ബാബ ഇനി ലോക മനസ്സില്‍
പി. സുനില്‍കുമാര്‍ Posted on: 25 Apr 2011

ഹൃദയമിടിപ്പ് അപകടകരമായ നിലയില്‍ കുറഞ്ഞതിനെത്തുടര്‍ന്ന് മാര്‍ച്ച് 28-നാണ് സത്യസായിബാബയെ പുട്ടപര്‍ത്തിയിലെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഇരുപത്തേഴുദിവസമായി ആസ്പത്രിയിലായിരുന്ന ബാബയുടെ ആരോഗ്യനില ഇടയ്ക്ക് മെച്ചപ്പെട്ടിരുന്നെങ്കിലും കഴിഞ്ഞ ചൊവ്വാഴ്ചയോടെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം മോശമാവുകയാണുണ്ടായത്. അതോടെ ലോകമെങ്ങുമുള്ള അനുയായികള്‍ പ്രാര്‍ഥനയിലും ഉപവാസത്തിലും മുഴുകി. ശനിയാഴ്ച രാത്രിയോടെ കടുത്ത ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്ത്യം സംഭവിക്കുകയാണുണ്ടായതെന്ന് ശ്രീ സത്യസായി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഡയറക്ടര്‍ ഡോ. എ.എന്‍. സഫായ പറഞ്ഞു. ബാബ സമാധിയായ വിവരമറിയിച്ചുകൊണ്ടുള്ള പത്രക്കുറിപ്പ് ഞായറാഴ്ച രാവിലെ 10.15-ഓടെയാണ് പുറത്തിറങ്ങിയത്. രാവിലെ അഞ്ചുമണിയോടെ തന്നെ ബന്ധുക്കള്‍ ആസ്പത്രിയിലെത്തിയിരുന്നു. ഉച്ചയ്ക്ക് 2.50-ഓടെ ഭൗതികശരീരം സത്യസായി ആസ്പത്രിയില്‍ നിന്ന് ആംബുലന്‍സില്‍ വിലാപയാത്രയായി പുറപ്പെട്ടു. മൂന്നു മണിയോടെ പ്രശാന്തി നിലയത്തിലെത്തിയപ്പോഴേക്കും ദുഃഖാര്‍ത്തരായ
ഭക്തര്‍ അവിടെ തടിച്ചുകൂടിയിരുന്നു. പലരും പൊട്ടിക്കരഞ്ഞുകൊണ്ടാണ് അന്ത്യോപചാരമര്‍പ്പിച്ചത്.
രാത്രി എട്ടു മണിയോടെ പ്രശാന്തിനിലയത്തിലെ സായി കുല്‍വന്ത് ഹാളില്‍ ബാബയുടെ ഭൗതികശരീരം പൊതുദര്‍ശനത്തിന് വെച്ചു. ചൊവ്വാഴ്ച വൈകുന്നേരം ആറുവരെ പൊതുദര്‍ശനത്തിന് സമയം അനുവദിക്കുമെന്ന് ആന്ധ്ര വ്യവസായ വകുപ്പ് മന്ത്രി ഗീതാ റെഡ്ഡി പറഞ്ഞു. ബാബയോടുള്ള ആദരസൂചകമായി മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി ആന്ധ്രയില്‍ മൂന്നുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ബുധനാഴ്ച അനന്തപുര്‍ ജില്ലയില്‍ പൊതു അവധിയും പ്രഖ്യാപിച്ചു.
ലോകമെങ്ങുമുള്ള ഭക്തര്‍ അവതാരപുരുഷനായിക്കണ്ട സത്യസായിബാബ കേവലമായ ഭക്തിക്കപ്പുറം ലോകമെങ്ങും നിസ്വാര്‍ഥ സേവനത്തിന്റെ കുട നിവര്‍ത്തിനില്‍ക്കുന്ന മഹാപ്രസ്ഥാനത്തിനു ജന്മം നല്‍കിയശേഷമാണ് വിടവാങ്ങിയത്. 1926 നവംബര്‍ 23-ന് ആന്ധ്രയിലെ പുട്ടപര്‍ത്തിയില്‍ പെണ്ടാവെങ്കപ്പരാജുവിന്റെയും ഈശ്വരമ്മയുടെയും മകനായി ജനിച്ച സത്യനാരായണയാണ് പില്‍ക്കാലത്ത് സത്യസായിബാബയായി മാറിയത്. ഷിര്‍ദിസായി ബാബയുടെ പുനര്‍ജന്മമായിട്ടാണ് വിശ്വാസികള്‍ സത്യസായി ബാബയെ കണ്ടിരുന്നത്. ഹിന്ദു, മുസ്‌ലിം , ക്രൈസ്തവ വിശ്വാസങ്ങളിലൂന്നിയ ഷിര്‍ദിസായിബാബയുടെ പ്രവര്‍ത്തനങ്ങള്‍ സത്യസായി ബാബയും ഉയര്‍ത്തിപ്പിടിച്ചു. സേവന, സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഇന്നും അനുപമമായ ഒരു മഹനീയ മാതൃകയാണ് സായി സേവാ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍. 2003-ല്‍ ഗുരുപൂര്‍ണിമ ദിനത്തില്‍ താന്‍ 96 വയസ്സുവരെ ജീവിക്കുമെന്നു ബാബ പ്രവചിച്ചിരുന്നു. എട്ടു വര്‍ഷത്തിനുശേഷം മൈസൂര്‍ ജില്ലയിലെ മാണ്ഡ്യയില്‍ പുനര്‍ജനിക്കുമെന്നും ബാബ പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം സമാധിയായെന്ന വാര്‍ത്ത വിശ്വസിക്കാന്‍ മിക്ക ഭക്തര്‍ക്കുമായിട്ടില്ല.
ലഭ്യമായതില്‍ വെച്ച് ഏറ്റവും മികച്ച ചികിത്സയാണ് സത്യസായിബാബയ്ക്കു നല്‍കിയതെന്ന് ആസ്പത്രി വൃത്തങ്ങള്‍ അറിയിച്ചു. സത്യസായി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹയര്‍ മെഡിക്കല്‍ സയന്‍സസിലെ വിദഗ്ധര്‍ക്കു പുറമെ വിദേശത്തുനിന്നുള്ള ഡോക്ടര്‍മാരുടെ സംഘവും ചികിത്സയ്ക്കുണ്ടായിരുന്നു . കൂടാതെ ആന്ധ്ര സംസ്ഥാന സര്‍ക്കാറും മെഡിക്കല്‍സംഘത്തെ നിയോഗിച്ചിരുന്നു. ആന്ധ്ര മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. രവിരാജിന്റെ സംഘമായിരുന്നു നേതൃത്വം നല്‍കിയിരുന്നത്. രക്തസമ്മര്‍ദവും ഹൃദയമിടിപ്പും കുറഞ്ഞതിനെത്തുടര്‍ന്ന് പേസ്‌മേക്കര്‍ മാറ്റിസ്ഥാപിക്കാന്‍ അമേരിക്കയില്‍ നിന്ന് ശനിയാഴ്ച വിദഗ്ധര്‍ എത്തിയെങ്കിലും ബാബയുടെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ആ ശ്രമം ഉപേക്ഷിച്ചു.
സത്യസായിബാബ സമാധിയായ വാര്‍ത്ത വന്നയുടനെത്തന്നെ ആന്ധ്ര മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി, ഗവര്‍ണര്‍ എസ്.എല്‍. നരസിംഹന്‍, മന്ത്രിമാരായ ഡോ. ഗീതാ റെഡ്ഡി, വെങ്കിട്ടരാമ റെഡ്ഡി എന്നിവര്‍ ആസ്പത്രിയിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു. സത്യസായി സെന്‍ട്രല്‍ ട്രസ്റ്റ് ബാബയുടെ നേതൃത്വത്തില്‍ നടപ്പാക്കിയ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും നടത്തുമെന്ന് മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി പത്രസമ്മേളനത്തില്‍ പറഞ്ഞു. കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ, ബി.ജെ.പി. അധ്യക്ഷന്‍ നിധിന്‍ ഗഡ്കരി, ആര്‍.എസ്. എസ്. മേധാവി മോഹന്‍ ഭാഗവത്, വി.എച്ച്.പി. നേതാവ് അശോക് സിംഘാല്‍ എന്നിവരും ആസ്പത്രിയില്‍ എത്തിയിരുന്നു. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചൗഹാന്‍, രാജസ്ഥാന്‍ ഗവര്‍ണര്‍ ശിവരാജ് പാട്ടീല്‍, കേന്ദ്രമന്ത്രിമാരായ എസ്.എം. കൃഷ്ണ, ബിലാസ്‌റാവു ദേശ്മുഖ്, ആന്ധ്ര പ്രതിപക്ഷനേതാവ് ചന്ദ്രബാബു നായിഡു എന്നിവര്‍ ബാബയ്ക്ക് അന്ത്യോപചാരമര്‍പ്പിക്കാനെത്തും.