ആബട്ടാബാദില്‍ തിരച്ചില്‍; 25 പേര്‍ അറസ്റ്റില്‍
Posted on: 08 May 2011

ഇസ്‌ലാമാബാദ്: ഉസാമാ ബിന്‍ ലാദന്‍ കൊല്ലപ്പെട്ട ആബട്ടാബാദില്‍ പാകിസ്താനി രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും സുരക്ഷാഭടന്‍മാരും നടത്തിയ തിരച്ചിലില്‍ 25 പേര്‍ അറസ്റ്റിലായി. നൂറുകണക്കിനാളുകളെ പിടികൂടിയിട്ടുണ്ടെന്നാണ് പ്രാദേശിക രാഷ്ട്രീയനേതാക്കള്‍ പറയുന്നത്.
ഉസാമയുമായി ബന്ധം പുലര്‍ത്തിയിരുന്നുവെന്നു കരുതുന്ന പാകിസ്താന്‍കാരെപ്പറ്റി അമേരിക്കയും അന്വേഷണം തുടങ്ങിയിട്ടുണ്ട്. പാകിസ്താന്റെ രഹസ്യാന്വേഷണഉദ്യോഗസ്ഥരില്‍ ചിലര്‍ക്കെങ്കിലും ഉസാമയുമായി ബന്ധമുണ്ടായിരുന്നിരിക്കുമെന്നാണ് അമേരിക്ക കരുതുന്നത്. പരസ്യമായി ഈ ആരോപണം ഉന്നയിച്ചിട്ടില്ലെങ്കിലും ഇവരെപ്പറ്റിയുള്ള വിവരം നല്‍കാന്‍ അമേരിക്ക പാക് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് 'ന്യൂയോര്‍ക്ക് ടൈംസ്'റിപ്പോര്‍ട്ടുചെയ്തു.