Mathrubhumi Logo
saibaba-1   saibaba-2

ബാബയുടെ സന്ദേശം പ്രാവര്‍ത്തികമാക്കി ഭക്തര്‍

Posted on: 26 Apr 2011

പുട്ടപര്‍ത്തി: ''എല്ലാവരെയും സ്‌നേഹിക്കൂ സേവന തത്പരരാകൂ'' എന്ന ബാബയുടെ സന്ദേശം പുട്ടപര്‍ത്തിയിലെ ജനങ്ങള്‍ സ്വന്തം പ്രവൃത്തിയിലൂടെ പ്രാവര്‍ത്തികമാക്കുകയാണ്. ബാബയുടെ ദേഹവിയോഗം അറിഞ്ഞ് രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും ജനലക്ഷങ്ങള്‍ ഒഴുകിയെത്തിയപ്പോള്‍ അവര്‍ക്കാവശ്യമായ ഭക്ഷണവും വെള്ളവും സൗജന്യമായി നല്‍കുകയാണ് ഇവിടത്തെ സായി ഭക്തര്‍ . സത്യസായി സേവാ സമിതിയാണ് ഭക്ഷണ വിതരണത്തിന് നേതൃത്വം നല്‍കുന്നത് . പ്രശാന്തിനിലയത്തിന് മുന്നിലുള്ള ഛത്രാവതി റോഡില്‍ പുട്ടപര്‍ത്തിയിലെ കടക്കാര്‍ ഒത്തൊരുമിച്ച് തിങ്കളാഴ്ച മുതല്‍ ആരംഭിച്ച സൗജന്യ ഭക്ഷണശാലയില്‍ ഇതുവരെ രണ്ടുലക്ഷത്തിലധികം പേര്‍ക്ക് ഭക്ഷണം നല്‍കി ക്കഴിഞ്ഞു . ''മാനവസേവയാണ് മാധവസേവ''യെന്ന സത്യസായി ബാബയുടെ സന്ദേശം ഇവരിലൂടെ ഇവിടെ പ്രാവര്‍ത്തികമാകുകയാണ്.
''നിങ്ങള്‍ എന്തിന് ഭയപ്പെടണം. നിങ്ങള്‍ വിളിച്ചാല്‍ നിങ്ങളുടെ ഗ്രാമങ്ങളില്‍ ഞാനെത്തുമെന്ന ബാബയുടെ വാക്കുകള്‍ ഇന്നും കാതില്‍ മുഴങ്ങുന്നുണ്ട് . ബാബയുടെ ശക്തിയിലാണ് ഇതെല്ലാം ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നത്''-പുട്ടപര്‍ത്തിയില്‍ ഹോട്ടല്‍ നടത്തുന്ന ഹൈദരാബാദ് സ്വദേശി സത്യപാല്‍ പറഞ്ഞു.

ബാബ സമാധിയായതിനെത്തുടര്‍ന്ന് നഗരത്തിലെ ഹോട്ടലുകളെല്ലാം അടച്ചിട്ടിരുന്നു. ഹോട്ടലിലെ സാധനങ്ങള്‍ കൊണ്ടുവന്നാണ് പലരും ഷെഡ് കെട്ടി ഭക്ഷണം പാകം ചെയ്യുന്നത്. അതോടൊപ്പം മോരുംവെള്ളവും വിതരണം ചെയ്യുന്നുണ്ട്. ''ഭക്ഷണത്തിന് യാതൊരു നിയന്ത്രണവുമില്ല. വിശപ്പ് മാറുന്നതുവരെ ഭക്ഷണം കഴിക്കാം'' കേന്ദ്രത്തിന് നേതൃത്വം നല്‍കുന്ന ചെന്നമണിയമ്മ പറഞ്ഞു. പ്രശാന്തി നിലയത്തിന് ചുറ്റും 32-ലധികം ഭക്ഷണ കേന്ദ്രങ്ങളാണ് സത്യസായിസേവാസമിതി ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതോടൊപ്പം വാഹനങ്ങളിലും ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. വീടുകളില്‍നിന്ന് ഭക്ഷണം പാകംചെയ്ത് കൊണ്ടുവന്ന് റോഡരികില്‍ വിതരണം ചെയ്യുന്ന വീട്ടമ്മമാരും പുട്ടപര്‍ത്തിയിലെ കാഴ്ചയാണ്. നൂറിലധികം കുടിവെള്ള ബൂത്തുകളാണുള്ളത് . ഇതിനും സ്ത്രീകളാണ് നേതൃത്വം നല്‍കുന്നത്. വിദേശികളടക്കമുള്ളവര്‍ക്ക് ഭക്ഷണത്തിനായുള്ള ഏക ആശ്രയവും ഇത്തരം കേന്ദ്രങ്ങളാണ്. ''ഞങ്ങള്‍ ഇവിടെ വന്നിട്ട് നാലുദിവസമായി. ആദ്യ ദിവസം പട്ടിണി തന്നെയായിരുന്നു. ഇപ്പോള്‍ ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന ഞങ്ങള്‍ കഴിയുന്നത് സൗജന്യ ഭക്ഷണം കൊണ്ടാണ്. ബാബയുടെ സമാധിയിരുത്തലിനുശേഷം നാട്ടിലേക്ക് മടങ്ങും''-വടകര സ്വദേശിയായ അനീഷ് പറഞ്ഞു.
ബാബയുടെ സമാധിവിവരമറിഞ്ഞ് ഭക്തര്‍ ആദ്യം തകര്‍ന്നുപോയെങ്കിലും പിന്നീട് അദ്ദേഹത്തിന്റെ സന്ദേശം പ്രാവര്‍ത്തികമാക്കാന്‍ രംഗത്തിറങ്ങുകയായിരുന്നു. പലരും ബാബയെ സന്ദര്‍ശിക്കാനെത്തുകയും പിന്നീട് ബാബയുടെ നിര്‍ദേശപ്രകാരം പുട്ടപര്‍ത്തിയില്‍ത്തന്നെ താമസമാക്കുകയും ചെയ്തവരാണ്. ഇങ്ങനെ പുട്ടപര്‍ത്തിയില്‍ സ്ഥിരതാമസമാക്കിയ നൂറുകണക്കിന് മലയാളി കുടുംബങ്ങള്‍ ഉണ്ട് . ഇതില്‍ പലരും നല്ലനിലയിലുമായി. ''ഒരു ടാക്‌സി ഡ്രൈവറായാണ് ഞാന്‍ പുട്ടപര്‍ത്തിയിലെത്തിയത്. ബാബയാണ് ഹോട്ടല്‍ തുടങ്ങാന്‍ നിര്‍ദേശിച്ചത്. ബാബയുടെ അനുഗ്രഹത്താല്‍ അതില്‍ വിജയിക്കുകയും ചെയ്തു''-മലപ്പുറം അരീക്കോട് സ്വദേശി അരവിന്ദ് പറഞ്ഞു. ഇത്തരം അനുഭവങ്ങള്‍ പലര്‍ക്കും പറയാനുണ്ട്. പലരും ബാബ സമാധിയായെന്ന് വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. ബാബ തന്ന നിര്‍ദേശത്തിന്റെ കരുത്തില്‍ പുട്ടപര്‍ത്തിയില്‍ത്തന്നെ തങ്ങാനാണ് ഭൂരിഭാഗം പേരുടെയും തീരുമാനം. അതോടൊപ്പം ഇവര്‍ക്ക് ആശങ്കകളുമുണ്ട്. ബാബയെ കാണാനെത്തുന്നവരുടെ പിന്‍ബലത്തിലാണ് പുട്ടപര്‍ത്തിയില്‍ കച്ചവടസ്ഥാപനങ്ങള്‍ കെട്ടിപ്പടുത്തത് . അതാണ് പലരുടെയും ആശങ്കയ്ക്കുകാരണം.

ബാബയുടെ ദൗത്യം ഏറ്റെടുത്തു നടപ്പാക്കും -സത്യസായി ട്രസ്റ്റ്


പുട്ടപര്‍ത്തി: സത്യസായി ബാബയുടെ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ശ്രീ സത്യസായി സെന്‍ട്രല്‍ ട്രസ്റ്റ് വ്യക്തമാക്കി. ബാബയുടെ ദേഹവിയോഗശേഷം നടന്ന ആദ്യയോഗത്തില്‍ അംഗീകരിച്ച പ്രമേയത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ബാബയ്ക്ക് പ്രമേയം അന്ത്യാഞ്ജലി അര്‍പ്പിച്ചു. ''ബാബയുടെ അഭാവത്തില്‍ ഞങ്ങള്‍ക്കു മുന്നിലുള്ള ദൗത്യം സങ്കീര്‍ണവും ബൃഹത്തുമാണ്. എങ്കിലും അദ്ദേഹം തുടങ്ങിവെച്ച പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്താന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഈ ദൗത്യത്തില്‍ അദ്ദേഹം വഴി കാട്ടുമെന്ന വിശ്വാസം ഞങ്ങള്‍ക്കുണ്ട്''-പ്രമേയത്തില്‍ പറയുന്നു.
ബാബയുടെ മരുമകനും ട്രസ്റ്റംഗവുമായ ആര്‍.ജെ. രത്‌നാകറാണ് പ്രമേയത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്.



saibaba-adaranjalikal ganangal
saibaba-video gallery


മറ്റു വാര്‍ത്തകള്‍

  12 3 4 »

 

Discuss