്രവാസം ഹുസൈന്റെ കലാപരമായ പരിമിതിയല്ല. എവിടെ താമസിച്ചാലും കലാകാരന്മാര്‍ക്ക് ചിത്രകല ഒന്നുതന്നെ. എവിടെയായാലും അവര്‍ അവരാവാന്‍ ശ്രമിക്കുകയാണ്. ഹുസൈന്‍ ജനിച്ച ദേശത്തിന്റെയോ ജീവിച്ച ദേശത്തിന്റെയോ ചിത്രകാരനല്ല. ഇന്ത്യന്‍ ചിത്രകാരന്‍ എന്ന ഇമേജാണ് ലോകത്തിനു മുന്നില്‍ അദ്ദേഹത്തിന്. ചിത്രകലയ്ക്കപ്പുറത്തും ഹുസൈന് കഴിവുകളുണ്ടായിരുന്നു. ഒരു സിനിമയും അദ്ദേഹത്തിന്റേതായുണ്ടല്ലോ (മാധുരി ദീക്ഷിത് നായികയായ 'ഗജഗാമിനി' എം.എഫ്. ഹുസൈന്റെ ചലച്ചിത്ര രചനയാണ്).

ഇന്ത്യന്‍ ചലച്ചിത്രകലയ്ക്കു മാത്രമല്ല, ലോക ചിത്രകലയ്ക്കുതന്നെ എം.എഫ്. ഹുസൈന്റെ മരണം വലിയ നഷ്ടമാണ്. സാംസ്‌കാരികതലത്തില്‍ വലിയ വിടവുകൂടിയാണ് ആ സര്‍ഗധനന്റെ വിയോഗം.





ganangal


മറ്റു വാര്‍ത്തകള്‍

   
mf hussain adaranjalikal

അഭിമുഖം

Discuss