Mathrubhumi Logo
saibaba-1   saibaba-2

സത്യജിത്തിന് വധഭീഷണി; പോലീസ് സംരക്ഷണം

Posted on: 27 Apr 2011

പുട്ടപര്‍ത്തി: സത്യസായിബാബയുടെ സന്തതസഹചാരിയും മനഃസാക്ഷി സൂക്ഷിപ്പുകാരനുമായിരുന്ന സത്യജിത്തിന് വധഭീഷണി. ഇതേത്തുടര്‍ന്ന് അദ്ദേഹത്തിന് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. സത്യജിത്തിന് വധഭീഷണിയുണ്ടെന്ന് രഹസ്യാന്വേഷണവിഭാഗം റിപ്പോര്‍ട്ടു നല്‍കിയതിനെത്തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ നിര്‍ദേശാനുസരണമാണ് സുരക്ഷ ഏര്‍പ്പെടുത്തിയതെന്ന് ഐ.ജി. സന്തോഷ് മെഹ്‌റ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.

ശ്രീസത്യസായി സെന്‍ട്രല്‍ ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടുകളുടെ ചെക്കുകള്‍ ഒപ്പിടാന്‍ ചുമതലപ്പെടുത്തിയിരിക്കുന്ന രണ്ടുപേരിലൊരാളാണ് അഞ്ചുവയസ്സുമുതല്‍ സ്വാമിക്കൊപ്പമുള്ള സത്യജിത്ത്. ട്രസ്റ്റ് സെക്രട്ടറി ചക്രവര്‍ത്തിയാണ് രണ്ടാമന്‍. ഇവര്‍ സംയുക്തമായി ഒപ്പിട്ടാലേ ചെക്ക് ബാങ്ക് പാസാക്കുകയുള്ളൂ. അതേസമയം, സത്യജിത്ത് ഇതുവരെ ട്രസ്റ്റ് അംഗവുമല്ല. ഇതിനുപുറമേ അദ്ദേഹത്തിനെതിരെ ട്രസ്റ്റിലെത്തന്നെ ഒരു വിഭാഗം ചില ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്നും ഐ.ജി. പറഞ്ഞു.

ബാബയുടെ ഭക്ഷണകാര്യങ്ങളില്‍ സത്യജിത്ത് വേണ്ടത്ര ശ്രദ്ധിച്ചിരുന്നില്ലെന്നതാണ് ഒരാരോപണം. ഹൃദയമിടിപ്പ് അപകടകരമായ നിലയില്‍ താഴ്ന്ന് മാര്‍ച്ച് 28ന് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുന്നതിനുമുന്‍പും ബാബയ്ക്ക് സെഡേറ്റീവ് മരുന്നുകള്‍ കൊടുത്തിരുന്നതായും ആരോപണമുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കാനോ നിഷേധിക്കാനോ അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാര്‍ തയ്യാറായിട്ടില്ല. ഇതും ഭീഷണിക്ക് കാരണമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അതിനിടെ, ബാബയുടെ ഭൗതികശരീരം പൊതുദര്‍ശനത്തിനുവെച്ചിരുന്ന കുല്‍വന്ത് ഹാളില്‍ സദാസമയവും ഉണ്ടായിരുന്ന സത്യജിത്തിനെ തിങ്കളാഴ്ച രാത്രിമുതല്‍ പൊതുവേദിയില്‍ കണ്ടിട്ടില്ല. പ്രശാന്തി നിലയത്തില്‍നിന്ന് പുറത്തേക്ക് പോകരുതെന്നും തത്കാലം പൊതുവേദികളില്‍ പ്രത്യക്ഷപ്പെടരുതെന്നും പോലീസ് അദ്ദേഹത്തെ ഉപദേശിച്ചതായാണറിയുന്നത്.

40,000 കോടി രൂപയോളം ആസ്തിയുള്ള ശ്രീസത്യസായി സെന്‍ട്രല്‍ ട്രസ്റ്റിന്റെ ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലി ബാബയുടെ സഹോദരന്റെ മകനും ട്രസ്റ്റംഗവുമായ രത്‌നാകറുമായി സത്യജിത്തിന് അഭിപ്രായ വ്യത്യാസങ്ങളുണ്ട്. സത്യജിത്തിന് ട്രസ്റ്റിന്റെ നടത്തിപ്പില്‍ കൂടുതല്‍ പങ്കാളിത്തം നല്‍കണമെന്നും ട്രസ്റ്റംഗമാക്കണമെന്നും ബാബതന്നെ നേരത്തേ നിര്‍ദേശിച്ചിരുന്നതാണ്. അതേസമയം, സത്യജിത്തിനെതിരെ ഇപ്പോള്‍ ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്നതും വധഭീഷണിയുണ്ടായതും ട്രസ്റ്റിലെ അധികാരത്തര്‍ക്കവുമായി ബന്ധപ്പെട്ടാണെന്ന് സൂചനയുണ്ട്.




saibaba-adaranjalikal ganangal
saibaba-video gallery


മറ്റു വാര്‍ത്തകള്‍

  12 3 4 »

 

Discuss