നാല്‍പ്പതിനായിരം കോടിയുടെ സാമ്രാജ്യം ഇനി ആര് ഭരിക്കും
എന്‍.എസ്. ബിജുരാജ് Posted on: 25 Apr 2011

ബാംഗ്ലുര്‍: ഇന്ത്യയിലെ വലിയൊരു കോര്‍പ്പറേറ്റ് സ്ഥാപനത്തേക്കാള്‍ സ്വത്തും ആസ്തിയുമുള്ള ശ്രീസത്യസായി സെന്‍ട്രല്‍ ട്രസ്റ്റിന് ഇനിയാര് നേതൃത്വം കൊടുക്കും? ട്രസ്റ്റിനുള്ളില്‍ നടന്നുകൊണ്ടിരിക്കുന്ന അധികാരവടംവലി തുറന്നപോരിലേക്ക് പോകാതെ മാന്യമായ പരിഹാരം കാണുകയും സമാധാനപരമായി അധികാരം കൈമാറുകയുമാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ മുന്‍പിലുള്ള വെല്ലുവിളി. ഇതിനുള്ള ഫോര്‍മുലകള്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി പുട്ടപര്‍ത്തിയില്‍ നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകളിലൂടെ ഉരുത്തിരിഞ്ഞുവരികയാണ്. ആന്ധ്രാപ്രദേശ് സംസ്ഥാന സര്‍ക്കാറിന്റെ പ്രതിനിധികളാണ് ഈ ചര്‍ച്ചകളില്‍ മധ്യസ്ഥര്‍.
നാല്‍പ്പതിനായിരം കോടിരൂപയാണ് ശ്രീസത്യസായി ട്രസ്റ്റിന്റെ പേരിലുള്ള ആസ്തിയുടെ ഏകദേശമൂല്യം. സര്‍വകലാശാല, കോളേജുകള്‍, സ്‌കൂളുകള്‍, പുട്ടപര്‍ത്തിയിലും ബാംഗ്ലൂരിലുമായി രണ്ട് സൂപ്പര്‍ സ്‌പെഷാലിറ്റി ആസ്പത്രികള്‍, ഒരു സ്വകാര്യ വിമാനത്താവളം, മുംബൈ, ഹൈദരാബാദ്, ഡല്‍ഹി, ബാംഗ്ലൂര്‍, ഊട്ടി എന്നിവിടങ്ങളില്‍ ഉപ ആശ്രമങ്ങള്‍, ലോകത്ത് 160 രാജ്യങ്ങളിലായി 1300 ആത്മീയ കേന്ദ്രങ്ങള്‍ ഇങ്ങനെ കൃത്യമായി വില നിര്‍ണയിക്കാനാവാത്ത വലിയൊരു ആസ്തിയുടെ നിയന്ത്രണത്തിനുവേണ്ടിയാണ് ഇപ്പോള്‍ ട്രസ്റ്റംഗങ്ങള്‍ക്കിടയില്‍ പിടിവലി. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വലിയ ശേഖരം വേറെ. ട്രസ്റ്റിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് റിപ്പോര്‍ട്ടുകളൊന്നും ഇതുവരെ ആന്ധ്രാപ്രദേശ് സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ഉത്തരവിലൂടെ ഇത് ഒഴിവാക്കിക്കൊടുത്തിരുന്നു. സംഭാവനയായി അവിടേക്ക് ഒഴുകിയിരുന്ന പണത്തിന് നികുതിയൊടുക്കേണ്ടതുമില്ല. അതുകൊണ്ടുതന്നെ ട്രസ്റ്റിന്റെ ധനശേഷിയെക്കുറിച്ച് സംസ്ഥാന സര്‍ക്കാറിനും വ്യക്തമായ ധാരണയില്ല.
സത്യസായി ബാബയുടെ ഏറ്റവും അടുത്ത അനുയായിയായ സത്യജിത്തും ബാബയുടെ സഹോദരന്റെ മകനായ രത്‌നാകറും തമ്മിലാണ് ബാബയുടെ മരണത്തോടെ ഒഴിഞ്ഞുകിടക്കുന്ന ചെയര്‍മാന്‍ സ്ഥാനത്തിനുവേണ്ടി മത്സരിക്കുന്നത്. അഞ്ചുവയസ്സുമുതല്‍ ബാബയ്‌ക്കൊപ്പമുണ്ട് സത്യജിത്ത്. സ്വാമിയുടെ അന്ത്യദിവസങ്ങളിലൊക്കെ ആസ്പത്രിയില്‍ അദ്ദേഹത്തെക്കാണാന്‍ അനുവദിച്ചിരുന്നത് മുപ്പത്തിമൂന്നുകാരനായ ഈ എം.ബി.എ. ബിരുദധാരിയെ മാത്രമാണ്. ബാബയ്ക്ക് സത്യജിത്ത് ദത്തുപുത്രന്‍ തന്നെ. പക്ഷേ, അദ്ദേഹം ഇപ്പോള്‍ ട്രസ്റ്റ് അംഗമല്ല. സത്യജിത്തിന് ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സ്ഥാനം നല്‍കണമെന്ന് കഴിഞ്ഞവര്‍ഷം ബാബതന്നെ മറ്റ് ട്രസ്റ്റംഗങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
അച്ഛന്‍ ജാനകീരാമന്‍ മരിച്ചതിനെത്തുടര്‍ന്ന് 2005-ലാണ് രത്‌നാകര്‍ ട്രസ്റ്റിലംഗമാകുന്നത്. പുട്ടപര്‍ത്തിയില്‍ ടി.വി. കേബിള്‍ ശൃംഖലയും പെട്രോള്‍പമ്പും നടത്തിയിരുന്ന ഈ മുപ്പത്തിയൊന്‍പതുകാരന്‍ ബാബയുടെ സഹോദരന്റെ മകനായതുകൊണ്ടുതന്നെ ട്രസ്റ്റിലെ ഏറ്റവും ശക്തനുമാണ്. ബാബയുടെ ബന്ധുവായി ട്രസ്റ്റിലുള്ള ഏക അംഗവുമാണ് ഇദ്ദേഹം. ഈ ഘടകം തനിക്കനുകൂലമാക്കി മാറ്റാനാണ് രത്‌നാകറിന്റെയും അദ്ദേഹത്തെ അനുകൂലിക്കുന്ന ട്രസ്റ്റിലെ മറ്റംഗങ്ങളുടെയും ശ്രമം. മറ്റൊരു ശക്തികേന്ദ്രമായ സത്യസായി ട്രസ്റ്റ് സെക്രട്ടറി കെ. ചക്രവര്‍ത്തിയുടെ പിന്തുണ രത്‌നാകറിന് അനുകൂലമായ നിര്‍ണായക ഘടകമാണ്.
എന്നാല്‍, തന്റെ ബന്ധുക്കളെ ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ സത്യസായി ബാബ അധികം അനുവദിച്ചിരുന്നില്ല. അദ്ദേഹത്തിന് അതില്‍ വലിയ താത്പര്യമുണ്ടായിരുന്നില്ല. രത്‌നാകറിന് പ്രതികൂലമായി നീങ്ങുന്ന പ്രധാനഘടകം ഇതുതന്നെയാണ്. സത്യസായി ബാബയുടെ സന്തതസഹചാരിയായിരുന്നു സത്യജിത്ത്. എല്ലാകാര്യങ്ങളും അദ്ദേഹവുമായാണ് ബാബ ചര്‍ച്ചചെയ്തിരുന്നത്. സ്വാമിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരന്‍ എന്നുതന്നെ പറയാം-മധ്യസ്ഥ ചര്‍ച്ചകളില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ആന്ധ്രാപ്രദേശ് സര്‍ക്കാറിന്റെ ധനകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എല്‍.വി. സുബ്രഹ്മണ്യം പറഞ്ഞു. എന്നാല്‍, സര്‍ക്കാര്‍ ഇവരില്‍ ആരെയും പ്രത്യേകിച്ച് അനുകൂലിക്കുന്നില്ല. അനുയായികളുടെ സംഭാവനകളിലൂടെ പടുത്തുയര്‍ത്തിയ സ്ഥാപനങ്ങള്‍ സ്വകാര്യ വ്യക്തികളുടെ കൈയില്‍ പെട്ടുപോകാതിരിക്കുകയും നിയമപ്രശ്‌നങ്ങളില്‍പ്പെട്ട് തകരുകയും ചെയ്യുന്നത് ഒഴിവാക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. ''ആരാവണം പിന്തുടര്‍ച്ചക്കാരന്‍ എന്നത് ട്രസ്റ്റംഗങ്ങള്‍തന്നെ ചര്‍ച്ചചെയ്ത് തീരുമാനിക്കട്ടെ'' -സുബ്രഹ്മണ്യം പറഞ്ഞു.
മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പി.എന്‍. ഭഗവതി, സത്യസായി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ എസ്.വി. ഗിരി, വ്യവസായികളായ ഇന്ദുലാല്‍ ഷാ, ടി.വി.എസ്. മോട്ടോഴ്‌സിന്റെ വി. ശ്രീനിവാസന്‍ എന്നിവരാണ് ട്രസ്റ്റിലെ മറ്റംഗങ്ങള്‍.
പ്രശ്‌നങ്ങളും പരസ്യമായ വിഴുപ്പലക്കലുമില്ലാതെ പുതിയ ഭരണ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ആന്ധ്രാപ്രദേശ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാന എന്‍ഡോവ്‌മെന്റ് ഓര്‍ഗനൈസേഷന്‍ നിയമത്തിനുകീഴില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതിനാല്‍ അധികാരത്തര്‍ക്കം രൂക്ഷമായാല്‍ ട്രസ്റ്റിന്റെ ഭരണം പിടിച്ചെടുക്കാനുള്ള അധികാരം സര്‍ക്കാറിനുണ്ടെന്ന കാര്യവും ഭാരവാഹികളെ സര്‍ക്കാര്‍ ഒര്‍മിപ്പിച്ചിട്ടുണ്ട്. എന്നാല്‍, ട്രസ്റ്റിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ഇപ്പോള്‍ ആലോചിച്ചിട്ടില്ലെന്ന് ധനകാര്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എല്‍.വി. സുബ്രഹ്മണ്യം പറഞ്ഞു. തര്‍ക്കം തീരുന്നതുവരെ വലിയ തുകകള്‍ ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടുകളില്‍നിന്ന് പിന്‍വലിക്കരുതെന്ന് ധനകാര്യ സെക്രട്ടറി നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ബാബ ആസ്പത്രിയിലായതുമുതലുള്ള പണമിടപാടുകള്‍ സര്‍ക്കാര്‍ നിരീക്ഷണത്തിലുമാണ് നടക്കുന്നത്. ഉദ്യോഗസ്ഥരെക്കൂടാതെ മധ്യസ്ഥ ചര്‍ച്ചകളുടെ ചുമതല സംസ്ഥാന വ്യവസായ വകുപ്പുമന്ത്രി ഗീതാ റെഡ്ഡിക്കാണ്.
ട്രസ്റ്റിലെ അധികാരത്തര്‍ക്കത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാറിനും ആശങ്കയുണ്ട്. കേന്ദ്ര ധനകാര്യ വകുപ്പും ആഭ്യന്തരവകുപ്പും ഈ സംഭവവികാസങ്ങളെക്കുറിച്ച് വിവരങ്ങളാരാഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് ട്രസ്റ്റംഗംകൂടിയായ മുന്‍ ചീഫ് ജസ്റ്റിസ് ഭഗവതി കേന്ദ്രസര്‍ക്കാറിന് വിശദമായ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.