ഉസാമയെ ജീവനോടെ പിടികൂടാന്‍ സജ്ജമായിരുന്നു -യു.എസ്.
Posted on: 04 May 2011

വാഷിങ്ടണ്‍:ഉസാമ ബിന്‍ ലാദനെ ജീവനോടെ പിടികൂടാന്‍ സേന സജ്ജമായിരുന്നെന്ന് യു.എസ്. എന്നാല്‍, ഉസാമ ചെറുത്തുനിന്നതും സ്ത്രീയെ മനുഷ്യകവചമായി ഉപയോഗിച്ചതുമാണ് കൊലനടത്താന്‍ സേനയെ നിര്‍ബന്ധിച്ചതെന്ന് അമേരിക്കയുടെ ഭീകരവിരുദ്ധകാര്യ - ദേശരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബ്രെന്നന്‍ പറഞ്ഞു.''ഉസാമയെ ജീവനോടെ പിടികൂടാന്‍ ഞങ്ങള്‍ക്ക് ഒരവസരം ലഭിച്ചിരുന്നെങ്കില്‍, ഉസാമ ചെറുത്തുനില്‍പ്പ് നടത്തിയില്ലായിരുന്നെങ്കില്‍ അയാളെ ജീവനോടെ പിടികൂടാന്‍ ഞങ്ങളുടെ സൈനികര്‍ സജ്ജരായിരുന്നു. വൈറ്റ്ഹൗസില്‍ നടന്ന പല യോഗങ്ങളിലും പ്രസിഡന്റ് ബരാക് ഒബാമയുമായുള്ള കൂടിക്കാഴ്ചകളിലും ഇക്കാര്യം ചര്‍ച്ചചെയ്തിരുന്നു''- ബ്രെന്നന്‍ പറഞ്ഞു.വെടിവെപ്പുണ്ടായെന്നും വെടിവെപ്പിലാണ് ഉസാമ കൊല്ലപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഉസാമയെ ജീവനോടെ പിടികൂടാന്‍ വേണ്ടത്ര തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. പക്ഷേ, ദൗത്യം സുരക്ഷിതമായി പൂര്‍ത്തിയാകുമെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടായിരുന്നു. ഞങ്ങളുടെ ആളുകളെ കുഴപ്പത്തിലാക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. യു.എസ്സിന്റെ പോരാളികള്‍ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്താന്‍ പ്രസിഡന്റിന്റെ നിര്‍ദേശമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ബിന്‍ ലാദനോ അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്ന ആര്‍ക്കെങ്കിലുമോ ഞങ്ങളുടെ സേനയ്ക്കുനേരെ വെടിയുതിര്‍ക്കാനുള്ള അവസരം ഞങ്ങള്‍ നല്‍കിയില്ല -ബ്രെന്നന്‍ പറഞ്ഞു.