Mathrubhumi Logo
saibaba-1   saibaba-2

പുതിയ ഭാവിതേടി പുട്ടപര്‍ത്തി

Posted on: 27 Apr 2011

പുട്ടപര്‍ത്തി: ''സായ് റാം...'' മധുരംചേര്‍ക്കാത്ത ചൂടുചായ നീട്ടിക്കൊണ്ട് അരുണവല്ലി യമ്മാള്‍ ശ്രദ്ധക്ഷണിച്ചു. ബാബ പോയതിന്റെ ദുഃഖം ഈ തട്ടുകടക്കാരിയുടെ മുഖത്തറിയാം. അതിനേക്കാളേറേ ആശങ്കയും. നാളത്തെ പുട്ടപര്‍ത്തി എങ്ങനെയായേക്കുമെന്ന ആശങ്കയിലാണ് അരുണവല്ലിയമ്മാളിനെപ്പോലെ ഇവിടത്തെ ഓരോ കച്ചവടക്കാരും. ബാബയെന്ന ഒറ്റവ്യക്തിയെ ആശ്രയിച്ചാണ് ഇവര്‍ കച്ചവടവും ഒപ്പം ജീവിതവും കെട്ടിപ്പടുത്തത്.
ബാബയെ കാണാനും കേള്‍ക്കാനുമായിരുന്നു ലോകത്തിന്റെ എല്ലാഭാഗത്തുനിന്നും വിശ്വാസികള്‍ ഈ ചെറുപട്ടണത്തിലേക്ക് ഒഴുകിയെത്തിയിരുന്നത്. അവര്‍ക്ക് മുറി വാടകയ്ക്ക് കൊടുത്തും ഭക്ഷണം ഒരുക്കിയും ബാബയുടെ ചിത്രങ്ങള്‍ വിറ്റും ജീവിതം മുന്നോട്ടുനീക്കിയവര്‍ക്ക് ഇപ്പോള്‍ ഭയമാണ്. കുറച്ചുകാലം കൂടി ഈ ജനപ്രവാഹമുണ്ടായേക്കാം. പിന്നെ എങ്ങനെയാവുമെന്ന് അറിയില്ല - പ്രശാന്തിനിലയത്തിനടുത്ത്, ഹോട്ടല്‍ നടത്തുന്ന രാധാകൃഷ്ണന്‍ ആശങ്കപ്പെടുന്നു. ബാബയുടെ അനുയായിയായിരുന്ന അച്ഛന്‍ തുടങ്ങിയതാണ് ഹോട്ടല്‍. സ്വദേശമായ കൊയിലാണ്ടിയില്‍ അച്ഛന്‍ സ്വന്തമായി വീടുവെച്ചതും മൂന്നുപെണ്‍മക്കളെ മോശമല്ലാത്ത സ്ഥിതിയില്‍ വിവാഹം ചെയ്തയച്ചതും പുട്ടപര്‍ത്തിയിലെ ചെറിയ ഹോട്ടലില്‍നിന്നുള്ള വരുമാനംകൊണ്ടാണെന്ന് രാധാകൃഷ്ണന്‍ പറയുന്നു. സ്വന്തമായി വാങ്ങിയ സ്ഥലത്ത് കെട്ടിടം പണിത് ഹോട്ടല്‍ അവിടേക്ക് മാറ്റാനുള്ള പദ്ധതി പുരോഗമിക്കുന്നതിനിടെയാണ് ബാബ സമാധിയായത്. കെട്ടിടം പണിയാന്‍ 25 ലക്ഷം രൂപ ബാങ്ക് വായ്പയുമെടുത്തിട്ടുണ്ട്. രാധാകൃഷ്ണന്റെ മനസ്സില്‍ ഇപ്പോള്‍ തീയാണ്. നാളെ ഇവിടേക്കുള്ള ആളൊഴുക്ക് കുറഞ്ഞാല്‍ പദ്ധതിയെല്ലാം പാളിപ്പോകും. കടക്കെണിയിലുമാകും. ചെറുതും വലുതുമായി രണ്ടായിരത്തോളം ബിസിനസ്സ് സ്ഥാപനങ്ങളാണ് പുട്ടപര്‍ത്തിയിലുള്ളത്.
ബാബ ആസ്പത്രിയിലായപ്പോള്‍ത്തന്നെ വരണ്ട പാറക്കെട്ടുകള്‍ക്കിടയില്‍ കെട്ടിപ്പൊക്കിയ ഈ പട്ടണത്തിന്റെ സാമ്പത്തിക സൂചിക ശരിക്കൊന്നുലഞ്ഞു. 50 കോടിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു. നിര്‍മാണം പൂര്‍ത്തിയായ ഇരുനൂറോളം ഫ്ലാറ്റുകള്‍ വാങ്ങാന്‍ ആളില്ലാതായി. പുതിയ ഭൂമികൈമാറ്റം നടക്കുന്നില്ല. വില ഇനിയും തകരുംമുന്‍പ് കൈയിലുള്ള ഫ്ലാറ്റ് വിറ്റഴിക്കാന്‍ ഉടമകള്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു. സര്‍വീസ്ഡ് അപ്പാര്‍ട്ട്‌മെന്റ് വാടകയ്ക്ക് എന്നതിനുപകരം ലക്ഷ്വറി ഫ്ലാറ്റ് വില്‍പ്പനയ്ക്ക് എന്ന ബോര്‍ഡുകള്‍ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയങ്ങള്‍ക്കുമുന്‍പില്‍ തൂങ്ങിത്തുടങ്ങി.
മണി എക്‌സ്‌ചേഞ്ച് ബിസനസ്സും നെറ്റ്കഫേയും നടത്തുന്നവരാണ് തിരിച്ചടിയെ ഏറ്റവും ഭയക്കുന്നവര്‍. പുട്ടപര്‍ത്തിയിലെ തെരുവുകളില്‍ കൂടുതലും ഇവ രണ്ടുമാണ്. വിദേശികളായ അനുയായികളായിരുന്നു ഇവരുടെ ആശ്രയം. ഏപ്രില്‍, മെയ് വേനല്‍മാസങ്ങളൊഴികെ ദിവസം ശരാശരി 19 ലക്ഷം രൂപവരെയായിരുന്നു ഓരോ മണി എക്‌സ്‌ചേഞ്ചുകാരനും കിട്ടിയിരുന്ന ബിസിനസ്സ്. വിദേശികളെ പുട്ടപര്‍ത്തിയിലേക്ക് ആകര്‍ഷിച്ചിരുന്നത് ബാബയുടെ സാന്നിധ്യംതന്നെ. അദ്ദേഹം സമാധിയായതോടെ ഇനി വിദേശികളുടെ വരവ് കുത്തനെ കുറയുമെന്ന് ഇവര്‍ക്ക് ആശങ്കയുണ്ട് .
എന്നാല്‍, തിരിച്ചടി തികച്ചും താത്കാലികമായിരിക്കുമെന്നതാണ് പ്രശാന്തിനിലയത്തിനടുത്ത് നാല്‍പ്പതുവര്‍ഷമായി റസ്റ്റോറന്റും ലോഡ്ജും നടത്തുന്ന ഒറ്റപ്പാലത്തുകാരന്‍ വിജയകുമാറിന്റെ വിലയിരുത്തല്‍. കാര്യങ്ങള്‍ ഷിര്‍ദിയിലേതുപോലെയാകുമെന്ന് അദ്ദേഹം പറയുന്നു. ഷിര്‍ദിസായി സമാധിയായശേഷം ദേശീയതലത്തില്‍ത്തന്നെയുള്ള വലിയ ആത്മീയ തീര്‍ഥാടന കേന്ദ്രമായി മാറിയിട്ടുണ്ട്. ഇതേരീതിയിലൊരു ഭാവിയാണ് പുട്ടപര്‍ത്തിയേയും കാത്തിരിക്കുന്നതെന്ന് ഇവിടത്തെ കച്ചവടക്കാര്‍ കണക്കുകൂട്ടുന്നു. ആന്ധ്രാപ്രദേശ് സര്‍ക്കാറും ചില പദ്ധതികള്‍ പരിഗണിക്കുന്നുണ്ട്. ബാബയുടെ ആഗോളതലത്തിലുള്ള സ്വാധീനം മുന്നില്‍ക്കണ്ട് പുട്ടപര്‍ത്തിയെ ഒരു അന്താരാഷ്ട്ര ആത്മീയ തീര്‍ഥാടന കേന്ദ്രമായി മാറ്റാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ബാബയുടെ സമാധിസ്ഥലത്ത് കൂറ്റന്‍ ക്ഷേത്രം നിര്‍മിക്കുന്ന കാര്യം ശ്രീസത്യസായി ട്രസ്റ്റ് പരിഗണിക്കുന്നുണ്ട്. ഇത് ഭാവിയില്‍ തീര്‍ഥാടകരെ വലിയ തോതില്‍ ആകര്‍ഷിക്കുമെന്ന് കരുതുന്നതായി ആന്ധ്രാ വ്യവസായ വികസനമന്ത്രി ഗീതാ റെഡ്ഡി പറഞ്ഞു. വിമാനത്താവളവും ഹോട്ടലുകളും പോലെയുള്ള അടിസ്ഥാന സൗകര്യങ്ങളുമുണ്ട്. ഇവ ഉപയോഗിച്ചുകൊണ്ട് പുട്ടപര്‍ത്തിയുടെ തീര്‍ഥാടന ടൂറിസം സാധ്യതകള്‍ വളര്‍ത്തിയെടുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍, ഇത് കുറച്ചുകാലമെടുക്കുമെന്നും അത്രയുംനാള്‍ പുട്ടപര്‍ത്തിയിലെ ബിസിനസ്സ് സമൂഹത്തിന് പിടിച്ചുനില്‍ക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും ഗീതാറെഡ്ഡി പറഞ്ഞു.
അതിനിടെ, അനന്തപുരിനെ വിഭജിച്ച് പുതിയൊരു ജില്ല സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തത്ത്വത്തില്‍ തീരുമാനിച്ചിട്ടുണ്ട്. ഹിന്ദുപ്പുരും പുട്ടപര്‍ത്തിയുമാണ് പുതിയ ജില്ലയുടെ ആസ്ഥാനമായി പരിഗണനയിലുള്ളത്. ഒരു ജില്ലാ ആസ്ഥാനത്തിനുവേണ്ട അടിസ്ഥാന സൗകര്യം ഇപ്പോള്‍ത്തന്നെയുണ്ടെന്നത് പുട്ടപര്‍ത്തിക്കനുകൂലമാണ്. പുട്ടപര്‍ത്തിയുടെ സാധ്യത ഉയര്‍ത്തിക്കാട്ടി ജില്ലാ ആസ്ഥാനം ഇവിടേക്ക് കൊണ്ടുവരാന്‍ സ്ഥലം എം.എല്‍.എ. പുല്ലേല രഘുനാഥ റെഡ്ഡി അരയും തലയും മുറുക്കി രംഗത്തുണ്ട്. വ്യാപാരി സമൂഹവും ഇക്കാര്യത്തില്‍ അദ്ദേഹത്തിനൊപ്പമാണ്. ഇതുകൂടി നടക്കുകയാണെങ്കില്‍ പുട്ടപര്‍ത്തിക്ക് ഇനി വരാനിരിക്കുന്നത് ഉയര്‍ച്ചയുടെ നാളുകളായിരിക്കും.




saibaba-adaranjalikal ganangal
saibaba-video gallery


മറ്റു വാര്‍ത്തകള്‍

  12 3 4 »

 

Discuss