Mathrubhumi Logo
  osama

ഉസാമ വേട്ട: തുമ്പു ലഭിച്ചത് ഫോണ്‍വിളിയില്‍ നിന്ന്

Posted on: 08 May 2011

ഉസാമയുടെ വീട്ടിലെ കമാന്‍ഡോ നീക്കം ഒബാമ കണ്ടു
വാഷിങ്ടണ്‍: പാകിസ്താനിലെ ആബട്ടാബാദില്‍ ഉസാമ ബിന്‍ ലാദന്‍ താമസിച്ചിരുന്ന വീട്ടില്‍ യു.എസ്. സേന നടത്തിയ തിരച്ചിലിന്റെ ശബ്ദമില്ലാത്ത വീഡിയോ ദൃശ്യങ്ങള്‍ പ്രസിഡന്‍റ് ബരാക് ഒബാമയും അദ്ദേഹത്തിന്റെ സുരക്ഷാസംഘവും വൈറ്റ് ഹൗസിലെ പ്രത്യേക മുറിയിലിരുന്ന് കണ്ടുവെന്ന് വെളിപ്പെടുത്തല്‍. പ്രമുഖ പത്രപ്രവര്‍ത്തകന്‍ ബോബ് വുഡ്‌വേഡ് 'വാഷിങ്ടണ്‍ പോസ്റ്റ്' പത്രത്തിലെഴുതിയ റിപ്പോര്‍ട്ടിലാണ് ഉസാമ വധം സംബന്ധിച്ച പുറത്തുവരാത്ത അനേകം കാര്യങ്ങള്‍ പ്രതിപാദിക്കുന്നത്. ഒരു ഫോണ്‍ സന്ദേശത്തില്‍നിന്നാണ് ഉസാമയുടെ ഒളിയിടത്തെക്കുറിച്ചുള്ള വിവരം അമേരിക്കയ്ക്കു ലഭിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉസാമയുടെ മുഖ്യസന്ദേശവാഹകന്‍ അബു അഹമ്മദ് അല്‍-കുവൈറ്റി എന്ന് യു.എസ്. രഹസ്യാന്വേഷണ ഏജന്‍സി വിളിക്കുന്ന പാകിസ്താന്‍കാരനും അയാളുടെ പഴയ സുഹൃത്തും കഴിഞ്ഞവര്‍ഷം നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങളില്‍നിന്നാണ് ഉസാമയെക്കുറിച്ചുള്ള വിവരങ്ങള്‍ യു.എസ്സിന് കിട്ടിയതെന്ന് റിപ്പോര്‍ട്ട് വിശദമാക്കുന്നു. ഈ വിവരം അടിസ്ഥാനമാക്കി നടത്തിയ അന്വേഷണമാണ് ഏജന്‍സിയെ ആബട്ടാബാദിലെ ഉസാമയുടെ താവളത്തിലെത്തിച്ചതെന്നും റിപ്പോര്‍ട്ട് പറയുന്നു.

''നിങ്ങള്‍ എവിടെയാണ്'' എന്ന സുഹൃത്തിന്റെ ചോദ്യത്തിന് ഞാന്‍ എന്റെ പഴയ ആളുകളുടെ അടുത്തേക്ക് തിരിച്ചുവന്നു എന്നാണ് കുവൈറ്റി നല്‍കിയ മറുപടി. ഒരു നിമിഷത്തെ മൗനത്തിനുശേഷം സുഹൃത്ത് കുവൈറ്റിക്കു ദൈവാനുഗ്രഹം നേര്‍ന്നു. ഇവിടം മുതലാണ് ഉസാമ വേട്ടയ്ക്ക് തുടക്കമായതെന്ന് യു.എസ്. ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വുഡ്‌വേഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വ്യക്തികളുടെയും സാങ്കേതിക വിദ്യയുടെയും സഹായത്തോടെ ആബട്ടാബാദിലെ മറ്റൊരിടത്തുനിന്ന് കുവൈത്തിയെ യു.എസ്. കണ്ടെത്തി. ഉസാമ താമസിച്ചിരുന്ന കെട്ടിടത്തില്‍ ടെലിഫോണ്‍, ഇന്‍റര്‍നെറ്റ് ബന്ധം ഇല്ലാതിരുന്നതിനാല്‍ അവിടത്തെ കാര്യങ്ങള്‍ ചോര്‍ത്താന്‍ യു.എസ്സിന്റെ ദേശീയ അന്വേഷണ ഏജന്‍സിക്ക് കഴിഞ്ഞില്ല. ഫോണ്‍ ചെയ്യണമെന്നോ മറ്റോ ഉണ്ടെങ്കില്‍ ഇവിടെ നിന്ന് 90 മിനിറ്റ് യാത്രചെയ്ത് എത്തേണ്ടസ്ഥലത്തുചെന്നാണ് കുവൈത്തി സെല്‍ഫോണില്‍ ബാറ്ററി ഇടുകപോലും ചെയ്യുന്നതെന്ന് യു.എസ്.മനസ്സിലാക്കി. ഈ കെട്ടിടത്തില്‍ എന്താണ് നടക്കുന്നത് എന്നറിയാന്‍ സി.ഐ.എ. അതിനടുത്തായി ഒരു സുരക്ഷാകേന്ദ്രം സ്ഥാപിച്ചു.

ഇവിടെ ഇരുന്ന് നടത്തിയ നിരീക്ഷണത്തില്‍ കെട്ടിടത്തിന്റെ മുറ്റത്തുകൂടെ ഉയരം കൂടിയ ഒരാള്‍ നടക്കുന്നത് കണ്ടു. ഇയാളെ 'നടത്തക്കാരന്‍' എന്നാണ് സി.ഐ.എ. വിളിച്ചിരുന്നത്. അയാള്‍ ഒരിക്കലും അവിടം വിട്ട് പോകാറില്ലെന്നും മനസ്സിലാക്കി. 'നടത്തക്കാരന്‍' അവിടെ വെറുതെ ഒളിച്ചിരിക്കുകയല്ലെന്നും ഒരു തടവുകാരനെപ്പോലെ കഴിയുകയാണെന്നും അയാളുടെ ദിനചര്യകള്‍ നിരീക്ഷിച്ചതില്‍നിന്ന് മനസ്സിലായി. ഇയാളുടെ ഉയരത്തെക്കുറിച്ചറിയാന്‍ വൈറ്റ്ഹൗസ് നാഷണല്‍ ജിയോസ്‌പേഷ്യല്‍ ഏജന്‍സിയുടെ സഹായം തേടിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉയരം അഞ്ചടി എട്ടിഞ്ചിനും ആറടിക്കും ഇടയില്‍ വരും എന്നായിരുന്നു ഏജന്‍സി നല്‍കിയ വിവരം.

മരണശേഷം യു.എസ്. നേവി സീല്‍ കമാന്‍ഡോകള്‍ ഉസാമയുടെ ഉയരം അളന്ന വിധവും വുഡ്‌വേഡ് വിവരിക്കുന്നുണ്ട്. ഉസാമയുടെ മൃതദേഹം നിലത്തുകിടത്തിയ ശേഷം കമാന്‍ഡോകളില്‍ ഒരാള്‍ അടുത്തുകിടന്നു. കമാന്‍ഡോയുടെ ഉയരം ആറടിയായിരുന്നു. അതിനേക്കാള്‍ പല ഇഞ്ച് കൂടുതലായിരുന്നു ഉസാമയുടെ ഉയരം- അദ്ദേഹം പറയുന്നു. ഈ ആക്രമണത്തിനായി നമ്മള്‍ ആറു കോടി ഡോളറിന്റെ (268 കോടി രൂപ) ഹെലികോപ്റ്റര്‍ ബലികഴിച്ചു. പിന്നെ ഒരു ടേപ്പ് വാങ്ങാന്‍ കഴിഞ്ഞില്ലേ? എന്നാണ് ഇതറിഞ്ഞ് ഒബാമ പ്രതികരിച്ചതെന്ന് റിപ്പോര്‍ട്ട് പറയുന്നു.



ganangal
osama


മറ്റു വാര്‍ത്തകള്‍

  12 »
BinLaden_Gallery Discuss