Mathrubhumi Logo
  chithrakaran

ആരോ പറഞ്ഞ ഉത്തരമല്ല എന്റെ ജീവിതം - എം.എഫ്.ഹുസൈന്‍

Posted on: 09 Jun 2011

തൊണ്ണൂറ്റിനാലാം ജന്മവാര്‍ഷികവേളയില്‍ ലാവിന മെല്‍വാനി എന്ന പത്രപ്രവര്‍ത്തക എം.എഫ്.ഹുസൈനുമായി നടത്തിയ അഭിമുഖത്തിന്റെ മലയാള പരിഭാഷ വായിക്കാം ഇവിടെ.

94 വര്‍ഷം. ഒരു പാട് ജീവിതാനുഭവങ്ങള്‍ ഉണ്ടാകുമെന്ന് തീര്‍ച്ചയാണ്. അതില്‍ ഒരിക്കലും മറക്കാനാവാത്ത ഒന്നുണ്ടാവുമല്ലോ. എന്താണത്?

എല്ലാ 94 വര്‍ഷങ്ങളും- അതിലോ ഓരോ ദിവസങ്ങളും മണിക്കൂറുകളും നിമിഷങ്ങളും എന്നെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ്. ഒന്നിന് മറ്റേതിനേക്കാള്‍ പ്രാധാന്യമുണ്ട് എന്നൊന്നും ഞാന്‍ വിചാരിക്കുന്നില്ല. ഞാന്‍ ജീവിച്ചതും ജീവിക്കുന്നതും വരച്ചതും വരയ്ക്കുന്നതും അങ്ങനെയാണ്. ചെയ്യാന്‍ വേണ്ടി ഞാന്‍ ഒന്നും യാന്ത്രികമായി ചെയ്യാറില്ല. ഞാനൊരിക്കലും ദിവസേന ചിത്രം വരക്കാറില്ല. സര്‍ഗ്ഗാത്മകമായി നിറഞ്ഞുതുളുമ്പലുണ്ടാവുമ്പോള്‍ മാത്രമേ ഞാന്‍ ബ്രഷെടുക്കൂ. കലയില്‍ ഉയര്‍ച്ചതാഴ്ചകള്‍ എന്നൊന്നില്ല തന്നെ. ചിലപ്പോള്‍ ഞാന്‍ വരയ്ക്കും. ചിലപ്പോള്‍ വരയേയില്ല. വരച്ചവ ഞാന്‍ തന്നെ നശിപ്പിക്കും ചിലപ്പോള്‍ .

ഒരു പാട് ചിത്രങ്ങള്‍ നശിപ്പിച്ചിട്ടുണ്ടോ..?

ഉണ്ട്- ഒരു പാട് ചിത്രങ്ങള്‍ നശിപ്പിച്ചിട്ടുണ്ട്. 1936-ല്‍ നൂറിലധികം വര്‍ക്കുകള്‍ ഞാന്‍ ചെയ്യുകയുണ്ടായിട്ടുണ്ട്. ഒന്ന് പോലും ഞാന്‍ പുറംലോകത്തെ കാട്ടിയില്ല. എല്ലാം നശിപ്പിച്ചു. അതൊക്കെ എനിക്ക് പഠിക്കാനുള്ള ടൂള്‍സായിരുന്നൂ. ഇപ്പോഴത്തെ കുട്ടികള്‍ രണ്ടെണ്ണം വരയ്ക്കും, ഉടന്‍ തന്നെ ചിത്രപ്രദര്‍ശനവും നടത്തും. അത് നല്ലതിനല്ല. പതിനെട്ട് വര്‍ഷത്തോളം ഞാന്‍ ബോംബെയിലുണ്ടായിരുന്നു. അപ്പോഴൊരിക്കലും ഞാന്‍ പ്രദര്‍ശനം സംഘടിപ്പിച്ചിട്ടില്ല. എന്നാല്‍ ഇനി ലോകത്തെ കാട്ടാം എന്ന ആത്മവിശ്വാസം വന്നപ്പോള്‍ മാത്രമാണ് സ്വാതന്ത്ര്യത്തിന് ശേഷം ആദ്യത്തെ പ്രദര്‍ശനം നടത്തിയത്.

അക്കാലം, ചിത്രകലയ്‌ക്കൊക്കെ വളരെ ചെറിയ സ്‌പേസ് മാത്രമല്ലേയുണ്ടായിരുന്നുള്ളൂ. നിങ്ങളുടെ വരകള്‍ കാണിക്കാന്‍ തക്ക വണ്ണമുള്ള സാഹചര്യം ദുര്‍ലഭമായിരുന്നില്ലേ..?

അത്രയ്ക്കില്ല. ഞാന്‍ എന്താണ് ചെയ്യുന്നതിനെക്കുറിച്ച് എനിക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു. ഒരാളുടേയും അംഗീകാരം കിട്ടുന്നതിനായി ഞാന്‍ ഓടിനടന്നിട്ടില്ല. പ്രശ്‌സതരായ പലരേയും ഞാന്‍ കാണുകയുണ്ടായിട്ടുണ്ട്. അവരോടൊത്ത് താമസിക്കുകയുണ്ടായിട്ടുണ്ട്. അവരില്‍ നിന്നൊക്കെ ഞാന്‍ ഒരു പാട് കാര്യങ്ങള്‍ പഠിക്കുകയുണ്ടായിട്ടുണ്ട്.

എന്താണ് നിങ്ങളുടെ വരയെ സ്വാധീനിച്ചിട്ടുള്ളത്?

പ്രപഞ്ചം. അതെ ഈ പ്രപഞ്ചം തന്നെയാണ് എന്റെ പ്രേരകശക്തി. 1953-ല്‍ ആദ്യമായി ഞാന്‍ അമേരിക്കയില്‍ വരുമ്പോള്‍ എല്ലാ ആധുനിക മ്യൂസിയങ്ങളും ഗാലറികളും സന്ദര്‍ശിക്കുകയുണ്ടായിട്ടുണ്ട്. പക്ഷേ ഞാന്‍ കൂടതുല്‍ ശ്രദ്ധയൂന്നിയത് നവോത്ഥാനത്തിലായിരുന്നൂ. ക്ലാസിക്കല്‍ ആണ് എന്റെ അടിത്തറ. അതില്‍ നിന്നാണ് ഞാന്‍ ആധുനികത പരുവപ്പെടുത്തിയെടുത്തത്.

ഹിന്ദി സിനിമകള്‍ക്കായി വലിയ വലിയ ബോര്‍ഡുകള്‍ ഏറെ തയ്യാറാക്കുകയുണ്ടായിട്ടുണ്ടല്ലോ മുമ്പ്. തീര്‍ച്ചയായും അത് ഒരു വ്യത്യസ്തമായ ജീവിതമായിരിക്കണം.?

ആ ബോര്‍ഡുവരകള്‍ കൊണ്ടാണ് എനിക്കിപ്പോഴും വലിയ കാന്‍വാസില്‍ ചിത്രങ്ങള്‍ വരയ്ക്കാന്‍ കഴിയുന്നത്. 20 മുതല്‍ 40 അടിവരെയുള്ള സിനിമാബോര്‍ഡുകളില്‍ കൈ വലിച്ചുവരച്ചതിന്റെ ധൈര്യം ഉണ്ട് ഇന്നത്തെ വരയില്‍ .അതൊരു ശക്തി തന്നെയാണ്.

വരയ്ക്കാതിരിക്കുമ്പോള്‍ എന്ത് ചെയ്യും

സിനിമ കാണാന്‍ പോകും, നാടകങ്ങള്‍ കാണും. സംഗീതം കേള്‍ക്കും.

ഇന്ത്യ മിസ്സ് ചെയ്യുന്നതായി തോന്നിയിട്ടുണ്ടോ

ചില കാര്യങ്ങളില്‍. തീരെ ചെറിയ ചില കാര്യങ്ങളില്‍ . സാങ്കേതികവിദ്യയുടേയും അറിവിന്റേയും പുതിയ കാലത്ത് നാം ഒരു യൂണിവേഴ്‌സല്‍ ജീവിയാണ്. ഏത് ദേശവും നമ്മുടെ കൈയ്യെത്തും ദൂരത്തുണ്ട്.

പുതിയ സിനിമകള്‍ ചെയ്യാന്‍ പദ്ധതിയുണ്ടോ

സിനിമാകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. തിരക്കഥകള്‍ എഴുതുന്നു. മറ്റുള്ളവരുടെ പ്രേരണയില്‍ സിനിമകള്‍ എടുക്കുന്ന ആളല്ല ഞാന്‍. വിഷയങ്ങള്‍ ഞാന്‍ തന്നെ തിരഞ്ഞെടുക്കുന്നു,ചെയ്യുന്നു. ഒരു സിനിമ പൂര്‍ത്തിയാക്കാന്‍ എനിക്ക് പത്ത് വര്‍ഷങ്ങള്‍ വേണം.

പ്രണയത്തിന്റെ പ്രകടനമാണ് നിങ്ങള്‍ക്ക് സിനിമ എന്ന് പറഞ്ഞാല്‍

അല്ല. പ്രണയമല്ല, ജീവിതം തന്നെയാണ്. സിനിമയും എന്റെ സര്‍ഗ്ഗാത്മകതയുടെ ഭാഗം തന്നെയാണ്.

നല്ല സമയങ്ങളിലും ചീത്തനേരങ്ങളിലും എന്താണ് നിങ്ങളെ മുന്നോട്ട് നയിക്കുന്നത്

ക്രിയേറ്റീവ് ഫോഴ്‌സ് തന്നെ. ഏത് നേരമായാലും സര്‍ഗ്ഗാത്മകത തരുന്ന ഊര്‍ജ്ജമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. സര്‍ഗ്ഗാത്മകയയുടെ ബലം എന്നത് കൊണ്ട് ചിത്രം വരക്കുക, കവിതയെഴുതുക എന്നൊന്നും അര്‍ത്ഥമാക്കരുത്. അത് നിങ്ങള്‍ ജീവിക്കുന്ന രീതിവരെയാണ്. ജീവിതത്തിന്റെ ഒരു ഭാഗമാണത്, സര്‍ഗ്ഗാത്മകമായി എങ്ങനെ ജീവിക്കാന്‍ കഴിയുക എന്നുള്ളത് ശ്രമകരമാണ്.

ജനങ്ങള്‍ എങ്ങനെ ജീവിക്കണം എന്ന ചോദ്യമുണ്ടായാല്‍ എന്ത് പറയും?

ഇല്ല. ഞാന്‍ ഒരിക്കലും ഒന്നും നിര്‍ബന്ധിക്കില്ല. ആരോ പറഞ്ഞ ഉത്തരമല്ല എന്റെ ജീവിതം.

പക്ഷേ ആരെങ്കിലും ഒരാള്‍ നിങ്ങളുടെ പാത പിന്തുടരണമെന്ന് തീരുമാനിച്ചാല്‍ , നിങ്ങള്‍ എന്ത് പറയും.

എല്ലാം ഞാന്‍ എന്റെ ചിത്രങ്ങളിലൂടേയും എന്റെ എഴുത്തുകളിലൂടെയും പ്രകടിപ്പിച്ചിട്ടുണ്ട്. അതിനപ്പുറം ഒന്നുമില്ല. എന്നെ സൂക്ഷ്മമായി പിന്തുടരുന്ന ജനങ്ങള്‍ക്ക് അതൊക്കെ മനസ്സിലായേക്കാം. അത്ര തന്നെ.



ganangal


മറ്റു വാര്‍ത്തകള്‍

   
mf hussain adaranjalikal

അഭിമുഖം

Discuss