Mathrubhumi Logo
  osama

അഫ്ഗാനിസ്താനില്‍ ആക്രമണ പരമ്പര

Posted on: 08 May 2011

ഉസാമാ വധത്തിന്റെ പ്രതികാരമെന്ന് കര്‍സായി

കാണ്ഡഹാര്‍: ഉസാമാ വധത്തിനു പകരം വീട്ടുമെന്ന താലിബാന്‍ പ്രഖ്യാപനത്തിനു പിന്നാലെ അഫ്ഗാനിസ്താനില്‍ ഭീകരാക്രമണ പരമ്പര അരങ്ങേറി. തെക്കന്‍ നഗരമായ കാണ്ഡഹാറില്‍ ആറു ചാവേറാക്രമണങ്ങളുള്‍പ്പെടെ പത്തു സ്‌ഫോടനങ്ങളുണ്ടായി. ഗവര്‍ണറുടെ കാര്യാലത്തിനു നേരേ തീവ്രവാദികള്‍ വെടിവെപ്പും ഗ്രനേഡാക്രമണവും നടത്തി. ചിലയിടങ്ങളില്‍ വെടിവെപ്പ് തുടരുകയാണ്. ഉസാമയെ വധിച്ചതിനോടുള്ള തീവ്രവാദികളുടെ പ്രതികരണമാണ് ആക്രമണങ്ങളെന്ന് പ്രസിഡന്റ് ഹമീദ് കര്‍സായി സ്ഥിരീകരിക്കുകയും ചെയ്തു.

കാണ്ഡഹാര്‍ ഗവര്‍ണര്‍ തുര്യാലായ് വെസായുടെ കാര്യാലയത്തിനു നേരേ റോക്കറ്റ് ലോഞ്ചറുകളും തോക്കുകളുമുപയോഗിച്ചാണ് ആക്രമണം നടത്തിയത്. അമേരിക്കയുടെ ഹെലികോപ്റ്ററുകള്‍ പ്രത്യാക്രമണത്തില്‍ പങ്കെടുത്തു. അഫ്ഗാന്‍ രഹസ്യാന്വേഷണ ഓഫീസ്, പോലീസ് സ്റ്റേഷന്‍ എന്നിവയ്ക്കു നേരേയും ആക്രമണങ്ങളുണ്ടായി. രഹസ്യാന്വേഷണ ഓഫീസിന്റെ തൊട്ടടുത്തുള്ള ഹോട്ടലില്‍ കടന്ന ശേഷമാണ് ആക്രമണം തുടങ്ങിയത്. ഇവിടം വിട്ടുപോകാന്‍ ഹോട്ടലുടമയോട് ആവശ്യപ്പെട്ട ശേഷമാണ് വെടിവെപ്പ് തുടങ്ങിയത്. പോലീസ് സ്റ്റേഷനു നേരേ രണ്ടു ചാവേര്‍ ആക്രമണങ്ങളുണ്ടായെങ്കിലും ഇവ പരാജയപ്പെട്ടു. ഏറ്റുമുട്ടലില്‍ രണ്ടു പേര്‍ മരിച്ചു. മൂന്നു പോലീസുകാരുള്‍പ്പെടെ 29 പേര്‍ക്ക് പരിക്കേറ്റു.

ഉസാമാ വധത്തോടെ കനത്ത തിരിച്ചടി നേരിട്ട അല്‍ ഖ്വെയ്ദയും താലിബാനുമാണ് ഈ ആക്രമണങ്ങള്‍ക്കു പിന്നിലെന്ന് അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി പറഞ്ഞു. താലിബാന്‍ വക്താവ് യൂസഫ് അഹമ്മദി ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. അല്‍ഖ്വെയ്ദ മേധാവി ഉസാമ ബിന്‍ ലാദനെ വധിച്ചതിന് പ്രതികാരമായി പുതിയ ആക്രമണങ്ങളുണ്ടാകുമെന്ന് താലിബാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ദേശീയ ,അന്താരാഷ്ട്ര സേനകളെ ലക്ഷ്യം വെക്കുമെന്നും പ്രത്യേകം പറഞ്ഞിരുന്നു. 1,30,000-ത്തോളം അന്താരാഷ്ട്ര സേനാംഗങ്ങളാണ് ഇപ്പോള്‍ അഫ്ഗാനിസ്താനിലുള്ളത്. ഇതില്‍ മൂന്നില്‍ രണ്ടും യു.എസ്. സേനാംഗങ്ങളാണ്.

സ്ഥാനമൊഴിയാന്‍ സമ്മര്‍ദം, ഐ.എസ്.ഐ. മേധാവി വിദേശത്തേക്ക്


ഇസ്‌ലാമാബാദ്: ഉസാമാ വധത്തെത്തുടര്‍ന്ന് രാജ്യത്തിനകത്തുനിന്നും പുറത്തു നിന്നും കനത്ത വിമര്‍ശനം നേരിടുന്നതിനിടെ ഐ.എസ്.ഐ. മേധാവി അഹമ്മദ് ഷൂജാ പാഷ വിദേശ പര്യടനത്തിനു പുറപ്പെട്ടു. എങ്ങോട്ടാണദ്ദേഹം പോകുന്നതെന്ന കാര്യം പരസ്യപ്പെടുത്തിയിട്ടില്ല. പാഷയുടെ രാജിക്കായി സമ്മര്‍ദം മുറുകുന്നതിനിടെയുള്ള യാത്രയ്ക്ക് രാഷ്ട്രീയ പ്രാധാന്യം ഏറെയുണ്ടെന്നാണ് കരുതുന്നത്.

രാജ്യത്തിന്റെ പരമാധികാരം കാറ്റില്‍പ്പറത്തി അമേരിക്ക നടത്തിയ കമാന്‍ഡോ നീക്കത്തെത്തുടര്‍ന്ന് പാകിസ്താന്റെ ഭരണനേതൃത്വവും സൈന്യവും രസഹ്യാന്വേഷണ ഏജന്‍സികളും അപഹാസ്യരായിരിക്കുകയാണ്. ഉസാമയുടെ ഒളിവിടം കണ്ടെത്താനായില്ലെന്നതിന്റെ പേരില്‍ ഐ.എസ്.ഐ. അമേരിക്കയുടെ വിമര്‍ശനവും നേരിടേണ്ടി വന്നു. ഭീകര വിരുദ്ധ യുദ്ധത്തില്‍ പാകിസ്താനുള്ള ആത്മാര്‍ഥത പ്രവൃത്തിയിലൂടെ തെളിയിക്കണമെന്ന് യു.എസ്. വിദേശകാര്യ വകുപ്പ് ശനിയാഴ്ചയും ആവശ്യപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് സ്ഥാനമൊഴിയാന്‍ പാഷയ്ക്കു മേല്‍ സമ്മര്‍ദം മുറുകുന്നത്.

ഐ.എസ്.ഐ.യെക്കുറിച്ച് അമേരിക്കയ്ക്കുള്ള തെറ്റിദ്ധാരണ നീക്കാന്‍ വാഷിങ്ടണിലേക്കാണ് പാഷ തിരിച്ചതെന്ന് കരുതുന്നവരുണ്ട്. ചൈനയോ സൗദി അറേബ്യയോ പോലുള്ള സുഹൃദ് രാജ്യത്തേക്കാണു യാത്രയെന്നാണ് ചില മാധ്യമങ്ങള്‍ പറയുന്നത്. വെള്ളിയാഴ്ച യാത്ര പുറപ്പെടും മുമ്പ് പാകിസ്താനിലെ സി.ഐ.എ. മേധാവിയെ പാഷ കണ്ടിരുന്നെന്നും വാര്‍ത്തയുണ്ട്.

പാക് പ്രസിഡന്റ് ആസിഫലി സര്‍ദാരിയും പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിയും ശനിയാഴ്ച കരസേനാ മേധാവി അഷ്ഫാഖ് പര്‍വേസ് കയാനിയെക്കണ്ട് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു.



ganangal
osama


മറ്റു വാര്‍ത്തകള്‍

  12 »
BinLaden_Gallery Discuss