Mathrubhumi Logo
saibaba-1   saibaba-2

ബാബ ഇനി ആത്മതേജസ്സ്‌

പി. സുനില്‍കുമാര്‍ Posted on: 27 Apr 2011

പുട്ടപര്‍ത്തി (ആന്ധ്ര): ലോകത്തിനാകെ സ്‌നേഹവും കാരുണ്യവും ചൊരിഞ്ഞ വിശ്വപ്രേമത്തിന്റെ നായകന് ഭക്തരുടെ കണ്ണീരില്‍ക്കുതിര്‍ന്ന അന്ത്യാഞ്ജലി. അനേകായിരം കണ്ഠങ്ങളില്‍നിന്നുയര്‍ന്ന പ്രാര്‍ഥനയും ഭജനമന്ത്രങ്ങളും നിറഞ്ഞ അന്തരീക്ഷത്തില്‍ ബുധനാഴ്ച സത്യസായിബാബയെ പ്രശാന്തിനിലയത്തിലെ കുല്‍വന്ത് ഹാളിലെ സഭാമണ്ഡപത്തില്‍ സമാധിയിരുത്തി.
രാവിലെ ഏഴരയോടെ ആരംഭിച്ച ചടങ്ങ് നാലുമണിക്കൂര്‍ നീണ്ടു. കന്ദകൂരികൊണ്ട അവധാനിയുടെ മുഖ്യകാര്‍മികത്വത്തില്‍ കിഴക്കന്‍ ഗോദാവരിയില്‍നിന്നുള്ള 18 പൂജാരികള്‍ ചടങ്ങിന് നേതൃത്വം നല്‍കി. ഹൈന്ദവാചാരപ്രകാരമായിരുന്നു ചടങ്ങുകള്‍. സമാധിയറയില്‍ നവധാന്യങ്ങളും നവരത്‌നങ്ങളും കൃഷ്ണ, ഗോദാവരി, കാവേരി, സരസ്വതി തുടങ്ങി പുണ്യനദികളില്‍നിന്നെത്തിച്ച ജലവും മണ്ണും നിറച്ചതിനു ശേഷമായിരുന്നു സമാധിയിരുത്തല്‍ .
ഔദ്യോഗികബഹുമതികളോടെയാണ് ചടങ്ങു നടന്നത്. രാഷ്ട്രീയരംഗത്തെ പ്രമുഖരടക്കം രാജ്യത്തെ സമുന്നത വ്യക്തികള്‍ ചടങ്ങില്‍ പങ്കെടുത്തു. ബുധനാഴ്ച 12ന് ശേഷം സമാധിസ്ഥലം ദര്‍ശിക്കാന്‍ ഭക്തര്‍ക്ക് അനുവാദം നല്‍കി. പന്ത്രണ്ട് ദിവസത്തെ പൂജകള്‍ക്കുശേഷം ബാബ, ഭക്തര്‍ക്ക് ദര്‍ശനം നല്‍കിവന്നിരുന്ന കുല്‍വന്ത് ഹാള്‍ ഷിര്‍ദിസായി സമാധിയുടെ മാതൃകയില്‍ സ്മൃതിമണ്ഡപമാക്കും.
കുല്‍വന്ത് ഹാളില്‍ ക്ഷേത്രത്തിന്റെ മാതൃകയില്‍ത്തീര്‍ത്ത മണ്ഡപത്തിനു മുന്നിലാണ് ബാബയെ സമാധിയിരുത്തിയത്. ഗണപതിഹോമത്തോടെയായിരുന്നു തുടക്കം. രാജ്യത്തെ പുണ്യനദികളിലെ ജലവും മണ്ണും സമാധിയറയില്‍ അര്‍പ്പിച്ചു. തിങ്ങിനിറഞ്ഞ ഭക്തര്‍ ഭജനാലാപനം നടത്തി. എട്ടുമണിയോടെ ലോകമതങ്ങളെ പ്രതിനിധാനം ചെയ്യാനെത്തിയ പണ്ഡിതര്‍ മതഗ്രന്ഥങ്ങള്‍ പാരായണം ചെയ്തു. ഒരു മതത്തെയും ഇകഴ്ത്തി സംസാരിക്കാത്ത ബാബയുടെ ഭൗതിക ദേഹത്തെ ക്രിസ്ത്യന്‍, മുസ്‌ലിം, ബുദ്ധ, ജൂത പുരോഹിതര്‍ വലംവെച്ചു.
തുടര്‍ന്ന് പോലീസ്, ബാബയുടെ ഭൗതികശരീരത്തില്‍ ദേശീയപതാക പുതപ്പിച്ചു. പത്തോടെ ഭൗതികശരീരം സമാധിയിരുത്തലിനായി സഭാമണ്ഡപത്തിലേക്കെടുത്തപ്പോള്‍ ഹാളില്‍ തിങ്ങിനിറഞ്ഞ ഭക്തര്‍ പൊട്ടിക്കരഞ്ഞു. ബാബയുടെ തിരിച്ചുവരവിനായി ഉച്ചത്തില്‍ പ്രാര്‍ഥിക്കുന്നുണ്ടായിരുന്നു. കുല്‍വന്ത് ഹാളിനു പുറത്ത് പോലീസ് സേന മൂന്നു റൗണ്ട് വെടിയുതിര്‍ത്ത് ബാബയോടുള്ള ആദരവ് പ്രകടിപ്പിച്ചു.
തിരശ്ശീല കൊണ്ട് മറച്ച് സ്വകാര്യ ചടങ്ങായാണ് അന്ത്യകര്‍മ്മങ്ങള്‍ നടത്തിയത്. ബാബയുടെ സഹോദരന്‍ ജാനകീരാമയ്യയുടെ മകനും സത്യസായി സെന്‍ട്രല്‍ ട്രസ്റ്റ് അംഗവുമായ ആര്‍.ജെ. രത്‌നാകര്‍ നേതൃത്വം നല്‍കി. വിങ്ങിപ്പൊട്ടിക്കൊണ്ടാണ് അദ്ദേഹം ക്രിയകള്‍ പൂര്‍ത്തിയാക്കിയത്. പൂജാകര്‍മങ്ങള്‍ക്കുശേഷം കാര്‍മികത്വം വഹിച്ച പണ്ഡിതന്‍മാര്‍ക്ക് പശുവും കിടാവുമടക്കം ദാനം നല്‍കി. ഒമ്പതരയോടെ ആരംഭിച്ച അവസാനഘട്ട പൂജാചടങ്ങുകള്‍ യജുര്‍വേദപാരായണം, മഹാ ആവാഹനം, മംഗളാരതി എന്നിവയോടെ 10.45ന് സമാപിച്ചു. തുടര്‍ന്ന് ചടങ്ങിനെത്തിയ പ്രമുഖര്‍ സമാധിയറയില്‍ നവധാന്യങ്ങളും വിഭൂതിയുമര്‍പ്പിച്ചു മടങ്ങി.
ബാബയുടെ സമാധിയിരുത്തല്‍ ചടങ്ങിന് സാക്ഷ്യംവഹിക്കാന്‍ പ്രമുഖരുടെ നിര തന്നെ എത്തി. ബി.ജെ.പി. നേതാവ് എല്‍.കെ.അദ്വാനി, വെങ്കയ്യനായിഡു, രാജസ്ഥാന്‍ ഗവര്‍ണര്‍ ശിവരാജ് പാട്ടീല്‍, കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ, കര്‍ണാടക മന്ത്രിമാരായ വി.എസ്.ആചാര്യ, ശോഭ കരന്തലജെ, ആന്ധ്ര ഗവര്‍ണര്‍ നരസിംഹന്‍, മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി, മന്ത്രിമാരായ ഗീത റെഡ്ഡി, രഘുവീര റെഡ്ഡി, വി.എച്ച്.പി. നേതാവ് അശോക് സിംഘല്‍, പ്രവീണ്‍ തൊഗാഡിയ, മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്‍ തുടങ്ങിയവര്‍ പ്രണാമമര്‍പ്പിച്ചു.



saibaba-adaranjalikal ganangal
saibaba-video gallery


മറ്റു വാര്‍ത്തകള്‍

  12 3 4 »

 

Discuss