Mathrubhumi Logo
saibaba-1   saibaba-2

ബാബയ്ക്ക് ജനസഹസ്രങ്ങളുടെ അശ്രുപൂജ

Posted on: 26 Apr 2011

പ്രധാനമന്ത്രിയും സോണിയാഗാന്ധിയും ഇന്നെത്തും
വൈകിട്ട് ആറുവരെ പൊതുദര്‍ശനം
നാളെ ഒമ്പതരയോടെ സമാധിയിരുത്തല്‍


പുട്ടപര്‍ത്തി (ആന്ധ്ര): വിശ്വപ്രേമത്തിന്റെ മഹാപുരുഷനെ അവസാനമായി ഒരു നോക്കുകാണാന്‍ ജനസഹസ്രങ്ങള്‍. ഒരു കൈവഴിയായി അവരൊഴുകി, ഒരേ മനസ്സോടെ. സാധാരണക്കാര്‍ തൊട്ട് അതിവിശിഷ്ട വ്യക്തികളുടെ പട്ടികയിലുള്‍പ്പെടുന്നവര്‍ വരെ. രാഷ്ട്രീയ നേതാക്കള്‍, ക്രിക്കറ്റ് താരങ്ങള്‍, പിന്നണി ഗായകര്‍, ചലച്ചിത്രതാരങ്ങള്‍...പ്രേമസ്വരൂപിയായ സത്യസായി ബാബയുടെ കാവി വസ്ത്രത്തില്‍ പൊതിഞ്ഞ ചേതനയറ്റ ശരീരം കണ്ടപ്പോള്‍ ഭക്തര്‍ വിങ്ങിപ്പൊട്ടി. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറും തെന്നിന്ത്യയുടെ പ്രിയ ഗായിക പി. സുശീലയും ബാബയുടെ മൃതദേഹത്തിന് മുന്നില്‍ വിതുമ്പി.

ഭജനയും പ്രാര്‍ഥനയും നിറഞ്ഞുനില്‍ക്കുന്ന അന്തരീക്ഷത്തില്‍ ബാബയില്‍ മനസ്സര്‍പ്പിച്ച് ഭക്തര്‍ നിരനിരയായി നീങ്ങിയപ്പോള്‍ പ്രശാന്തിനിലയം ജനസാഗരമായി. വി.ഐ.പി.കളുള്‍പ്പെടെയുള്ളവര്‍ മണിക്കൂറുകളോളം വരിനിന്നു.ബാബയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും ചൊവ്വാഴ്ചയെത്തും. പ്രത്യേക വിമാനത്തില്‍ വൈകുന്നേരം നാലരയോടെ സത്യസായി വിമാനത്താവളത്തിലെത്തുന്ന ഇവര്‍ നേരെ പ്രശാന്തി നിലയത്തിലെത്തി ബാബയ്ക്ക് ആദരാഞ്ജലിയര്‍പ്പിക്കും. ബി.ജെ.പി. നേതാവ് എല്‍.കെ. അദ്വാനിയും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയും വൈകിട്ട് എത്തുന്നുണ്ട്.

പ്രശാന്തി നിലയത്തിലെ കുല്‍വന്ത് ഹാളില്‍ ചൊവ്വാഴ്ച വൈകിട്ട് ആറ് വരെ ബാബയുടെ മൃതദേഹം പൊതുദര്‍ശനത്തിനായി വെക്കും . ബുധനാഴ്ച രാവിലെ പത്തിന് സംസ്ഥാന ബഹുമതിയോടെ സമാധിയിരുത്തും. അനന്തപുര്‍ ജില്ലയില്‍ പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. സമാധിയിരുത്തലിനുള്ള ഒരുക്കങ്ങള്‍ പ്രശാന്തിനിലയത്തില്‍ തുടങ്ങിയിട്ടുണ്ട്. സായി കുല്‍വന്ത് ഹാളില്‍ ബാബ പ്രാര്‍ഥനയില്‍ പങ്കെടുത്തിരുന്ന സഭാ മണ്ഡപത്തില്‍ത്തന്നെയാണ് സമാധിയിരുത്തുന്നത്.

മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചതും ഇതേ സ്ഥലത്താണ്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സുനില്‍ ഗാവസ്‌കറും ഭാര്യയും പ്രണാമമര്‍പ്പിക്കാനെത്തി. ക്രിക്കറ്റ്താരങ്ങളായ ശ്രീശാന്ത്, വി.വി.എസ്. ലക്ഷ്മണ്‍, യോഗാ ഗുരു ബാബ രാംദേവ്, കേന്ദ്രമന്ത്രിമാരായ വിലാസ്‌റാവു ദേശ്മുഖ്, പ്രഫുല്‍ പട്ടേല്‍ തുടങ്ങിയവരുമെത്തി.

ബാബയുടെ കുടുംബാംഗങ്ങള്‍, സഹോദരന്‍ ജാനകി രാമയ്യയുടെ മകനും ശ്രീ സത്യസായി സെന്‍ട്രല്‍ ട്രസ്റ്റ് അംഗവുമായ രത്‌നാകര്‍, ബാബയുടെ ശിഷ്യനും സന്തത സഹചാരിയുമായ സത്യജിത്ത് എന്നിവര്‍ ബാബയുടെ മൃതദേഹത്തിനരികില്‍ത്തന്നെയുണ്ട്. അന്ത്യകര്‍മങ്ങള്‍ക്കുവേണ്ട ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതും ഇവരാണ്.

ചെറുപ്പത്തില്‍ പ്രശാന്തി നിലയത്തിലെത്തി വേദ പണ്ഡിതനായ കൊയിലാണ്ടി സ്വദേശി വേദനാരായണനായിരിക്കും അന്ത്യകര്‍മങ്ങളില്‍ വേദപാരായണത്തിന് നേതൃത്വം നല്‍കുക. ബാബയെ സമാധിയിരുത്തുന്നത് സംബന്ധിച്ച അന്തിമ തീരുമാനം ചൊവ്വാഴ്ച വൈകുന്നേരം എടുക്കുമെന്ന് ശ്രീ സത്യസായി സെന്‍ട്രല്‍ ട്രസ്റ്റ് അധികൃതര്‍ അറിയിച്ചു.



saibaba-adaranjalikal ganangal
saibaba-video gallery


മറ്റു വാര്‍ത്തകള്‍

  12 3 4 »

 

Discuss