Mathrubhumi Logo
  osama

മൃതദേഹം കടലില്‍ മറവുചെയ്തു

Posted on: 03 May 2011


ഇസ്‌ലാമാബാദ്/വാഷിങ്ടണ്‍: വര്‍ഷങ്ങളോളം യു.എസ്. ചാരക്കണ്ണുകളെ കബളിപ്പിച്ചു നടന്ന ഉസാമ ബിന്‍ ലാദന് (54)ഒടുവില്‍ യു.എസ്. സൈനികരുടെ വെടിയുണ്ടയില്‍ അന്ത്യം. ഉസാമയുടെയും മകന്റെയും മൃതദേഹങ്ങള്‍ കടലില്‍ മറവുചെയ്തതായാണ് റിപ്പോര്‍ട്ട്.

ഉസാമയെ ഞായറാഴ്ച ഇന്ത്യന്‍സമയം രാത്രി 12.30-ഓടെ പാകിസ്താനിലെ ആബട്ടാബാദിലുള്ള ഒളികേന്ദ്രത്തില്‍വെച്ചാണു വധിച്ചത്. ഉസാമയ്ക്കു പുറമെ മകനും രണ്ടു സഹായികളും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ഇതോടെ ലോകത്തിലെ ഏറ്റവും വലുതും ചെലവേറിയതുമായ മനുഷ്യവേട്ടയെന്ന് വിശേഷിപ്പിക്കപ്പെട്ട സൈനികനടപടിക്ക് വിരാമമായി.

2001 സപ്തംബര്‍ 11-ന് ന്യൂയോര്‍ക്കിലും വാഷിങ്ടണിലുമുണ്ടായ ചാവേര്‍ വിമാനാക്രമണങ്ങളുടെ സൂത്രധാരനെന്ന് അമേരിക്ക ആരോപിക്കുന്ന ഉസാമയെ അതിന്റെ പത്താം വാര്‍ഷികത്തിലാണ് കണ്ടെത്തി വധിച്ചത്.

ലോകത്തെ വിറപ്പിച്ച 'അല്‍ഖ്വെയ്ദ'യുടെ മേധാവിയെ വധിച്ച വിവരം യു.എസ്. പ്രസിഡന്റ് ബരാക് ഒബാമയാണ് അറിയിച്ചത്. ''ഭീകരവിരുദ്ധ യുദ്ധത്തില്‍ അമേരിക്ക ഇതേവരെയുണ്ടാക്കിയതില്‍വെച്ചേറ്റവും വലിയ നേട്ടം'' എന്നാണ് ഒബാമ ഇതിനെ വിശേഷിപ്പിച്ചത്.

അഫ്ഗാനിസ്താനോടു ചേര്‍ന്നുള്ള പാക് പ്രവിശ്യയായ ഖൈബര്‍ പക്തൂണ്‍ഖ്വ (പഴയ വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യ)യിലെ വിനോദസഞ്ചാര നഗരമായ ആബട്ടാബാദിലെ കൂറ്റന്‍ കെട്ടിടത്തിലാണ് ഉസാമയെ അമേരിക്കന്‍ സൈന്യം കണ്ടെത്തിയത്. തുടര്‍ന്ന് പാകിസ്താനെപ്പോലുമറിയിക്കാതെ അതിരഹസ്യമായാണ് സൈനികനടപടിയുണ്ടായത്.

'നേവി സീല്‍ ടീം സിക്‌സ്' എന്ന സേനാവിഭാഗത്തിലെ ഭടന്‍മാരാണ് നടപടിയില്‍ പങ്കെടുത്തതെന്ന് യു.എസ്. ഉദ്യോഗസ്ഥര്‍ അറിയിച്ചു. വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ ഖാസി എയര്‍ബേസില്‍നിന്നാണ് ഹെലിക്കോപ്റ്ററുകള്‍ പുറപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. 2010-ലെ പ്രളയത്തെത്തുടര്‍ന്ന് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി ഈ വ്യോമത്താവളം യു.എസ്. സേന ഉപയോഗിച്ചുവരികയായിരുന്നു.

ഹെലിക്കോപ്റ്ററില്‍ വന്നിറങ്ങിയ യു.എസ്. കമാന്‍ഡോകള്‍ക്കുനേരെ ഉസാമ തോക്കെടുത്തുവെന്ന് സേനാകേന്ദ്രങ്ങള്‍ പറഞ്ഞു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ തലയ്ക്കു വെടിയേറ്റാണ് ഉസാമ മരിച്ചത്. ഏറ്റുമുട്ടല്‍ നാല്പതു മിനിറ്റ് നീണ്ടുനിന്നു. ഉസാമയും മകനും രണ്ടു സഹായികളും ഏറ്റുമുട്ടലില്‍ മരിച്ചു. കൂടാതെ, ഭീകരര്‍ 'സംരക്ഷണ കവച'മായി ഉപയോഗിച്ച സ്ത്രീകളിലൊരാള്‍ മരിക്കുകയും രണ്ടു സ്ത്രീകള്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തതായി യു.എസ്. വൃത്തങ്ങള്‍ പറഞ്ഞു.

ഉസാമയുടെയും മകന്റെയും മൃതദേഹങ്ങള്‍ കടലില്‍ മറവു ചെയ്തതായി അധികൃതര്‍ അറിയിച്ചു. മൃതദേഹം 24 മണിക്കൂറിനകം മറവു ചെയ്യണമെന്ന ഇസ്‌ലാമിക ആചാരം കണക്കിലെടുത്താണിതെന്നാണ് വിശദീകരണം. അതേസമയം, ഉസാമയുടെ ശവകുടീരം ഭാവിയില്‍ തീര്‍ഥാടന കേന്ദ്രമായി മാറുമെന്ന ഭീതി മൂലമാണ് കടലില്‍ ശവസംസ്‌കാരം നടത്തിയതെന്ന് റിപ്പോര്‍ട്ടുണ്ട്.

ആബട്ടാബാദിലെ പാക് സൈനിക അക്കാദമിയുടെ 800 അടി മാത്രം അകലെയായിരുന്നു ഉസാമയുടെ ഒളിയിടം. ഒളികേന്ദ്രത്തിന്റെ വലിപ്പവും സങ്കീര്‍ണ ഘടനയും അമ്പരപ്പിച്ചതായി യു.എസ്. ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൃതദേഹങ്ങള്‍ യു.എസ്. കസ്റ്റഡിയിലാണെന്നും വാര്‍ത്തയുണ്ട്.

ഉസാമയുടെ വിശ്വസ്ത സഹായികളിലൊരാളെ വര്‍ഷങ്ങളായി നിരീക്ഷിച്ചാണ് ഇപ്പോഴത്തെ വിജയം നേടിയതെന്ന് യു.എസ്. അധികൃതര്‍ പറഞ്ഞു. രഹസ്യവിവരം അവസാനനിമിഷംവരെ മറ്റൊരു രാജ്യവുമായും പങ്കുവെച്ചിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.

ന്യൂയോര്‍ക്കില്‍ 2001 സപ്തംബര്‍ 11-ന് ചാവേറാക്രമണത്തില്‍ നിലംപരിശായ ലോകവ്യാപാര സമുച്ചയം നിന്നിരുന്ന 'ഗ്രൗണ്ട് സീറോ'യിലും വാഷിങ്ടണില്‍ വൈറ്റ്ഹൗസിനു മുന്നിലുമടക്കം അമേരിക്കയില്‍ പല കേന്ദ്രങ്ങളിലും തിങ്കളാഴ്ച വിജയാഹ്ലാദ പ്രകടനങ്ങള്‍ നടന്നു. അതേസമയം, തങ്ങള്‍ക്കിടയിലാണ് ഉസാമ ബിന്‍ ലാദന്‍ ഇത്രനാള്‍ ജീവിച്ചിരുന്നതെന്നറിഞ്ഞതിന്റെ ഞെട്ടലിലാണ് ആബട്ടാബാദിലെ ജനങ്ങള്‍.

ഉസാമയുടെ വധത്തെ അമേരിക്കയുടെ ഭീകരവിരുദ്ധ യുദ്ധത്തിന്റെ ശില്പിയായ മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് സ്വാഗതം ചെയ്തു. ഉസാമയെ കണ്ടെത്തി വധിക്കാനായത് പ്രസിഡന്റ് ഒബാമയെ സംബന്ധിച്ചിടത്തോളം വലിയ രാഷ്ട്രീയനേട്ടമായെന്നാണ് വിലയിരുത്തല്‍. വീണ്ടും പ്രസിഡന്റ് തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ഒബാമയ്ക്ക്, ഇത് ജനപ്രീതി ഉയര്‍ത്താന്‍ സഹായിക്കുമെന്നും രാഷ്ട്രീയനിരീക്ഷകര്‍ പറഞ്ഞു.

'ഭീകരവിരുദ്ധ യുദ്ധം അഫ്ഗാനിസ്താനിലല്ല നടത്തേണ്ടതെന്ന നിലപാടിന്റെ വിജയം' എന്നാണ് അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി പ്രതികരിച്ചത്. ഭീകരതയെ ഉന്മൂലനം ചെയ്യാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രതിബദ്ധതയാണ് സംഭവത്തില്‍ പ്രതിഫലിക്കുന്നതെന്ന് പാക് സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.



ganangal
osama


മറ്റു വാര്‍ത്തകള്‍

  12 »
BinLaden_Gallery Discuss