Mathrubhumi Logo
  osama

ഉസാമയ്ക്ക് അഭയം നല്‍കിയത് ഹിസ്ബുള്‍

Posted on: 05 May 2011

ടൊറന്റോ: പാകിസ്താനിലെ ആബട്ടാബാദില്‍ ഉസാമ ബിന്‍ ലാദന്‍ താമസിച്ചിരുന്ന വീട് പാക് അധീന കശ്മീരില്‍ സജീവമായ ഹിസ്ബുള്‍ മുജാഹിദീന്‍ എന്ന ഭീകര സംഘടനയുടെ ഉടമസ്ഥതയിലുള്ളതാണെന്ന് കനേഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ ഉടമസ്ഥത സംബന്ധിച്ച വിവരങ്ങള്‍ മറച്ചുവെക്കാന്‍ പാകിസ്താന്‍ ശ്രമിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉസാമയ്ക്ക് ആബട്ടാബാദില്‍ താവളം ഒരുക്കിക്കൊടുത്ത ഹിസ്ബുള്‍ മുജാഹിദീന്‍ ഐ.എസ്.ഐ.യുമായി രഞ്ജിപ്പില്‍ കഴിയുന്ന സംഘടനായാണെന്ന് ഗ്ലോബ് ആന്‍ഡ് മെയില്‍ പത്രം പറയുന്നു. ഉസാമ താമസിച്ചിരുന്ന സ്ഥലം പരിചയമുള്ള പാകിസ്താന്‍ പോലീസ് ഓഫീസറെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. പാക് അധീന കശ്മീരിന്റെ തലസ്ഥാനമായ മുസാഫറബാദാണ് സംഘടനയുടെ തലവന്‍ സയിദ് സലാഹുദീന്റെ ആസ്ഥാനം.
ഭീകരരുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധം പാകിസ്താന്‍ നിഷേധിച്ചിട്ടുണ്ട്. ഉസാമയുടെ താവളത്തെക്കുറിച്ച് അറിയുന്നതെല്ലാം ഐ.എസ്.ഐ. 2009 മുതല്‍ സി.ഐ.എ.ക്ക് കൈമാറിയിരുന്നെന്നും പാകിസ്താന്‍ പറയുന്നു. എന്നാല്‍ ആബട്ടാബാദിലെ കെട്ടിടത്തെക്കുറിച്ചുള്ള യഥാര്‍ഥവിവരം വെളിപ്പെടുത്താന്‍ പാകിസ്താന്‍ താത്പര്യം പ്രകടിപ്പിക്കുന്നില്ലെന്ന് പത്രം പറയുന്നു.
ഈ സ്ഥലത്തിന്റെ യാഥാര്‍ഥ ഉടമകള്‍ ആരെന്ന് വെളിപ്പെടുത്തരുതെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് പോലീസ് ഓഫീസര്‍ പത്രത്തോട് വെളിപ്പെടുത്തി. ഉസാമ വധം നടന്നതായി അറിഞ്ഞയുടന്‍ ആബട്ടാബാദിലെ രജിസ്ട്രാര്‍മാരെ വിളിച്ചുകൂട്ടി സ്ഥലം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുപറയരുതെന്ന് പാകിസ്താന്‍ നിര്‍ദേശിച്ചു. ഈ സ്ഥലത്തിന്റെ ഉടമകളെ സഹോദരങ്ങള്‍ എന്നാണ് യു.എസ്. വിശേഷിപ്പിക്കുന്നത്. കെട്ടിടത്തില്‍ രണ്ടു പേരെ മിക്കവാറും കാണാറുണ്ടായിരുന്നെന്ന് അയല്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ബഡാ ഖാന്‍, ഛോട്ടാ ഖാന്‍ എന്ന് അറിയപ്പെടുന്ന ഇവരുടെ പേരുകള്‍ അര്‍ഷാദ് പഠാന്‍, ഛോട്ട പഠാന്‍ എന്നിങ്ങനെയാണെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ രണ്ടു പേരെയും സംബന്ധിച്ച് ദുരൂഹത നിലനില്‍ക്കുകയാണെന്ന് പാക് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതിനിടെ, ഉസാമ തലസ്ഥാനമായ ഇസ്‌ലാമാബാദിനടുത്തുണ്ടെന്ന് പാക് ചാരസംഘടനയായ ഐ.എസ്.ഐ.ക്ക് അറിയേണ്ടതായിരുന്നുവെന്ന് അഫ്ഗാനിസ്താന്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു. ഈ സാഹചര്യത്തില്‍ തങ്ങളുടെ ആണവായുധങ്ങള്‍ സംരക്ഷിക്കാന്‍ പാകിസ്താന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐ.ക്കും പാക് സൈന്യത്തിനും കഴിയുമോ എന്ന് പ്രതിരോധ മന്ത്രാല വക്താവ് സഹെര്‍ അസിമി ആശങ്ക പ്രകടിപ്പിച്ചു. ഉസാമ വധത്തിനു ശേഷം ആദ്യമായാണ് പാകിസ്താനെ കുറ്റപ്പെടുത്തി അഫ്ഗാനിസ്താന്‍ രംഗത്തെത്തുന്നത്.




ganangal
osama


മറ്റു വാര്‍ത്തകള്‍

  12 »
BinLaden_Gallery Discuss