ഉസാമ വധത്തിന് 'ഓപ്പറേഷന്‍ ജെറോനിമോ'
Posted on: 04 May 2011

വാഷിങ്ടണ്‍: പത്തുവര്‍ഷമായി അമേരിക്കയുടെ ഉറക്കംകെടുത്തിയിരുന്ന ഉസാമ ബിന്‍ ലാദന്‍ പാകിസ്താനിലെ ആബട്ടാബാദില്‍ വെടിയേറ്റു മരിക്കുന്നതിന്റെ തത്സമയവിവരണം യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ വൈറ്റ്ഹൗസിലിരുന്ന് കണ്ടു. ഉസാമയെ വധിക്കാനുള്ള 'ഓപ്പറേഷന്‍ ജെറോനിമോ' ദൗത്യവുമായി 79 കമാന്‍ഡോകളെയും വഹിച്ച് നാല് ഹെലിക്കോപ്റ്ററുകള്‍ ഞായറാഴ്ച ഉച്ചതിരിഞ്ഞ് പാകിസ്താനിലേക്ക് പുറപ്പെട്ടപ്പോള്‍മുതല്‍ ഉസാമയുടെ മരണംവരെ ഒബാമയും അദ്ദേഹത്തിന്റെ ഉപദേശകരും വൈറ്റ്ഹൗസിന്റെ താഴത്തെ നിലയിലുള്ള മുറിയിലിരുന്ന് കാര്യങ്ങള്‍ തത്സമയം നിരീക്ഷിക്കുകയായിരുന്നു.
ദൗത്യത്തിന്റെ തത്സമയവിവരങ്ങള്‍ സി.ഐ.എ. ഡയറക്ടര്‍ ലിയോണ്‍ ഇ. പനേറ്റ വീഡിയോ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ട് ഒബാമയെയും സംഘത്തെയും അറിയിച്ചുകൊണ്ടിരുന്നു.
മിക്കസമയത്തും മുറിയില്‍ നീണ്ട നിശ്ശബ്ദതയായിരുന്നു. ഒബാമ ഭാവഭേദമൊന്നുമില്ലാതെയിരുന്നു. വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ കൊന്തമണികള്‍ ഉരുട്ടിക്കൊണ്ടിരുന്നു. മിനിറ്റുകള്‍ ദിവസങ്ങള്‍ പോലെയാണ് കടന്നുപോയതെന്നാണ് ഇതേക്കുറിച്ച് യു.എസ്സിന്റെ ഭീകരവിരുദ്ധകാര്യ- ദേശരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബ്രെന്നന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ബിന്‍ലാദന് യു.എസ്. നല്‍കിയിരുന്ന രഹസ്യനാമം 'ജെറോനിമോ' എന്നായിരുന്നു. വെളുത്ത വര്‍ഗക്കാരായ അമേരിക്കക്കാര്‍ക്കെതിരെ നിര്‍ഭയം പോരാടി മരിച്ച കറുത്തവര്‍ഗക്കാരനായ ഗോത്രനേതാവാണ് ജെറോനിമോ. പോട്ടോമാക് നദിക്കക്കരെയുള്ള സി.ഐ.എ. ആസ്ഥാനത്തിരുന്ന് വീഡിയോ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ട പനേറ്റ പറഞ്ഞു:
'അവര്‍ ലക്ഷ്യകേന്ദ്രത്തിലെത്തി.' മിനിറ്റുകള്‍ക്കുശേഷം വീണ്ടും പനേറ്റ പറഞ്ഞു: ''നമുക്കിപ്പോള്‍ ജെറോനിമോയെ കാണാം'' അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ യു.എസ്. കാത്തിരുന്ന ആ വിവരം എത്തി; ''സൈനികനടപടിയില്‍ ജെറോനിമോ കൊല്ലപ്പെട്ടു.'' ഒബാമയും സഹപ്രവര്‍ത്തകരുമിരുന്ന മുറി നിശ്ശബ്ദമായി. ഒടുവില്‍ ഒബാമ പ്രഖ്യാപിച്ചു; ''നമ്മള്‍ അയാളെ പിടിച്ചു.''
നിലാവില്ലാത്ത രാത്രിയെന്നുറപ്പിച്ചാണ് പാകിസ്താനിലെ ജലാലാബാദിലുള്ള ഖാസി വ്യോമത്താവളത്തില്‍നിന്ന് യു.എസ്. ഹെലിക്കോപ്റ്ററുകള്‍ ആബട്ടാബാദിലേക്ക് പറന്നത്. ഇന്ത്യയുള്‍പ്പെടെയുള്ള ഏതെങ്കിലും ശത്രുക്കള്‍ രാജ്യത്ത് അതിക്രമിച്ചു കടന്നതാണോ എന്നു കരുതി പാകിസ്താന്‍ തിരിച്ചടിക്കുമോ എന്ന ഭയമുണ്ടായിരുന്നുവെന്ന് ബ്രെന്നന്‍ ചൊവ്വാഴ്ച പറഞ്ഞു. എന്നാല്‍, പാകിസ്താന്‍ ഈ കടന്നുകയറ്റം മനസ്സിലാക്കുംമുമ്പ് സൈനികലക്ഷ്യം നേടാന്‍ കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു.
യു.എസ്. നേവല്‍ സീല്‍സ് സംഘം ആബട്ടാബാദിലെ വസതിയിലിറങ്ങുമ്പോള്‍ കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയില്‍ നില്‍ക്കുകയായിരുന്നു ഉസാമ. സല്‍വാര്‍ കമ്മീസായിരുന്നു വേഷം. സേനാംഗങ്ങള്‍ക്കുനേരെ ഉസാമ നിറയൊഴിച്ചു. ഉസാമയുടെ ഇടതുകണ്ണിന് മുകളിലായാണ് വെടിയേറ്റതെന്ന് യു.എസ്. അധികൃതര്‍ പറഞ്ഞു. സീല്‍ കമാന്‍ഡോമാരില്‍ ഒരാള്‍ ഉസാമയുടെ മുഖം ക്യാമറയില്‍ പകര്‍ത്തി. മുഖം തിരിച്ചറിയുന്നതില്‍ വിദഗ്ധരായ യു.എസ്. സംഘത്തിന് അപ്പോള്‍ ത്തന്നെ അത് അയച്ചുകൊടുത്തു. അവര്‍ അത് ഉസാമ തന്നെയെന്ന് ഉറപ്പാക്കി. ഉസാമയുടെ ഡി.എന്‍.എ. സാമ്പിളുകള്‍ നേരത്തേ യു.എസ്. ശേഖരിച്ചുവെച്ചിരുന്ന അദ്ദേഹത്തിന്റെ ബന്ധുക്കളുടെ ഡി.എന്‍.എ. സാമ്പിളുകളുമായി ഒത്തുനോക്കി.
ആക്രമണം നടക്കുമ്പോള്‍ ഭാര്യമാരും മക്കളുമടക്കം പതിനെട്ടോളം ആളുകള്‍ ഉസാമയുടെ വീട്ടിലുണ്ടായിരുന്നുവെന്ന് പാക് ചാരസംഘടനയായ ഐ.എസ്.ഐ.യിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഒരു മകനെ അമേരിക്ക ജീവനോടെ പിടികൂടി കൊണ്ടുപോയി. ഒരു ഭാര്യയും മകളും ഒമ്പത് കുട്ടികളും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇവരുടെ കൈകള്‍ കൂട്ടിക്കെട്ടി കൊണ്ടുപോയി. അച്ഛന്‍ വെടിയേറ്റുവീഴുന്നത് ഉസാമയുടെ പതിമ്മൂന്ന് വയസ്സുള്ള മകള്‍ കണ്ടൂവെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഉസാമയുടെ ഏറ്റവും വിശ്വസ്ത സന്ദേശവാഹകനായി പ്രവര്‍ത്തിച്ചിരുന്ന കുവൈത്ത് സ്വദേശിയായ അബു അഹമ്മദിനെ പിന്തുടര്‍ന്നാണ് ആബട്ടാബാദിലെ ഒളിയിടം തിരിച്ചറിഞ്ഞതെന്ന് നയതന്ത്ര ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സി.എന്‍.എന്‍. റിപ്പോര്‍ട്ട് ചെയ്തു.