Mathrubhumi Logo
saibaba-1   saibaba-2

വെയിലും ചൂടും മറന്ന് ബാബയെ കാണാന്‍ ലക്ഷങ്ങള്‍

Posted on: 26 Apr 2011

പുട്ടപര്‍ത്തി:പ്രിയപ്പെട്ട ബാബയെ അവസാനമായൊന്നു കാണാന്‍ വയനാട്ടിലെ ബത്തേരിയില്‍നിന്ന് പുലര്‍ച്ചെ പുറപ്പെട്ടതാണ് അറുപത്തിനാലുകാരനായ കൃഷ്ണനുണ്ണിയും സുഹൃത്ത് രാമചന്ദ്രനും. ബാംഗ്ലൂര്‍ മെജസ്റ്റിക് റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഉച്ചയ്ക്കു രണ്ടിനു തിരിക്കുന്ന പ്രശാന്തി എക്‌സ്പ്രസ്സില്‍ പുട്ടപര്‍ത്തിയിലെത്താനായിരുന്നു പദ്ധതി. പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുമ്പേ സൂചികുത്താനിടമില്ലാത്തവിധം ട്രെയിന്‍ നിറഞ്ഞു. അതില്‍ക്കയറാനാവാതെ വാവിട്ടുകരയുകയാണ് ബാബയെ കാണാന്‍ പുറപ്പെട്ട ഭക്തകളും കുട്ടികളും.

പുട്ടപര്‍ത്തിയിലെത്തിയവരാകട്ടെ, എരിവെയിലിലും കൊടും ചൂടിലും മണിക്കൂറുകള്‍ ക്യൂനിന്നാണ് പ്രശാന്തിനിലയത്തിലെ കുല്‍വന്ത് ഹാളില്‍ കിടത്തിയിരിക്കുന്ന ബാബയുടെ ഭൗതികശരീരം ദര്‍ശിക്കുന്നത്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെയും വരവു മൂലം ഏര്‍പ്പെടുത്തിയിരിക്കുന്ന കനത്ത കാവല്‍ അവര്‍ക്ക് ഒരുപരിധിവരെ ബുദ്ധിമുട്ടാകുന്നുണ്ട്. തിങ്കളാഴ്ച രാത്രി വൈകിയും മൂന്നു കി.മീ. ദൂരത്തില്‍ ഭക്തര്‍ ദര്‍ശനം കാത്ത് ക്യൂ നില്‍ക്കുകയാണ്. ഇരുപത്തിനാല് മണിക്കൂറും ദര്‍ശനം അനുവദിച്ചിട്ടുണ്ട്.

ദുഃഖാചരണത്തിന്റെ ഭാഗമായി കടകളടച്ചിട്ടിരിക്കുന്നത് ഭക്തരുടെ ദുരിതമേറ്റുന്നു. കുടിവെള്ളം കിട്ടാന്‍ ബുദ്ധിമുട്ട്. വഴിവാണിഭക്കാരാകട്ടെ അവസരം മുതലാക്കി ഇരട്ടിവില ഈടാക്കുന്നു. നാട്ടുകാരായ ഭക്തരുടെ കുടിവെള്ളവിതരണം അല്പം ആശ്വാസം നല്‍കുന്നുണ്ട്. ചൊവ്വാഴ്ച മുതല്‍ പ്രശാന്തിനിലയത്തിനു മുമ്പില്‍ നാട്ടുകാരായ കച്ചവടക്കാര്‍ സൗജന്യമായി ഭക്ഷണം വിതരണം ചെയ്യും. ദിവസം 50,000 പേര്‍ക്ക് ഭക്ഷണം വിളമ്പാനാണ് പരിപാടി. ബാബയെ അവസാനമായി കാണാനെത്തുന്നവര്‍ക്ക് ഭക്ഷണം നല്‍കുന്നതിനെക്കാള്‍ വലിയ പുണ്യമില്ലെന്ന് ഇതിനു നേതൃത്വം നല്‍കുന്ന രാമവജി പറഞ്ഞു. പ്രശാന്തിനിലയത്തിനു മുമ്പില്‍ ബാബയുടെ രൂപവും കലണ്ടറുമൊക്കെ വില്‍ക്കുന്ന കടനടത്തുകയാണ് ഈ ചെറുപ്പക്കാരന്‍. ഭക്തരുമായെത്തിക്കൊണ്ടിരിക്കുന്ന വാഹനങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ് ഈ ചെറുപട്ടണമിപ്പോള്‍. ബാംഗ്ലൂര്‍ പുട്ടപര്‍ത്തി റോഡില്‍ ബദനികതണ്ടെ മുതല്‍ വണ്‍വേ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ബസ്സുകള്‍ക്ക് പുട്ടപര്‍ത്തിയില്‍നിന്ന് മൂന്നുകിലോമീറ്റര്‍ അകലെ ബ്രാഹ്മണപ്പള്ളി വരെ പോകാനേ അനുവാദമുള്ളൂ. വിവിധ സംസ്ഥാനങ്ങളില്‍നിന്നെത്തുന്ന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസ്സുകള്‍ക്കായി ബ്രാഹ്മണപ്പള്ളിയില്‍ താത്കാലിക ബസ്സ്റ്റാന്‍ഡ് തുറന്നിട്ടുണ്ട്. ഇവിടെനിന്ന് ബാംഗ്ലൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് 24 മണിക്കൂറും ബസ് സര്‍വീസും തുടങ്ങി.

സ്വകാര്യബസ്സുകളും വാനുകളും ബ്രാഹ്മണപ്പള്ളിയില്‍ തടയുകയാണ്. എന്നാല്‍ കാറുകളും ഓട്ടോറിക്ഷകളും ചിത്രാവതി വരെ പോകാന്‍ അനുവദിക്കുന്നുണ്ട്. അവിടെയിറങ്ങി പ്രശാന്തിനിലയത്തിലേക്ക് കാല്‍നടയായി പോവുകയേ വഴിയുള്ളൂ. വാഹനങ്ങള്‍ വന്നു നിറയാന്‍ തുടങ്ങിയതോടെ പാര്‍ക്കിങ്ങും പ്രശ്‌നമായിമാറുകയാണ്. ചിത്രാവതിനദിക്കരയിലെ എല്ലാ വീടുകളുടെയും മുറ്റം പാര്‍ക്കിങ് ഗ്രൗണ്ടായി മാറ്റിയിട്ടും വാഹനങ്ങള്‍ വഴിയില്‍ കാത്തുകിടക്കേണ്ട അവസ്ഥയാണ്.

അപ്രതീക്ഷിതമായി ലക്ഷക്കണക്കിനുപേര്‍ എത്താന്‍തുടങ്ങിയതോടെ ഹോട്ടലുകളിലും ലോഡ്ജുകളിലും മുറി കിട്ടാനില്ല. മുന്തിയ ഹോട്ടലുകളിലെ മുറികളൊക്കെ വിദേശികളായ അനുയായികള്‍ ബുക്കുചെയ്തുകഴിഞ്ഞു. അവരൊക്കെ ബാബയുടെ സമാധിയിരുത്തല്‍ ചടങ്ങ് കഴിഞ്ഞേ മടങ്ങുകയുമുള്ളൂ. ബാക്കി ലോഡ്ജുകളൊക്കെ തരംപോലെയാണ് വാടകയീടാക്കിക്കൊണ്ടിരിക്കുന്നത്. പ്രശാന്തിനിലയത്തിനുള്ളിലെ ഹാളുകളാണ് സാധാരണക്കാരായ ഭക്തര്‍ക്ക് അന്തിയുറങ്ങാന്‍ ആശ്രയം.



saibaba-adaranjalikal ganangal
saibaba-video gallery


മറ്റു വാര്‍ത്തകള്‍

  12 3 4 »

 

Discuss