Mathrubhumi Logo
saibaba-1   saibaba-2

രാഷ്ട്രനേതാക്കളുടെ ആദരം

Posted on: 27 Apr 2011

* പ്രധാനമന്ത്രിയും സോണിയാഗാന്ധിയും ബാബയ്ക്ക് പ്രണാമമര്‍പ്പിച്ചു
* ബാബയെ ഇന്ന് സമാധിയിരുത്തും


പുട്ടപര്‍ത്തി: വിശ്വപ്രേമത്തിന്റെ മഹാപുരുഷനെ ഒരു നോക്കുകാണാന്‍ ചൊവ്വാഴ്ചയും പുരുഷാരം പ്രശാന്തിനിലയത്തിലേക്ക് പ്രവഹിച്ചു. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമുള്‍പ്പെടെയുള്ള പ്രമുഖര്‍ ബാബയുടെ ഭൗതിക ശരീരത്തിന് മുന്നില്‍ നമ്രശിരസ്‌കരായി ആദരാഞ്ജലി അര്‍പ്പിച്ചു . സത്യസായിബാബയുടെ സമാധിയിരുത്തല്‍ ബുധനാഴ്ച നടക്കും. ചടങ്ങുകള്‍ രാവിലെ 7.30 ന് പ്രശാന്തിനിലയത്തിലെ സായികുല്‍വന്ത് ഹാളില്‍ നടക്കും.

ചൊവ്വാഴ്ച വൈകിട്ട് പ്രത്യേക വിമാനത്തില്‍ പുട്ടപര്‍ത്തി സത്യസായി വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയും സോണിയാഗാന്ധിയും അഞ്ചു മണിയോടെയാണ് പ്രശാന്തി നിലയത്തിലെത്തിയത്. ആന്ധ്രാമുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി, കേന്ദ്രമന്ത്രി എസ്. എം. കൃഷ്ണ, കോണ്‍ഗ്രസ് നേതാവ് അംബികാസോണി എന്നിവരും പ്രധാനമന്ത്രിയോടൊപ്പമുണ്ടായിരുന്നു. സായി കുല്‍വന്ത്ഹാളില്‍ ബാബയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചതിനു ശേഷം പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും സോണിയാഗാന്ധിയും പത്തു മിനിറ്റോളം മൃതദേഹത്തിനു സമീപം ഇരുന്നു .

തുടര്‍ന്ന് സത്യസായി സേവാസമിതി അഖിലേന്ത്യാ പ്രസിഡന്റ് വി. ശ്രീനിവാസന്‍ സത്യസായി സെന്‍ട്രല്‍ ട്രസ്റ്റ് അംഗവും ബാബയുടെ സഹോദരന്റെ മകനുമായ രത്‌നാകറിനെ പ്രധാനമന്ത്രിക്കും സോണിയാഗാന്ധിക്കും പരിചയപ്പെടുത്തി . 1995-ല്‍ ധനകാര്യ മന്ത്രിയായിരിക്കെ പ്രധാനമന്ത്രിയോടൊപ്പവും കഴിഞ്ഞ വര്‍ഷം നടന്ന സത്യസായി സര്‍വകലാശാലാ ബിരുദദാനച്ചടങ്ങിലും മന്‍മോഹന്‍സിങ് പങ്കെടുത്തിരുന്നു.

ബാബയോടൊപ്പം വേദി പങ്കിട്ട സ്മരണയുമായാണ് മന്‍മോഹന്‍സിങ് മൂന്നാം തവണ പ്രശാന്തി നിലയത്തിലെത്തിയത്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി, വി.എച്ച്.പി. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അശോക് സിംഘല്‍ , ജനതാദള്‍ നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡ, എച്ച്.ഡി. കുമാരസ്വാമി, റെയില്‍വേ സഹമന്ത്രി മുനിയപ്പ, ക്രിക്കറ്റ് താരം അര്‍ജുന രണതുംഗെ, സ്വാമി നിത്യാനന്ദ എന്നിവരും ബാബയ്ക്ക് ആദരാഞ്ജലിയര്‍പ്പിക്കാന്‍ എത്തി .

പ്രധാനമന്ത്രിയുടെ വരവിനെത്തുടര്‍ന്ന് സുരക്ഷ കര്‍ശനമാക്കിയതിനാല്‍ ദര്‍ശനത്തിന് അല്പം നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഭക്തജനങ്ങളുടെ പ്രവാഹം കണക്കിലെടുത്ത് ദര്‍ശന സമയം രാത്രി 12 മണി വരെ നീട്ടി. നേരത്തേ വൈകിട്ട് ആറുമണിക്ക് അവസാനിപ്പിക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്.

അയല്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള ഭക്തരുടെ ഒഴുക്ക് ചൊവ്വാഴ്ചയാണ് വര്‍ധിച്ചത്. വിവിധ സംസ്ഥാനങ്ങള്‍ പുട്ടപര്‍ത്തിയിലേക്ക് പ്രത്യേക ബസ്സുകള്‍ ഏര്‍പ്പെടുത്തിയതിനാല്‍ ദര്‍ശനത്തിന് എത്തുന്ന ഭക്തരുടെ എണ്ണം കൂടിവരികയാണ്. പലര്‍ക്കും ദര്‍ശനം സാധിക്കുകയില്ലെന്ന കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ പന്ത്രണ്ടു മണിക്ക് ശേഷം ദര്‍ശനം അനുവദിക്കാന്‍ കഴിയില്ലെന്നായിരുന്നു അനന്തപുര്‍ എസ്.പി. ഷഹനാസ് കസിമിന്റെ മറുപടി.






saibaba-adaranjalikal ganangal
saibaba-video gallery


മറ്റു വാര്‍ത്തകള്‍

  12 3 4 »

 

Discuss