Mathrubhumi Logo
  osama

മരണത്തിന്റെ ബാക്കിപത്രം

Posted on: 03 May 2011

അല്‍ഖ്വെയ്ദ നേതാവ് ഉസാമ ബിന്‍ലാദന്റെ മരണം യാഥാര്‍ഥ്യമായ സാഹചര്യത്തില്‍ ഏതാനും കാര്യങ്ങള്‍ നമ്മുടെ ശ്രദ്ധയില്‍ പതിയേണ്ടിയിരിക്കുന്നു.



1. ഉസാമ കൊല്ലപ്പെട്ടതു കൊണ്ടു മാത്രം അല്‍ഖ്വെയ്ദയുടെ ഓഫീസ് പൂട്ടുമെന്ന് കരുതേണ്ട. അടുത്ത കാലത്ത് നടന്ന പല ആക്രമണങ്ങളും ബിന്‍ലാദന്‍ അറിഞ്ഞിരുന്നോ എന്ന് സംശയമുണ്ട്. അധികം ബന്ധമൊന്നും പുലര്‍ത്താത്ത, അതേസമയം, ബിന്‍ലാദനില്‍ നിന്ന് പ്രചോദനമുള്‍ക്കൊള്ളുന്ന സംഘങ്ങളാണ് അല്‍ഖ്വെയ്ദയുടെ പേരില്‍ നടക്കുന്ന പല നടപടികള്‍ക്കും ഉത്തരവാദികള്‍. അതിനാല്‍, ലാദന്റെ മരണം കൂടുതല്‍ ആക്രമണങ്ങള്‍ക്കോ അല്ലെങ്കില്‍ ആക്രമണശ്രമങ്ങള്‍ക്കോ വഴിതെളിയിക്കാനാണ് സാധ്യത. അത്തരം ആക്രമണങ്ങള്‍ക്ക് പകരംവീട്ടലിന്റെ ചുവയുമുണ്ടാകും.

2. വേറൊരു സംശയം ഉസാമയുടെ മരണം അറബി രാജ്യങ്ങളില്‍ സംഭവിക്കുന്ന ജനമുന്നേറ്റങ്ങളെ എങ്ങനെ ബാധിക്കുമെന്നതാണ്. ഇതുവരെ ഇത്തരം സമരങ്ങളില്‍ മതമൗലികവാദികളുടെ മേല്‍ക്കോയ്മ കാര്യമായി ഉണ്ടായിട്ടില്ല. ഈജിപ്തിലെ ജനമുന്നേറ്റത്തില്‍ ഇക്ക്‌വാന്‍ അല്‍ മുസ്ലിമീന്‍ നിര്‍ണായകപങ്ക് വഹിച്ചെങ്കിലും ഒരു ജനാധിപത്യവ്യവസ്ഥിതി ആ നാട്ടില്‍ കൊണ്ടുവരാനും തിരഞ്ഞെടുപ്പില്‍ പങ്കെടുത്ത് അധികാരത്തില്‍ വരാനുമാണ് അവര്‍ ശ്രമിച്ചത്. ലിബിയയിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ അല്‍ഖ്വെയ്ദയാണെന്ന് ഗദ്ദാഫി പറയുന്നുണ്ടെങ്കിലും അതാരും വിശ്വസിക്കുന്നില്ല. എന്നാല്‍, ഉസാമയുടെ മരണം ഒരു രക്തസാക്ഷിയുടെ അന്ത്യമായി ചിത്രീകരിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന വികാരങ്ങള്‍ സഹതാപത്തിന്റെയും വീരാരാധനയുടെയുമായി മാറിയേക്കാം. ഇതുമൂലം അറബ് ജനതയുടെ ജനാധിപത്യതൃഷ്ണ മറ്റൊരു രൂപമെടുക്കുമോ എന്നും ഭയക്കേണ്ടിയിരിക്കുന്നു.

3. ഉസാമയുടെ മരണം ഒബാമയുടെ വിജയമാണെന്നതില്‍ സംശയമില്ല. ഒബാമയുടെ തിങ്കളാഴ്ച രാവിലത്തെ (അമേരിക്കന്‍ സമയം മെയ് ഒന്നിന് രാത്രി) പ്രസംഗത്തില്‍ ശ്രദ്ധിക്കപ്പെടേണ്ട പല കാര്യങ്ങളും ഉണ്ടായിരുന്നു. കഴിഞ്ഞ ആഗസ്ത് മാസം മുതല്‍ ഉസാമയുടെ ഒളിസ്ഥലത്തെക്കുറിച്ചുള്ള വിവരം ലഭിച്ചെന്നതാണ് ഇതില്‍ പ്രധാനം. ഇതിന്റെ അര്‍ഥം കഴിഞ്ഞ പല മാസങ്ങളായി ഉസാമ ആബട്ടബാദില്‍ ആയിരുന്നുവെന്നല്ലേ? എന്നാല്‍, ഖുല്‍ ബുദീന്‍ ഹെക്മത്തിയാറെ കാണാനായി പത്തുദിവസം മുമ്പാണ് ഉസാമ ആബട്ടബാദില്‍ വന്നതെന്ന് ഒരു പാകിസ്താനി ലേഖകന്‍ ഇപ്പോള്‍ത്തന്നെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. അതുപോലെ ഒരു അമേരിക്കന്‍ സൈനികസംഘമാണ് ഉസാമയെ വധിച്ചതെന്ന് ഒബാമയും വ്യക്തമാക്കിയിട്ടുണ്ട്.

കൂടാതെ പാകിസ്താനിലെ ആബട്ടബാദില്‍ സൈനിക നടപടി നടത്താന്‍ താനാണ് അമേരിക്കന്‍ പടയെ അധികാരപ്പെടുത്തിയതെന്നും ഒബാമ വ്യക്തമാക്കി. പാകിസ്താന്റെ അനുവാദത്തോടെയാണ് ആക്രമണം നടത്തിയതെന്ന് അദ്ദേഹം ഒരിടത്തും പറഞ്ഞില്ല. പാകിസ്താന്റെ സഹകരണത്തോടെ ഭീകരര്‍ക്കെതിരായ സമരം തുടരുമെന്നും ഇതുവരെയുണ്ടായ സഹകരണം വിജയത്തിന് സഹായിച്ചെന്നും ഒരൊഴുക്കന്‍മട്ടില്‍ പറഞ്ഞതല്ലാതെ പാകിസ്താന്‍ സേനയ്‌ക്കോ രഹസ്യാന്വേഷണ സംഘടനയ്‌ക്കോ ഓപ്പറേഷനില്‍ കാര്യമായ പങ്കുള്ളതായി ഒബാമ പരാമര്‍ശിച്ചില്ല. എന്നാല്‍, ഒരു പാക്-അമേരിക്കന്‍ സംയുക്ത ഓപ്പറേഷന്റെ ഫലമായാണ് ഉസാമയെ വധിച്ചതെന്ന് ഐ.എസ്.ഐ. മേധാവി ജനറല്‍ ഷുജാ ബാഷ അവകാശപ്പെട്ടുകഴിഞ്ഞു. അങ്ങനെയെങ്കില്‍ ഉസാമയുടെ ഒളിസ്ഥലം ആക്രമിക്കാന്‍ പാകിസ്താന്‍ സേന മതിയായിരുന്നല്ലോ? എന്തിന് ഒരു വിദേശസേനയെ ആക്രമണത്തിന് അനുവദിച്ചു? അമേരിക്ക നടത്തിക്കൊണ്ടിരിക്കുന്ന ഡ്രോണ്‍ ആക്രമണങ്ങള്‍ ശരിയല്ലെന്നും ഭീകരര്‍ എവിടെയാണെന്ന് പറഞ്ഞാല്‍ പാകിസ്താന്‍ തന്നെ ആക്രമിച്ചുകൊള്ളാമെന്നുമാണല്ലോ ഐ.എസ്.ഐ. പറഞ്ഞുവന്നിരുന്നത്.

ചുരുക്കിപ്പറഞ്ഞാല്‍ പാകിസ്താനെ അറിയിക്കാതെ, അവരുടെ അനുവാദം വാങ്ങാതെ പാക് മണ്ണില്‍ അമേരിക്ക നടത്തിയ ഒരു പരിശ്രമത്തിന്റെ ഫലമായാണ് ഉസാമ വധിക്കപ്പെട്ടത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതായിരിക്കും വാസ്തവമെങ്കിലും ഐ.എസ്.ഐ. തലവന്റെ അവകാശ വാദത്തിന്റെ ഫലമായി അല്‍ഖ്വെയ്ദയുടെ തിരിച്ചടിക്ക് പാക് ഭരണകൂടവും അതിന്റെ പ്രതിനിധികളും ഇരയായേക്കും.

4. അമേരിക്കയ്ക്കാകട്ടെ, ഇത് ആഘോഷത്തിന്റെ സമയം തന്നെ. പ്രസിഡന്റ് ഒബാമയ്ക്ക് അടുത്ത തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഒരു പ്രധാനഘടകമായി ഉസാമയുടെ അന്ത്യം പരിണമിച്ചേക്കാം. സി.ഐ.എ. യുടെയും അതിന്റെ തലപ്പത്തു നിന്ന് വിരമിച്ച് ഡിഫന്‍സ് സെക്രട്ടറിയാകാന്‍ പോകുന്ന ലിയോണ്‍ പനേത്ത യുടെയും തൊപ്പികളില്‍ ഒരു പൊന്‍തൂവല്‍ തന്നെയാണ് ഈ വിജയം.
കുറേനാളായി വിവിധ രാജ്യങ്ങളിലെ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടെ ഇടയില്‍ കേട്ടുപോന്നിരുന്ന ഒരു തമാശ അല്‍ഖ്വെയ്ദയുടെ 'നമ്പര്‍ ത്രീ'യെ പിടിക്കുന്നതില്‍ സി.ഐ.എ. വിദഗ്ധരാണെന്നായിരുന്നു. 2001 മുതല്‍ 2010 മെയില്‍ ഷേയഖ് സയ്യിദ് അല്‍ മിശ്രിയെ വധിക്കുന്നതുവരെ ഏഴുപേരെ 'അല്‍ഖ്വെയ്ദയുടെ മൂന്നാമന്‍' എന്ന് വിശേഷിപ്പിച്ച് അമേരിക്കന്‍ രഹസ്യാന്വേഷണക്കാര്‍ വധിക്കുകയോ പിടികൂടുകയോ ചെയ്തിരുന്നു. ഇപ്പോഴാകട്ടെ ഒന്നാമനെ പിടിക്കാനും തങ്ങള്‍ക്ക് കഴിയുമെന്ന് അവര്‍ തെളിയിച്ചിരിക്കുന്നു.

5. ഇന്ത്യ അന്വേഷിക്കേണ്ട വേറൊരു വിഷയം ഉസാമയുടെ വധം ഒരു കാരണമാക്കി തങ്ങള്‍ ഇവിടെ വന്ന കാര്യം നടന്നെന്നു പറഞ്ഞ് ഒബാമ അമേരിക്കന്‍ സേനയെ അഫ്ഗാനിസ്താനില്‍ നിന്ന് ഉടനടി പിന്‍വലിക്കാന്‍ തുനിയുമോയെന്നാണ്. അതുണ്ടായാല്‍ താലിബാന്‍ അഫ്ഗാനിസ്താനില്‍ മേല്‍ക്കോയ്മ നേടുമെന്നും പാകിസ്താന്‍ വേണ്ട സൗകര്യങ്ങള്‍ അവര്‍ക്ക് ചെയ്തുകൊടുക്കുമെന്നും ഊഹിക്കാം. അങ്ങനെയൊരു പരിതഃസ്ഥിതിയിലേക്കാണ് ഉസാമയുടെ മരണം അഫ്ഗാനെ എത്തിക്കുന്നതെങ്കില്‍ എപ്രകാരം സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് ഇപ്പോഴേ നാം ആലോചിക്കേണ്ടിയിരിക്കുന്നു.

(കേരളത്തിലെ മുന്‍ ഡി.ജി.പി.യും 'റോ'യുടെ മുന്‍ തലവനുമാണ് ലേഖകന്‍)





ganangal
osama


മറ്റു വാര്‍ത്തകള്‍

  12 »
BinLaden_Gallery Discuss