ഖത്തര്‍ പൗരത്വം സ്വീകരിച്ചുകൊണ്ട് ഹുസൈന്‍ പറഞ്ഞത്
Posted on: 09 Jun 2011
ഞാന്‍ ഇപ്പോഴും ഭാരതത്തെ സ്‌നേഹിക്കുന്നു. പക്ഷേ രാജ്യത്തിന് എന്നെ ആവശ്യമില്ല. ഏറെ സങ്കടത്തോടെയാണ് ഞാനിത് പറയുന്നത്. ഇന്ത്യ എന്റെ മാതൃരാജ്യമാണ്. എന്റെ സ്വന്തം രാജ്യത്തെ വെറുക്കാന്‍ എനിക്ക് ഒരിക്കലും കഴിയില്ല. എന്നാല്‍ ഇന്ത്യയെന്നെ വലിച്ചെറിഞ്ഞു. പിന്നെയെങ്ങെനെ ഞാന്‍ ഇന്ത്യയില്‍ നില്‍ക്കും? സംഘപരിവാര്‍ എന്നെ ലക്ഷ്യം വെച്ചു. ആരും എതിര്‍ത്തില്ല. രാഷ്ട്രീയപ്രവര്‍ത്തകരോ കലാകാരന്‍മാരോ ബുദ്ധിജീവികളോ എനിക്ക് വേണ്ടി സംസാരിക്കാന്‍ തയ്യാറായില്ല. ഇന്ത്യയിലെ 90 ശതമാനം എനിക്കൊപ്പമാണ്. 10 ശതമാനം ആള്‍ക്കാര്‍ക്ക് മാത്രമാണ് പ്രശ്‌നം. സര്‍ക്കാറുകള്‍ക്ക് എന്നെ സംരക്ഷിക്കാന്‍ കഴിയില്ല. പിന്നെയെങ്ങെനെ ഞാനിവിടെ കഴിയും. വോട്ട് മാത്രമാണ് രാഷ്ട്രീയക്കാര്‍ക്ക് ലക്ഷ്യം, സത്യവും നീതിയും അവര്‍ക്ക് വാക്കുകള്‍ മാത്രമാണ്. അവരെന്നോട് മടങ്ങിവരാന്‍ ഇപ്പോള്‍ പറയുന്നു. ഖത്തര്‍പൗരത്വം സ്വീകരിക്കും വരെ എന്നോട് സംസാരിക്കാന്‍ ആരും തയ്യാറായില്ലായിരുന്നു. ഒരു സര്‍ക്കാറും എന്നെ തിരിച്ച് വിളിച്ചില്ല. എനിക്ക് മറ്റൊരു രാജ്യം പൗരത്വം നല്‍കാമെന്ന് പറഞ്ഞപ്പോള്‍ എല്ലാവരും വിളിയോട് വിളി. ആര്‍ക്ക് വേണ്ടി.. ജീവനും സ്വത്തിനും അപകടമുണ്ടായപ്പോള്‍ സംരക്ഷിക്കാന്‍ വിസമ്മതിച്ച രാഷ്ട്രീയക്കാരെ ഞാനെങ്ങെനെയാണ് വിശ്വസിക്കുക. തിരിച്ചുവന്നാല്‍ ഇവിടെ സുരക്ഷ ലഭിക്കുമെന്ന് എന്തെങ്കിലും ഉറപ്പുണ്ടോ? കലാകരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യമാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താനല്ല. വരയായിരുന്നൂ എല്ലാം. ആത്മപ്രകാശനമാണ് എനിക്ക് കല. അത് മനസ്സിലാക്കാന്‍ കഴിയാതെ പോയി. ഒരു മതവിഷയമായി എനിക്കെതിരായുള്ള എതിര്‍പ്പുകള്‍ നോക്കിക്കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കലയുടെത് ആഗോള ഭാഷയാണ്. വിശാലമനസ്‌കതയോടെ കലയെ കാണുന്ന കലാസ്‌നേഹികളാണ് എന്റെ കരുത്ത്. ഖത്തറില്‍ ഞാന്‍ പൂര്‍ണ സ്വാതന്ത്ര്യം ആസ്വദിക്കുന്നു. ഇപ്പോള്‍ ഖത്തര്‍ എന്റെ ദേശമാണ്. ഞാനിവിടെ സന്തോഷവാനാണ്.