സവാഹിരി വരുന്നു; ഭീഷണി ഒഴിയുന്നില്ല
Posted on: 03 May 2011

ഇസ്‌ലാമാബാദ്: ഉസാമ ബിന്‍ ലാദന്‍ ഇല്ലെങ്കിലും അല്‍ ഖ്വെയ്ദയുടെ കരുത്ത് കുറയില്ലെന്ന് സൂചന.
'ലാദന്റെ ബുദ്ധികേന്ദ്രം' എന്ന വിശേഷണമുള്ള അയ്മന്‍ അല്‍-സവാഹിരി അദ്ദേഹത്തിന്റെ പിന്‍ഗാമിയായി അല്‍ ഖ്വെയ്ദയുടെ നേതൃത്വം ഏറ്റെടുക്കുമ്പോള്‍ പ്രത്യേകിച്ചും.
അല്‍ ഖ്വെയ്ദയില്‍ രണ്ടാമനാണ് ഈജിപ്തുകാരനും ഡോക്ടറുമായ സവാഹിരി. ലാദന്റെ വധത്തോടെ അല്‍-ഖ്വെയ്ദയുടെ പോരാട്ടം അവസാനിക്കില്ലെന്ന് യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ തന്നെ ഏറ്റുപറഞ്ഞിട്ടുണ്ട്. അല്‍ ഖ്വെയ്ദ ആക്രമണം തുടരുമെന്നും ജാഗ്രതയോടെ ഇരിക്കണമെന്നും യു.എസ്. ജനതയോട് അദ്ദേഹം ആഹ്വാനംചെയ്തു. നേതാവിന്റെ വധത്തില്‍ മുറിവേറ്റ അനുയായികള്‍ തിരിച്ചടിക്കാനുള്ള ആദ്യഅവസരംതന്നെ വിനിയോഗിക്കുമെന്നാണ് അമേരിക്കയുടെ വിലയിരുത്തല്‍. അല്‍-ഖ്വെയ്ദയുടെ പോരാളികളും അനുഭാവികളും ലാദന്റെ വധത്തിന് പ്രതികാരംചെയ്യാന്‍ ശ്രമിച്ചേക്കാം. മറ്റ് ഭീകരര്‍ യു.എസിനെതിരായ ആക്രമണത്തിന്റെ ആക്കം കൂട്ടിയേക്കാമെന്നാണ് യു.എസ്. ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. സപ്തംബര്‍ 11 ആക്രമണത്തിനുശേഷം പല ഉന്നതനേതാക്കളും വധിക്കപ്പെട്ടതോടെ ശക്തി ക്ഷയിച്ചുവരികയായിരുന്നെങ്കിലും ഗൂഢാലോചനകള്‍ തുടരുകയായിരുന്നുവെന്ന് യു.എസ്. പറയുന്നു. ലാദന്റെ കൊലയോ നേതൃത്വത്തിന്റെ ദൗര്‍ബല്യമോ യു.എസിനെതിരായ ഭീഷണിയുടെ തോത് കുറയ്ക്കുന്നില്ലെന്ന് പെന്റഗണ്‍ മുന്‍ഉദ്യോഗസ്ഥന്‍ സേത് ജോണ്‍സ് വിലയിരുത്തുന്നു. സുരക്ഷിത താവളം എന്ന നിലയ്ക്ക് ഭീകരര്‍ക്ക് പാകിസ്താനോടുള്ള പ്രതിപത്തി കുറയും. എന്നാലും യെമനോ മറ്റേതെങ്കിലും നാടോ ആസ്ഥാനമാക്കി അവര്‍ പ്രവര്‍ത്തനം തുടരും. അല്‍-ഖ്വെയ്ദയും അനുഭാവികളും യെമനിലെ ഭീകര സംഘടനകളും ലഷ്‌കര്‍-ഇ-തൊയ്ബയും പാകിസ്താനിലെ താലിബാനുമെല്ലാം ഒന്നിക്കാന്‍ ലാദന്റെ മരണം വഴിതെളിക്കുമോ എന്ന ഭീതിയും നിലനില്‍ക്കുന്നുണ്ട്.
ഈ പശ്ചാത്തലത്തിലാണ് അല്‍-ഖ്വെയ്ദയുടെ നേതൃത്വത്തിലേക്ക് സവാഹിരി വരുന്നത്. പണ്ഡിതരുടെയും ഡോക്ടര്‍മാരുടെയും കുടുംബത്തില്‍ പിറന്ന ഈ സര്‍ജനും അമേരിക്ക തേടിക്കൊണ്ടിരിക്കുന്ന ഭീകരപ്രവര്‍ത്തകനാണ്.
അല്‍-ഖ്വെയ്ദയുടെ മുഖ്യസംഘാടകനും ബിന്‍ലാദന്റെ ഉപദേശകനുമാണ് സവാഹിരിയെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. സപ്തംബര്‍ 11 ആക്രമണത്തെ മഹത്തായ വിജയമെന്നും അതിന് വഴിയൊരുക്കിയ ദൈവത്തിന് നന്ദിയെന്നുമാണ് സവാഹിരി പറഞ്ഞത്.
മുഹമ്മ്ദ് റാബീ അല്‍-സവാഹിരി എന്ന ഫാര്‍മക്കോളജിസ്റ്റിന്റെ മകനായി 1951 ജൂണ്‍ 19-ന് കയ്‌റോയ്ക്കടുത്ത് ജനിച്ച സവാഹിരി ഈജിപ്തിലെ ഏറ്റവും പ്രശസ്തമായ സ്ഥാപനത്തില്‍നിന്നാണ് മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. അപ്പോഴേക്കും, ചോര ചിന്താതെ ലോകംമുഴുവന്‍ ഇസ്‌ലാമികഭരണം നടപ്പാക്കാന്‍ ആഗ്രഹിക്കുന്ന മുസ്‌ലിം ബ്രദര്‍ഹുഡ് എന്ന സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുതുടങ്ങിയിരുന്നു. 1973-ല്‍ ഈജിപ്തില്‍ തുടക്കമിട്ട ഈജിപ്ഷ്യന്‍ ഇസ്‌ലാമിക് ജിഹാദ് എന്ന ഭീകരസംഘടനയില്‍ അംഗമായി. ഈജിപ്ഷ്യന്‍ പ്രസിഡന്റ് അന്‍വര്‍ സാദത്തിനെ വധിച്ചതിന് അറസ്റ്റിലായ 301 പേരില്‍ ഒരാള്‍ സവാഹിരിയായിരുന്നു. '93-ല്‍ സംഘടനയുടെ തലവനായി. കെനിയയിലെയും ടാന്‍സാനിയയിലെയും യു.എസ്. എംബസികളില്‍ ആക്രമണം നടത്തിയതിന് 1999-ല്‍ ഈജിപ്ത് കോടതി വധശിക്ഷയ്ക്ക് വിധിച്ച സവാഹിരിക്ക് 80-കളില്‍ത്തന്നെ ലാദനെ പരിചയമുണ്ടായിരുന്നു. അഫ്ഗാനിസ്താനിലെ സോവിയറ്റുകള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ ലാദനൊപ്പം അമേരിക്കയെ പിന്തുണയ്ക്കാന്‍ സവാഹിരിയുമുണ്ടായിരുന്നു.
അഫ്-പാക് അതിര്‍ത്തിയില്‍ ഒന്നിച്ച് ഒളിച്ചുകഴിഞ്ഞിരുന്ന ലാദന്റെയും സവാഹിരിയുടെയും ഒന്നിച്ചുള്ള വിഡിയോചിത്രങ്ങള്‍ അവസാനമായി പുറത്തുവന്നത് 2003 സപ്തംബര്‍ 10-നാണ്. സപ്തംബര്‍ 11 ആക്രമണത്തിനായി വിമാനം റാഞ്ചിയവരെയും പ്രകീര്‍ത്തിച്ചും ജിഹാദിനെപ്പറ്റി സംസാരിച്ചും ഇവര്‍ ഒന്നിച്ചു നടക്കുന്ന ദൃശ്യങ്ങള്‍ അല്‍ ജസീറയാണ് പുറത്തുവിട്ടത്. ലാദനെന്നപ്പോലെ സവാഹിരിക്കുനേരെയും വധശ്രമങ്ങളുണ്ടായിട്ടുണ്ട്. അഫ്ഗാനിസ്താനിലെ അല്‍-ഖ്വെയ്ദ പരിശീലനകേന്ദ്രങ്ങളില്‍ യു.എസ്. ബോംബിട്ടപ്പോള്‍ പരിക്കുകളോടെയാണ് ലാദനും സവാഹിരിയും രക്ഷപ്പെട്ടത്.
അഫ്ഗാനിസ്താനിലെ കാണ്ഡഹാറില്‍ 2001 ഡിസംബറില്‍ യു.എസ് നടത്തിയ ആക്രമണത്തില്‍ ഭാര്യ അസയും മൂന്ന് പെണ്‍മക്കളും സവാഹിരിക്ക് നഷ്ടപ്പെട്ടു. അതില്‍പ്പിന്നെ എന്നും യു.എസിനെ വിമര്‍ശിച്ചും രക്തരൂഷിതപോരാട്ടങ്ങള്‍ക്ക് ആഹ്വാനംചെയ്തും അദ്ദേഹം സദാ വിഡിയോകളില്‍ പ്രത്യക്ഷപ്പെട്ടു. 2008 നവംബറില്‍ ഒബാമയെ 'ഹൗസ് നീഗ്രോ' എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് സവാഹിരി ലോകശ്രദ്ധയാകര്‍ഷിച്ചത്. വെള്ളക്കാര്‍ കറുത്തവരെ അപമാനിക്കാന്‍ വിളിച്ചുവന്നിരുന്ന പദമായിരുന്നു അത്. മുന്‍ഗാമി ജോര്‍ജ് ഡബ്ല്യു.ബുഷിനെപ്പോലെത്തന്നെയാണ് ഒബാമയും എന്നും അദ്ദേഹം വിമര്‍ശിച്ചു. ഒബാമയുടെ കടുത്ത വിമര്‍ശകനായ സവാഹിരിതന്നെ ഒസാമയുടെ പിന്‍ഗാമിയായി എത്തുമെന്നത് അദ്ദേഹത്തിനും അമേരിക്കയ്ക്കും ലോകത്തിനാകെയും ശുഭകരമായ വാര്‍ത്തയല്ല.