Mathrubhumi Logo
  osama

ഉസാമയ്ക്ക് പാകിസ്താന്‍ അഭയം നല്‍കിയതാവാമെന്ന് അമേരിക്ക; അല്ലെന്ന് സര്‍ദാരി

Posted on: 04 May 2011

വീഴ്ച പറ്റിയെന്ന് ഐ.എസ്.ഐ.

ഇസ്‌ലാമാബാദ്: 'അല്‍ ഖ്വെയ്ദ' തലവന്‍ ഉസാമ ബിന്‍ ലാദന് പാകിസ്താന്‍ ഔദ്യോഗിക സംരക്ഷണം നല്‍കിയിരുന്നതായുള്ള ആരോപണം ശക്തമാവുന്നു. ഉസാമയ്ക്ക് പാക് സഹായം ലഭിച്ചിട്ടില്ലെന്ന് വിശ്വസിക്കാനാവില്ലെന്ന് അമേരിക്കയുടെ ദേശരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബ്രെന്നന്‍ പറഞ്ഞു. ഉസാമയ്ക്ക് പാകിസ്താനില്‍ നിന്ന് ലഭിച്ച സഹായങ്ങളെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍, ഉസാമയുടെ സംഘടനയായ 'അല്‍ഖ്വെയ്ദ' പാകിസ്താന്റെയും ശത്രുവാണെന്നും ഉസാമയ്ക്ക് തങ്ങള്‍ അഭയം നല്‍കിയെന്ന ആരോപണം ശരിയല്ലെന്നും പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി പ്രതികരിച്ചു. ഉസാമയെ വധിക്കാനുള്ള ദൗത്യത്തില്‍ പാക്‌സേന പങ്കാളിയായിരുന്നില്ലെന്നും അദ്ദേഹം 'വാഷിങ്ടണ്‍ പോസ്റ്റ്' ദിനപത്രത്തിലെഴുതിയ ലേഖനത്തില്‍ വ്യക്തമാക്കി.

അതിനിടെ ഉസാമയുടെ ഒളിത്താവളം കണ്ടുപിടിക്കാന്‍ കഴിയാത്തത് വീഴ്ചയാണെന്ന് പാക് ചാരസംഘടനയായ ഐ.എസ്.ഐ. സമ്മതിച്ചു. 2003-ല്‍ വീടിന്റെ നിര്‍മാണ വേളയില്‍ ഐ.എസ്.ഐ. റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍, പിന്നീട് അവിടേക്ക് തങ്ങളുടെ ശ്രദ്ധ പതിഞ്ഞില്ലെന്നും മുതിര്‍ന്ന ഐ.എസ്.ഐ. ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അതേസമയം, പാകിസ്താന് സൈനിക-സാമ്പത്തിക സഹായം നല്‍കുന്നത് റദ്ദാക്കണമെന്ന ആവശ്യം ചില യു.എസ്. സെനറ്റ് അംഗങ്ങള്‍ മുന്നോട്ടുവെച്ചു. പാക് തലസ്ഥാന നഗരിയായ ഇസ്‌ലാമാബാദിന് ഏതാനും കിലോമീറ്റര്‍ മാത്രം അകലെയുള്ള ആബട്ടാബാദില്‍ പാക് അധികൃതരുടെ മൗനാനുവാദമില്ലാതെ ഉസാമയ്ക്ക് താമസിക്കാന്‍ കഴിയില്ലെന്നാണ് ഇവരുടെ വാദം. ഭീകര വിരുദ്ധയുദ്ധത്തിലെ പങ്കാളിയായ പാകിസ്താന് വന്‍ സാമ്പത്തിക സഹായമാണ് അമേരിക്ക നല്‍കിവരുന്നത്.

ഉസാമയ്ക്ക് പാകിസ്താനില്‍ നിന്ന് പിന്തുണയും സഹായവും ലഭിച്ചിട്ടുണ്ടാവാമെന്നും എന്നാല്‍, ഇത് ഭരണകൂടത്തിന്റെ അറിവോടെയല്ലെന്നും യു.എസ്സിലെ പാകിസ്താന്‍ അംബാസഡര്‍ ഹുസൈന്‍ ഹഖാനി പറഞ്ഞു. ഉസാമ പാകിസ്താനില്‍ ഉണ്ടെന്ന് അറിയാമായിരുന്നുവെങ്കില്‍ നേരത്തേ തന്നെ തങ്ങള്‍ നടപടി സ്വീകരിക്കുമായിരുന്നുവെന്നും ഹുസൈന്‍ വ്യക്തമാക്കി. പാക് രഹസ്യാന്വേഷണ ഏജന്‍സിക്ക് ഇക്കാര്യത്തില്‍ എന്തെങ്കിലും വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഉസാമയ്‌ക്കെതിരെ യു.എസ്. സൈന്യം നടത്തിയ അന്തിമ നടപടിയെക്കുറിച്ച് തങ്ങള്‍ അജ്ഞരായിരുന്നുവെന്ന പാകിസ്താന്റെ വാദം തെറ്റാണെന്ന് 'ഡോണ്‍' ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാനിസ്താനിലെ 'നാറ്റോ' സഖ്യസേനാ മേധാവി ഡേവിഡ് പെട്രായെസിന്റെ കഴിഞ്ഞ ആഴ്ചത്തെ പാകിസ്താന്‍ സന്ദര്‍ശനത്തിന്റെ ലക്ഷ്യം ഈ സൈനിക നടപടി ആകാനിടയുണ്ടെന്നും 'ഡോണ്‍' പറയുന്നു.

ചക്ലാല വ്യോമസേന താവളത്തില്‍ പാക് കരസേനാ മേധാവി അഷ്ഫാഖ് കയാനിയുമായാണ് പെട്രായെസ് സന്ദര്‍ശനത്തിനിടെ ചര്‍ച്ച നടത്തിയത്. രണ്ടു പേരും പിന്നീട് രഹസ്യമായ ഒരിടത്തേക്ക് വിമാനത്തില്‍ പോയിരുന്നതായും വിവരമുണ്ട്. ആ ദിവസം രാത്രി തന്നെ യു.എസ്. പ്രസിഡന്റ് ബരാക് ഒബാമയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ പെട്രായെസ് വീഡിയോ കോണ്‍ഫറന്‍സിങ് വഴി പങ്കെടുത്തിട്ടുണ്ട്. ഉസാമ കൊല്ലപ്പെട്ടതായി പ്രഖ്യാപിക്കാന്‍ ഒബാമ നടത്തിയ പത്രസമ്മേളനത്തിനിടെ പരാമര്‍ശിക്കപ്പെട്ട യോഗം ഇതുതന്നെയാണെന്നാണ് അനുമാനിക്കേണ്ടതെന്നും 'ഡോണ്‍' പറയുന്നു. പാകിസ്താന്റെ സമ്മതമില്ലാതെ യു.എസ്. സൈനികരെയും വഹിച്ചുകൊണ്ടുള്ള ഹെലികോപ്റ്ററുകള്‍ക്ക് അതിര്‍ത്തി കടക്കാന്‍ കഴിയില്ലെന്നും പത്രം പറയുന്നു.

ആക്രമണം നടക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് ഉസാമയുടെ ഒളിത്താവളത്തിന് സമീപമുള്ള വീടുകളിലെത്തിയ പാക് സൈനികര്‍ വിളക്ക് അണയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.



ganangal
osama


മറ്റു വാര്‍ത്തകള്‍

  12 »
BinLaden_Gallery Discuss