Mathrubhumi Logo
  osama

ജീവനെടുക്കാന്‍ 40 മിനിറ്റ്‌

Posted on: 03 May 2011


ഉസാമയുടെ ഒളിത്താവളം കണ്ടെത്താനുള്ള നീക്കം സി.ഐ.എ. നാലുവര്‍ഷം മുമ്പാണ് തുടങ്ങിയത്. ഉസാമയുടെ ഏറ്റവും വിശ്വസ്തനായ സഹായിയെ കണ്ടെത്താനായിരുന്നു ആദ്യ പരിശ്രമം. അതിന് വര്‍ഷങ്ങളെടുത്തെങ്കിലും ഒളിത്താവളത്തില്‍ ഉസാമയെയും സഹായിയെയും അവസാനിപ്പിക്കാന്‍ യു.എസ്. സൈനികര്‍ക്ക് വെറും നാല്പതുമിനിറ്റു മാത്രമേ വേണ്ടി വന്നുള്ളൂ.

ന്യൂയോര്‍ക്കിലെ സപ്തംബര്‍ 11 ഭീകരാക്രമണത്തിനു പിന്നാലെ ഉസാമയ്ക്കുവേണ്ടി തിരച്ചില്‍ തുടങ്ങി. അടുത്ത അനുയായികളെയും സന്ദേശവാഹകരെയുമൊക്കെ കണ്ടെത്താനുള്ള ശ്രമം തുടക്കത്തില്‍ വിജയിച്ചില്ല. ഒടുവില്‍ അറസ്റ്റിലായ ലാദന്റെ അനുയായികളില്‍ നിന്നാണ് ഏറ്റവും വിശ്വസ്തനെക്കുറിച്ചുള്ള വിവരം കിട്ടുന്നത്. പാകിസ്താനില്‍ കഴിയുന്ന ഇയാളുടെയും സഹോദരന്റെയും താമസസ്ഥലത്തെക്കുറിച്ച് ഏകദേശവിവരം രണ്ടുവര്‍ഷം മുമ്പ് സംഘടിപ്പിച്ചു.

2009-ലെ ഈ കണ്ടെത്തല്‍ വന്‍വഴിത്തിരിവായി. മുഖ്യസഹായി വഴിയായിരുന്നു ഉസാമ പുറം ലോകവുമായി പരിമിതമായെങ്കിലും ബന്ധം പുലര്‍ത്തിയത്. ഇയാളുടെ നീക്കങ്ങള്‍ അന്വേഷണോദ്യോഗസ്ഥര്‍ രഹസ്യമായി പിന്തുടര്‍ന്നു.

ജനവാസമേഖലയില്‍ ഒളിത്താവളം

ആബട്ടാബാദിലെ ജനവാസമേഖലയിലായിരുന്നു ഉസാമയുടെ ഒളിത്താവളം. മുഖ്യസഹായിയും സഹോദരനും അവിടെത്തന്നെയാണ് താമസിച്ചിരുന്നത്. കഴിഞ്ഞ ആഗസ്തിലാണ് ഉസാമയും അവരോടൊപ്പമാണെന്നതിന് സൂചനകള്‍ കിട്ടുന്നത്.

ഉപഗ്രഹദൃശ്യങ്ങളുടെയും ചാരന്മാരുടെയും സഹായത്തോടെ സപ്തംബറില്‍ അവിടെ ആരൊക്കെ താമസിക്കുന്നുവെന്നതിന് ആധികാരിക തെളിവുകള്‍ ലഭിച്ചു. അതോടെ രഹസ്യാന്വേഷകര്‍ക്ക് ആവേശമായി. ലോകംതിരയുന്ന തീവ്രവാദിയെ കീഴടക്കാനുള്ള പദ്ധതിക്ക് ആലോചന തുടങ്ങി. നിര്‍ണായകവിവരം യു.എസ്. പ്രസിഡന്റ് ബരാക് ഒബാമയെ അറിയിച്ചു. വിവരം ആധികാരികമെന്ന് വ്യക്തമായതോടെ 'ഓപ്പറേഷന്‍ ഉസാമ' പദ്ധതിക്ക് ഒബാമ ഉന്നതതല ആലോചന തുടങ്ങി.

അവസാനനടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി അഞ്ച് ദേശീയ സുരക്ഷായോഗങ്ങളാണ് ഒബാമ വിളിച്ചു കൂട്ടിയത്. അതിലാദ്യത്തേത് കഴിഞ്ഞ മാര്‍ച്ച് 14നായിരുന്നു. അവസാനത്തേത് ഏപ്രില്‍ 29നും. അന്ന് കൊടുങ്കാറ്റ് നാശനഷ്ടം വിതച്ച അലബാമയിലേക്ക് പുറപ്പെടും മുമ്പ് ഒബാമ അന്തിമനടപടിക്കുള്ള ഉത്തരവില്‍ ഒപ്പുവെച്ചു.

അന്തിമ സൈനികനടപടി

ഞായറാഴ്ച രാവിലെയാണ് അന്തിമനടപടിക്കായി പ്രത്യേകപരിശീലനം സിദ്ധിച്ച സേനാസംഘം പാകിസ്താനിലെത്തുന്നത്. യു.എസ്. ദേശീയ സുരക്ഷാസേനാ ഉദ്യോഗസ്ഥരുടെ പുര്‍ണനിരീക്ഷണത്തിലായിരുന്നു നടപടികള്‍.

പ്രസിഡന്റ് ഒബാമ ഉന്നതസൈനികോദ്യോഗസ്ഥരുടെ യോഗം വിളിച്ച് സ്ഥിതിഗതികള്‍ ആരാഞ്ഞു. ഉസാമ ബിന്‍ ലാദന്‍ തന്നെയാണ് ആബട്ടാബാദിലെ കെട്ടിടത്തിലെ താമസക്കാരനെന്ന് റിപ്പോര്‍ട്ടെത്തി. അതോടെ അടിയന്തരനടപടിക്ക് ഉത്തരവും കൊടുത്തു. ശസ്ത്രക്രിയയ്ക്ക് സമാനമായി നേരത്തേത്തന്നെ കൃത്യമായി തയ്യാറാക്കിയ പദ്ധതിയാണ് വിജയകരമായി നടപ്പാക്കിയതെന്ന് യു.എസ്. ഉദ്യോഗസ്ഥര്‍ പറയുന്നു.

ഇന്ത്യന്‍സമയം ഞായറാഴ്ച അര്‍ധരാത്രിയാണ് സൈനികനടപടി തുടങ്ങിയത്. നാല് ഹെലികോപ്റ്ററുകളിലാണ് സൈനികര്‍ എത്തിയത്. ആബട്ടാബാദില്‍ ഉസാമ ഒളിച്ചു കഴിഞ്ഞിരുന്ന കെട്ടിടത്തിനരികെയാണ് ഹെലികോപ്റ്ററുകള്‍ ഇറങ്ങിയത്. പുറത്തിറങ്ങിയ സമീപവാസികളോട് വിളക്കണച്ച് വാതിലടച്ച് കിടക്കാന്‍ കോപ്റ്ററില്‍ നിന്നിറങ്ങിയ സൈനികര്‍ അവശ്യപ്പെട്ടു. വൈകാതെ കെട്ടിടത്തില്‍ നിന്ന് വെടിയൊച്ചയും സ്‌ഫോടനശബ്ദങ്ങളും മുഴങ്ങി. പുകപടലങ്ങള്‍ ഉയര്‍ന്നതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു. സൈനികനടപടിക്കിടെ ഒരു ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. എന്നാല്‍, സാങ്കേതികത്തകരാര്‍ മൂലം ഈ വിമാനം തകര്‍ക്കുകയായിരുന്നുവെന്നാണ് യു.എസ്. സേനയുടെ വിശദീകരണം.

യു.എസ്. സൈനികനടപടി കഴിഞ്ഞയുടനെ പാകിസ്താന്‍ സൈനികരെത്തി പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഇവിടേക്കുള്ള റോഡുകള്‍ അടച്ച സൈന്യം മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെയുള്ളവരെ തടഞ്ഞു.

ബംഗ്ലാവില്‍ ആരോരുമറിയാതെ

ഉസാമ ബിന്‍ലാദന്‍ മലനിരകളിലോ ഗുഹയിലോ കാട്ടിലോ ഒന്നുമല്ല കഴിഞ്ഞിരുന്നത്. ഇസ്‌ലാമാബാദില്‍ നിന്ന് ആബട്ടാബാദിലെ പാക് സൈനിക അക്കാദമിയുടെ മൂക്കിനു താഴെയുള്ള ഇരുനിലക്കെട്ടിടമായിരുന്നു ഒളിത്താവളം. കൃത്യമായി പറഞ്ഞാല്‍ സേനാകേന്ദ്രത്തില്‍ നിന്ന് 800 അടി മാത്രം അകലെയുള്ള ഇരുനിലകെട്ടിടത്തില്‍. അവിടെ വെച്ചാണ് യു.എസ്. സൈനികരുടെ നിറതോക്കിന് ഉസാമ ഇരയായത്.

ജനവാസമേഖലയിലാണ് ഈ കെട്ടിടം. 3000 ചതുരശ്രഅടി വിസ്തൃതിയിലാണ് വളപ്പ്. 14 അടി ഉയരത്തിലുള്ള മതില്‍. അകത്ത് എന്താണ് നടക്കുന്നതെന്ന് പുറത്തുള്ളവര്‍ക്കറിയില്ല.

മതിലിന് മുകളില്‍ ചുരുള്‍ കമ്പിവേലിയും നിരീക്ഷണക്യാമറകളും. കാവലുള്ള രണ്ട് ഗേറ്റുകള്‍. വീട്ടില്‍ ഫോണ്‍ കണക്ഷനോ ഇന്റര്‍നെറ്റോ ഇല്ല. എങ്കിലും ആഡംബരങ്ങള്‍ക്ക് കുറവൊന്നുമില്ലെന്ന് സേനാവൃത്തങ്ങള്‍ പറഞ്ഞു.

പത്തു പന്ത്രണ്ടു വര്‍ഷം മുമ്പ് പഷ്തൂണ്‍കാരനായ അര്‍ഷാദ്ഖാന്‍ എന്നയാളാണ് ഈ ഭൂമി വിലയ്‌ക്കെടുത്തതെന്ന് നാട്ടുകാര്‍ പറയുന്നു. 2005-ലാണ് കെട്ടിടം പണികഴിപ്പിച്ചത്. വസീരിസ്താന്‍ ഹവേലി (വസീരിസ്താന്‍ ബംഗ്ലാവ)് എന്നാണ് നാട്ടുകാരതിനെ വിളിച്ചിരുന്നത്. കെട്ടിടത്തിന് ജനാലകള്‍ കുറവായിരുന്നു. ഭിത്തികള്‍ക്ക് അസാധാരണമായ ഉയരവും വീതിയും. ഒളിത്താവളമാക്കാന്‍ വേണ്ടി പ്രത്യേകം നിര്‍മിച്ചതാണ് കെട്ടിടമെന്ന് ഇതില്‍ നിന്ന് വ്യക്തമാണെന്ന് യു.എസ്. സൈനികാധികൃതര്‍ പറഞ്ഞു.

കെട്ടിടത്തില്‍ ആരെങ്കിലും താമസിക്കുന്നുണ്ടോയെന്ന് നാട്ടുകാരറിഞ്ഞിരുന്നില്ല. ചില ജോലിക്കാരും കാവല്‍ക്കാരുമൊക്കെ പുറത്തിറങ്ങുന്നതു കാണാറുണ്ടെന്നു മാത്രം. പുറത്തുള്ളവര്‍ക്ക് അകത്തേക്കുള്ള പ്രവേശനം കര്‍ശനമായി വിലക്കിയിരുന്നു.

പാകിസ്താന്‍ അറിഞ്ഞുകൊണ്ടെന്ന് ആരോപണം


ഉസാമ ബിന്‍ലാദന്‍ പാക് സൈനിക അക്കാദമിക്കടുത്ത് ആരോരുമറിയാതെ സുരക്ഷിതനായി കഴിഞ്ഞത് അന്താരാഷ്ട്ര സുരക്ഷാകേന്ദ്രങ്ങളില്‍ കടുത്ത സംശയം ജനിപ്പിച്ചിട്ടുണ്ട്. സൈനിക അക്കാദമിയില്‍ കനത്ത സുരക്ഷാസന്നാഹങ്ങളാണുള്ളത്. ഇവിടത്തെ ബിരുദദാനച്ചടങ്ങുകളില്‍ പാക് കരസേനാമേധാവി പതിവു സന്ദര്‍ശകനാണ്. അപ്പോഴൊക്കെ ഈ മേഖലയില്‍ വ്യാപകറെയ്ഡും നടക്കാറുണ്ട്. ആബട്ടാബാദിന്റെ വിവിധഭാഗങ്ങളിലും പ്രധാന നിരത്തുകളിലും സൈന്യത്തിന്റെ പരിശോധനയുമുണ്ട്.

എന്നിട്ടും ഉസാമ ഇത്രയുംകാലം ഒളിച്ചുതാമസിച്ചത് സൈന്യം അറിഞ്ഞില്ലേയെന്നാണ് സംശയം. സൈന്യം അറിഞ്ഞുകൊണ്ടുള്ള ഒളിച്ചുകളിയാണിതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.




ganangal
osama


മറ്റു വാര്‍ത്തകള്‍

  12 »
BinLaden_Gallery Discuss