ലോകത്തിന്റെ ഉറക്കംകെടുത്തി രണ്ടു പതിറ്റാണ്ട്
Posted on: 03 May 2011


അമേരിക്ക കുടം തുറന്നു പുറത്തുവിട്ട ഭൂതമാണ് ഉസാമ ബിന്‍ലാദനെന്ന വിമര്‍ശം നേരത്തേ തന്നെയുണ്ട്. ഒരര്‍ഥത്തില്‍ അതു ശരിയുമാണ്. 23 വര്‍ഷത്തോളമായി ലോകത്തിന്റെ ഉറക്കം കെടുത്തിയ ഉസാമയ്ക്ക് പാലൂട്ടിയത് അമേരിക്കന്‍ ഭരണകൂടമായിരുന്നു. അഫ്ഗാനിസ്താനില്‍ ആധിപത്യമുറപ്പിക്കാനെത്തിയ സോവിയറ്റ് യൂണിയനെതിരെ യുദ്ധംചെയ്യാന്‍ ഉസാമയ്ക്ക് ആളും അര്‍ഥവും നല്‍കിയത് അമേരിക്കയാണ്. അതിനൂതനമായ ആയുധങ്ങളും സാങ്കേതികവിദ്യയും കോടിക്കണക്കിന് രൂപയുടെ ആസ്തിയും സ്വന്തമാക്കിയ ഉസാമ പിന്നെ അമേരിക്കയെത്തന്നെ വിറപ്പിച്ചുതുടങ്ങി.
സ്വന്തം പൗരന്‍മാര്‍ക്കെതിരെ ഉസാമ തിരിഞ്ഞപ്പോഴാണ് അമേരിക്കയ്ക്ക് ഉസാമ ആഗോളഭീകരനായത്. ഉസാമയുടെ അന്ത്യം ഭീകരവിരുദ്ധ യുദ്ധത്തിലെ നാഴികക്കല്ല് എന്നതിനൊപ്പം അമേരിക്കയ്ക്ക് നാണക്കേടില്‍ നിന്നുള്ള തലയൂരല്‍ കൂടിയാണ്.
കുടുംബം
സൗദി അറേബ്യയില്‍ ശതകോടീശ്വരനായിരുന്ന മുഹമ്മദ് ബിന്‍ ലാദന്റെ 52 മക്കളില്‍ പതിനേഴാമനായി 1957 മാര്‍ച്ച് പത്തിനായിരുന്നു ഉസാമ ബിന്‍ ലാദന്റെ ജനനം. മുഹമ്മദിന്റെ നാലു ഭാര്യമാരില്‍ ഒരാളായ ഹമീദയ്ക്ക് പിറന്ന ഏകസന്താനം. കവിതയും ഖുര്‍ആനും നിറഞ്ഞ ബാല്യകാലം. ഉസാമ ജനിച്ച് ഏറെക്കഴിയും മുമ്പേ അച്ഛനും അമ്മയും വേര്‍പിരിഞ്ഞു. അമ്മയുടെ പുനര്‍വിവാഹത്തില്‍ ജനിച്ച അര്‍ധസഹോദരങ്ങള്‍ക്കൊപ്പമായിരുന്നു കുട്ടിക്കാലം കഴിഞ്ഞിരുന്നത്.
വഹാബി വിശ്വാസിയായിരുന്ന ഉസാമയുടെ സ്‌കൂള്‍ വിദ്യാഭ്യാസം റിയാദിലെ അല്‍താഗര്‍ മോഡല്‍ സ്‌കൂളിലായിരുന്നു. കിങ് അബ്ദുള്‍ അസീസ് സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തികശാസ്ത്രത്തിലും ബിസിനസ് അഡ്മിനിസ്‌ട്രേഷനിലും ബിരുദം നേടി. സിവില്‍ എന്‍ജിനീയറിങ്ങിലും ബിരുദമുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. അബ്ദുള്‍ അസീസ് സര്‍വകലാശാല വിദ്യാര്‍ഥിയായിരിക്കേ പരിചയപ്പെട്ട പലസ്തീന്‍കാരനായ അധ്യാപകന്‍ അബ്ദുള്ള അസം ആണ് ഉസാമയുടെ ജീവിതവഴി മാറ്റി വരച്ചത്.
1968-ല്‍ അച്ഛന്‍ മുഹമ്മദ് ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതോടെ ചെറുപ്രായത്തില്‍ അളവില്ലാത്ത സമ്പത്തിനുടമയായി. 1974-ല്‍ പതിനേഴാം വയസ്സിലായിരുന്നു ആദ്യ വിവാഹം. ഉസാമയ്ക്ക് നാല് ഭാര്യമാരും 25 കുട്ടികളുമുണ്ടെന്നാണ് സി.എന്‍.എന്‍. ചാനല്‍ 2002-ല്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഭീകരതയിലേക്ക്
1979 ഡിസംബറില്‍ അഫ്ഗാനിസ്താനില്‍ സോവിയറ്റ് യൂണിയന്‍ നടത്തിയ അധിനിവേശം കടുത്ത പാശ്ചാത്യ വിരോധിയായ ഈ ചെറുപ്പക്കാരന്റെ മനസ്സില്‍ തീ കോരിയിട്ടു. അഫ്ഗാന്‍ ഭടന്‍മാര്‍ക്ക് പണവും മറ്റ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും സ്വരൂപിക്കുന്നതിനൊപ്പം യുദ്ധത്തില്‍ നേരിട്ടു പങ്കെടുത്തുതുടങ്ങി. മുജാഹിദ്ദീനുകളുമായി ചേര്‍ന്ന് 10 വര്‍ഷം നടത്തിയ പോരാട്ടം വിജയം കണ്ടു. സോവിയറ്റുകള്‍ക്കെതിരെയുള്ള യുദ്ധത്തിന് ആയുധങ്ങളും പണവും എത്തിച്ച് അമേരിക്ക ഉസാമയുടെ കൈകള്‍ക്ക് കരുത്തു പകര്‍ന്നു. അത്യാധുനിക ആയുധങ്ങളുടെയും സാങ്കേതിക വിദ്യയുടെയും അധിപനാവാന്‍ ഉസാമയെ സഹായിച്ചത് അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എ. ആണ്.
ഉസാമ, പാല്‍ കൊടുത്തുവളര്‍ത്തിയ കൈയില്‍ത്തന്നെ കടിക്കുന്ന കാഴ്ചയാണ് പിന്നെ ലോകം കണ്ടത്. അല്‍ഖ്വെയ്ദ എന്ന പേരില്‍ 1988ല്‍ രൂപം കൊടുത്ത സംഘടന അമേരിക്കയുടെ ദുഃസ്വപ്നമായി മാറിത്തുടങ്ങി. 1991-ല്‍ നടന്ന കുവൈത്ത്- ഇറാഖ് യുദ്ധത്തില്‍ പങ്കെടുത്ത മൂന്ന് ലക്ഷത്തോളം യു.എസ്. ഭടന്മാര്‍ക്ക് സൗദി താവളം നല്‍കിയത് ഉസാമയ്ക്ക് അംഗീകരിക്കാനായില്ല. യു.എസ്. സൈന്യത്തോട് പ്രതികാരം ചെയ്യുമെന്ന് ഉസാമ പ്രഖ്യാപിച്ചു. 1993-ല്‍ ന്യൂയോര്‍ക്കിലെ ലോകവ്യാപാര കേന്ദ്രം ലക്ഷ്യമാക്കി നടന്ന ആക്രമണം തുടര്‍ന്നു നടന്ന കൂട്ടക്കൊലകളുടെ തുടക്കം മാത്രമായിരുന്നു. ആറുപേര്‍ കൊല്ലപ്പെട്ട ബോംബാക്രമണത്തില്‍ നൂറുകണക്കിനുപേര്‍ക്ക് പരിക്കേറ്റു.
1994-ല്‍ അമേരിക്കയുടെ കടുത്ത സമ്മര്‍ദത്തെത്തുടര്‍ന്ന് സൗദി ഉസാമയുടെ പൗരത്വം റദ്ദാക്കി. തുടര്‍ന്ന് സുഡാനിലേക്ക് പോയ ഉസാമ 1996 ജനവരിയില്‍ അഫ്ഗാനിസ്താനിലേക്ക് മടങ്ങി. അഫ്ഗാനിസ്താനില്‍ അധികാരത്തിലേക്ക് നടന്നുനീങ്ങിക്കൊണ്ടിരുന്ന താലിബാന്‍ ഇരുകൈകളും നീട്ടി ഉസാമയെ സ്വീകരിച്ചു. അമേരിക്കയ്‌ക്കെതിരെ വിശുദ്ധയുദ്ധം പ്രഖ്യാപിച്ച ഉസാമ എല്ലാ അമേരിക്കക്കാരെയും കൊന്നൊടുക്കാന്‍ ഫത്‌വ ഇറക്കി. സൗദി അറേബ്യയിലെ സൈനിക താവളത്തിനു നേരേ നടത്തിയ ആക്രമണത്തില്‍ 19 അമേരിക്കക്കാര്‍ കൊല്ലപ്പെട്ടതിനു പിന്നിലും ഉസാമയുടെ കൈകളുണ്ടെന്ന് അമേരിക്ക പ്രഖ്യാപിച്ചു. തൊട്ടുപിന്നാലെ കെനിയയിലെയും ടാന്‍സാനിയയിലെയും യു.എസ്. എംബസി കെട്ടിടങ്ങള്‍ ബോംബാക്രമണത്തില്‍ കിടുങ്ങി. 224 പേര്‍ കൊല്ലപ്പെടുകയും 5000ത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അമേരിക്ക തേടുന്ന ഏറ്റവും വലിയ കുറ്റവാളിയായി 'വളര്‍ന്ന' ഉസാമയുടെ തലയ്ക്ക് എഫ്.ബി.ഐ. 2.5 കോടി ഡോളര്‍ വിലയിട്ടു.
ആഗോളഭീകരന്‍
അമേരിക്കയുടെ കണ്ണിലെ കരടായ ഉസാമ ലോകം അറിയുന്ന ഭീകരനായി മാറിയത് 2001-ലെ ലോകവ്യാപാര കേന്ദ്രത്തിന് നേരെയുള്ള ആക്രമണത്തിലൂടെയാണ്. മൂവായിരത്തോളം പേരുടെ ജീവന്‍ പൊലിഞ്ഞ ആക്രമണത്തിന്റെ മാനങ്ങള്‍ എത്രയോ വലുതായിരുന്നു. ലോകത്തെങ്ങും ചാരക്കണ്ണുള്ള സി.ഐ.എ.യുടെ മൂക്കിനുതാഴെ നടത്തിയ ഈ ആക്രമണം അമേരിക്കയുടെ അന്തസ്സിന് നേരെയുള്ള വെല്ലുവിളി കൂടിയായിരുന്നു. ഇതോടെ, അല്‍ഖ്വെയ്ദയുടെയും ഉസാമയുടെയും അന്ത്യത്തിനായി അമേരിക്ക ഔദ്യോഗിക സൈനികനടപടി പ്രഖ്യാപിച്ചു.
2004-ല്‍ സ്‌പെയിനിലെ മാഡ്രിഡില്‍ വന്‍ ആക്രമണം നടത്തി അല്‍ഖ്വെയ്ദ വീണ്ടും ലോകത്തെ ഞെട്ടിച്ചു. 191 പേര്‍ കൊല്ലപ്പെട്ട ഈ ആക്രമണത്തില്‍ 1500 ഓളം പേര്‍ക്ക് പരിക്കേറ്റു. 2005-ല്‍ ലണ്ടനിലെ മെട്രോ സ്റ്റേഷനില്‍ നടന്ന ആക്രമണത്തില്‍ 52 പേര്‍ കൊല്ലപ്പെട്ടു. അല്‍ഖ്വെയ്ദ എന്ന പേര് പേടിസ്വപ്നമായതോടെ ലോകരാജ്യങ്ങളൊക്കെയും ഭീകരവിരുദ്ധ യുദ്ധത്തില്‍ കൈകോര്‍ത്തു.
അഫ്ഗാനിസ്താനെ ഉഴുതുമറിച്ച് ആയിരക്കണക്കിന് യു.എസ്. സൈനികര്‍ ഉസാമയ്ക്കായി തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഉസാമ കൊല്ലപ്പെട്ടിരിക്കാം എന്ന് അമേരിക്ക സംശയം പ്രകടിപ്പിച്ച ഘട്ടങ്ങളിലൊക്കെയും വീഡിയോ സന്ദേശങ്ങള്‍ പുറത്തുവിട്ട് താന്‍ ജീവനോടിരിക്കുന്നുവെന്ന് ഉസാമ മറുപടി നല്‍കി. അഫ്ഗാന്‍ അരിച്ചുപെറുക്കിയിട്ടും ഉസാമയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് 2009ല്‍ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറിയായിരുന്ന റോബര്‍ട്ട് ഗേറ്റ്‌സ് പരസ്യമായി സമ്മതിച്ചു. തുടര്‍ന്നാണ് പാകിസ്താന്‍ കേന്ദ്രീകരിച്ച് അമേരിക്ക തിരച്ചില്‍ ശക്തമാക്കിയത്. സി.ഐ.എ.യുടെ മേല്‍നോട്ടത്തില്‍ ഗോത്രമേഖലയില്‍ യു.എസ്. നടത്തിയ മിസൈലാക്രമണങ്ങളുടെ പ്രധാനലക്ഷ്യം ഉസാമ തന്നെയായിരുന്നു. ഉസാമ പാകിസ്താനില്‍ ഒളിച്ചു കഴിയുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് നടത്തിയ വലവീശലിലാണ് പത്തുവര്‍ഷത്തിന് ശേഷം അമേരിക്ക ലക്ഷ്യം കാണുന്നത്.